ചണ്ഡിഗഡ്: ഹരിയാനയിലെ നുഹിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിന്റെ മറവിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് രേഖകൾ നശിപ്പിക്കാൻ ശ്രമം. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രേഖകൾ, കലാപത്തിന്റെ മറവിൽ ഒരു സംഘം ആളുകൾ ആസൂത്രിതമായി നശിപ്പിച്ചെന്നാണു റിപ്പോർട്ട്.

നുഹിൽ രണ്ടു വർഷം മുൻപു സ്ഥാപിച്ച സൈബർ പൊലീസ് സ്റ്റേഷനിലായിരുന്നു ആക്രമണം. സൈബർ ആക്രമണങ്ങൾക്കു കുപ്രസിദ്ധിയുള്ള നുഹിൽ ഇതുമായി ബന്ധപ്പെട്ടു നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട രേഖകൾ ഇല്ലാതാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണു സംശയിക്കുന്നത്.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സർക്കാർ ബസ് ബലമായി പിടിച്ചെടുത്ത സംഘം പൊലീസ് സ്റ്റേഷന്റെ മതിലിലേക്ക് ഇടിച്ചു കയറ്റി. പിന്നാലെ സ്റ്റേഷന്റെ അകത്തേക്കു കയറിയ അക്രമികൾ കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർത്തു. സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറുകളും നശിപ്പിച്ചു.

പൊലീസുകാരുടെയും ജനങ്ങളുടെയും ഉൾപ്പെടെ 1520 കാറുകൾ തകർക്കുന്ന വിഡിയോ പുറത്തുവന്നു. സ്റ്റേഷന് അകത്തു സൂക്ഷിച്ചിരുന്ന രേഖകൾ കത്തിക്കാനും സംഘം ശ്രമിച്ചു.

കലാപത്തിൽ രണ്ട് ഹോംഗാർഡുകൾ ഉൾപ്പെടെ അഞ്ച് പേരാണു കൊല്ലപ്പെട്ടത്. 30 പേർക്കു പരുക്കേറ്റു. സംഭവത്തെതുടർന്ന് നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരിദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിൽ ബുധനാഴ്ച വരെ ഇന്റർനെറ്റിന് നിയന്ത്രണമേർപ്പെടുത്തി. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഗുരുഗ്രാമിലെ പള്ളിക്ക് അക്രമികൾ തീവെച്ചിരുന്നു. ആക്രമണത്തിൽ ഇമാം കൊല്ലപ്പെട്ടു. അമ്പതോളം വരുന്ന ആൾക്കൂട്ടം തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് പള്ളിക്ക് തീയിട്ടത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ഗുരുഗ്രാം സെക്ടർ 57-ൽ അൻജുമാൻ ജുമാമസ്ജിദിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അക്രമികൾ കല്ലേറു നടത്തുകയും വെടിയുതിർക്കകയും ചെയ്തു.