ജയ്പുർ: രാജസ്ഥാനിൽ ആടുകളെ മെയ്‌ക്കാൻ വയലിലേക്ക് പോകവെ കാണാതായ 12 വയസ്സുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഭിൽവാരയിലെ ഇഷ്ടികചൂളയിലാണ് 12 വയസ്സുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ നാട്ടുകാരിൽനിന്ന് വലിയ പ്രതിഷേധമാണുയരുന്നത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം ജീവനോടെ കത്തിച്ചതാണെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.

ബുധനാഴ്ച വൈകിട്ട് ആടുകളെ മെയ്‌ക്കാൻ വയലിലേക്ക് പോയ 12 വയസ്സുകാരിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. ഇതിനിടെയാണ് പ്രദേശത്തെ ഇഷ്ടികക്കളത്തിലും തിരച്ചിൽ നടത്തിയത്. തിരച്ചിലിനിടെ ഇഷ്ടികചൂളയ്ക്കരികിൽ ഒരു വള കണ്ടതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്ത ശേഷം ജീവനോടെ ചൂളയിലെറിഞ്ഞതായാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. കൂടുതൽ പെൺകുട്ടികളുടെ മൃതദേഹങ്ങൾ ചൂളയ്ക്കുള്ളിൽ ഉണ്ടായിരിക്കാമെന്നും നാട്ടുകാർ ആരോപിച്ചു.

പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങി. സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി. നേതാക്കളും പ്രതികരിച്ചു. കോൺഗ്രസ് ഭരണത്തിൽ രാജസ്ഥാനിലെ സ്ത്രീസുരക്ഷ ഒരു തമാശയായി മാറിയെന്നായിരുന്നു ബിജെപി. നേതാവ് വിക്രം ഗൗഡിന്റെ പ്രതികരണം.

കഴിഞ്ഞദിവസങ്ങളിലും രാജസ്ഥാനിലെ വിവിധയിടങ്ങളിൽ പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആൽവാറിൽ സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവവും ബൻസുരിൽ സ്‌കൂളിൽ പോവുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതും വാർത്തകളായിരുന്നു. ഇതിനുപിന്നാലെയാണ് പെൺകുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.