ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ നടന്ന വർഗീയ സംഘർഷത്തിന് പിന്നിൽ വലിയ 'ഗെയിം പ്ലാൻ' എന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ്. കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ കല്ലുകൾ ശേഖരിച്ച് വെച്ചതും ചെറുകുന്നുകളിൽ നിന്ന് വെടിയുതിർത്തതും അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ സൂചനകളാണെന്നും ഹരിയാന ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതൽ തടങ്കലിലാക്കിയതായും അനിൽ വിജ് പറഞ്ഞു.

'അക്രമത്തിൽ ഉൾപ്പെട്ട ആരെയും വെറുതെവിടില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു, ഇതൊരു വലിയ ഗെയിം പ്ലാൻ ആണ്. എല്ലാവരുടേയും കൈകളിൽ വടികളുണ്ടായിരുന്നു. ഇത് ആരെങ്കിലും സംഘടിപ്പിച്ച് നൽകിയതാണോ മറ്റെവിടെ നിന്നെങ്കിലും ലഭ്യമായതാണോ. അക്രമികൾക്ക് ആയുധങ്ങൾ എവിടെ നിന്ന് ലഭിച്ചു? എല്ലാ കാര്യങ്ങളും വിശദമായി അന്വേഷണം നടത്തും' അനിൽ വിജ് പറഞ്ഞു.

സംഘർഷത്തിൽ 102 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തത് ആണെന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ സംഘർഷത്തിന് പിന്നിലെ സൂത്രധാരൻ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് നൂഹ് പൊലീസ് സൂപ്രണ്ട് പറഞ്ഞത്.

ഇതിനിടെ ആറ് പേരുടെ മരണത്തിനിടയാക്കിയ സംഘർഷത്തിന് പിന്നാലെ നൂഹിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളടക്കമുള്ള കെട്ടിടങ്ങൾ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുതുടങ്ങി. അനധികൃതമായി നിർമ്മിച്ച വീടുകളാണ് പൊളിച്ച് നീക്കുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 250 ഓളം വീടുകൾ പൊളിച്ച് നീക്കിയിട്ടുണ്ട്. വർഗീയ സംഘർഷങ്ങളിൽ ഉൾപ്പെട്ടവർക്കെതിരായ നടപടിയുടെ ഭാഗമാണ് പൊളിച്ച് നീക്കലെന്ന് ആഭ്യന്തര മന്ത്രി അനിൽ വിജ് വ്യക്തമാക്കി.