- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രോഫിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുരുക്കിയത് ഗൂഢപദ്ധതി; നിരപരാധിത്വം തെളിയിച്ചത് മുംബൈ പൊലീസിന്റെ അന്വേഷണം; ഷാർജ കോടതി കുറ്റ വിമുക്തയാക്കിയ നടി ക്രിസൻ പെരേര മുംബൈയിൽ തിരിച്ചെത്തി
മുംബൈ: ട്രോഫിയിൽ മയക്കുമരുന്ന് ഒളിപ്പിച്ചുവച്ച് കേസിൽ കുരുക്കിയ സംഭവത്തിൽ നിരപരാധിത്വം തെളിയിച്ചതോടെ ഷാർജ കോടതി കുറ്റ വിമുക്തയാക്കിയ നടി ക്രിസൻ പെരേര നാട്ടിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈ വിമാനത്താവളത്തിൽ ക്രിസൻ പെരേര മടങ്ങി എത്തിയത്. ക്രിസനെതിരായ എല്ലാ കേസുകളിലും അവർ നിരപരാധിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ യുഎഇ അധികൃതർ യാത്രാ വിലക്ക് ഒഴിവാക്കിയിരുന്നു. മുംബൈ പൊലീസ് നടത്തിയ അന്വേഷണമാണ് കേസിൽ ക്രിസന്റെ നിരപരാധിത്വം തെളിയിക്കാൻ സഹായകമായത്.
മുംബൈയിലുള്ള രണ്ട് പേർ ചേർന്ന് തയ്യാറാക്കിയ ഗൂഢപദ്ധതിയനുസരിച്ചാണ് ക്രിസനെ കേസിൽ കുടുക്കിയത്. 27 വയസുകാരിയായ ക്രിസൻ പെരേര ഏപ്രിൽ ഒന്നിനാണ് അറസ്റ്റിലായത്. മുംബൈയിൽ നിന്ന് ഷാർജ വിമാനത്താവളത്തിൽ വന്നിറങ്ങിയ അവരെ മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരിൽ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ബോധപൂർവം കേസിൽ കുടുക്കാൻ വേണ്ടി മുംബൈയിലുള്ള രണ്ട് പേർ ചേർന്നുണ്ടാക്കിയ പദ്ധതിയാണിതെന്ന് അന്നുതന്നെ ക്രിസൻ പെരേരയുടെ അഭിഭാഷകർ വെളിപ്പെടുത്തിയിരുന്നു.
മൂന്ന് ആഴ്ചയിൽ അധികം ജയിലിൽ കഴിഞ്ഞ ശേഷം ഏപ്രിൽ 28നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. എന്നാൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ നാട്ടിലേക്ക് മടങ്ങാനാവുമായിരുന്നില്ല. തുടർന്ന് യുഎഇയിലുള്ള ബന്ധുക്കൾക്കൊപ്പം കഴിയുകയായിരുന്നു. സഡക് 2, ബട്‌ല ഹൗസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ക്രിസൻ പെരേര.
ഒരു ഹോളിവുഡ് വെബ്‌സീരിസിൽ അഭിനയിക്കാനുള്ള അവസരം വാഗ്ദാനം ചെയ്താണ് ഓഡിഷനെന്ന പേരിൽ രണ്ടംഗ സംഘമാണ് ക്രിസനോട് യുഎഇയിലേക്ക് പോകാൻ നിർദേശിച്ചത്. ഇതിനായുള്ള ടിക്കറ്റും മറ്റ് സംവിധാനങ്ങളും അവർ തന്നെ ഒരുക്കി നൽകുകയും ചെയ്തു. എന്നാൽ യാത്ര പുറപ്പെടും മുമ്പ് ക്രിസന് ഇവർ നൽകിയ ഒരു ട്രോഫിയിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നു.
യുഎഇയിൽ എത്തിയ ശേഷം ഈ ട്രോഫി മറ്റൊരാൾക്ക് കൈമാറണമെന്ന് നടിയോട് നിർദേശിച്ചു. എന്നാൽ ഇതിൽ മയക്കുമരുന്ന് ഉണ്ടെന്ന വിവരം മറച്ചുവെച്ചു. വിമാനത്താവളത്തിൽ വെച്ചു നടന്ന പരിശോധനയിൽ ട്രോഫിക്കുള്ളിൽ ലഹരി പദാർത്ഥം കണ്ടെത്തുകയും അവിടെ വെച്ച് തന്നെ അറസ്റ്റിലാവുകയും ചെയ്തു.
ക്രിസനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആരും എത്തിയിരുന്നതുമില്ല. പിടിയിലായി കഴിഞ്ഞപ്പോഴാണ് തന്നെ കേസിൽ കുരുക്കാൻ ബോധപൂർവം തയ്യാറാക്കിയ പദ്ധതിയാണിതെന്ന് നടിക്ക് മനസിലായത്. ഷാർജ പ്രോസിക്യൂഷൻ നടത്തിയ വിശദമായ അന്വേഷണത്തിൽ നടിയുടെ വാദം ശരിയാണെന്ന് വ്യക്തമായി.
വിമാനത്താവളത്തിലെ ക്യാമറ ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചിരുന്നു. തെളിവുകൾ നടിയുടെ വാദം ശരിവെയ്ക്കുന്നതായിരുന്നു. കസ്റ്റഡിയിലായിരുന്ന സമയത്ത് മൂത്രപരിശോധന നടത്തിയതിലും ലഹരി ഉപയോഗിച്ചതിന്റെ സൂചനകൾ ഒന്നുമുണ്ടായിരുന്നില്ല.
അന്വേഷണ റിപ്പോർട്ട് പരിഗണിച്ച കോടതി കേസുകളിൽ നിന്ന് നടിയെ കുറ്റവിമുക്തയാക്കുകയായിരന്നു. യാത്രാ വിലക്കും നീക്കിയിട്ടുണ്ട്. കരിമ്പട്ടികയിൽ നിന്നും ഇവരുടെ പേർ ഒഴിവാക്കി. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് നടത്തിയ നടത്തിയ അന്വേഷണത്തിൽ പോൾ ആന്തോണി, ഇയാളുടെ സുഹൃത്തായ രവി എന്നറിയപ്പെടുന്ന രാജേഷ് ബൊബാതെ, മയക്കുമരുന്ന് കടത്തുകാരനായ ശാന്തിസിങ് രജ്പുത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഷാർജയിൽ വെബ്‌സീരിസിന്റെ ഓഡിഷനെന്ന പേരിൽ ക്രിസൻ പെരേരയെ യുഎഇയിലേക്ക് അയച്ചതും മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് കുടുക്കിയതും ഇവരാണെന്ന് കണ്ടെത്തിയിരുന്നു. ക്രിസൻ പെരേരയെ കൂടാതെ മറ്റ് നാല് പേരെക്കൂടി ഇത്തരത്തിൽ ഇവർ ലഹരി മരുന്നുകളുമായി വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.




