ഇരിട്ടി: പൊലിസ് കസ്റ്റഡിയിൽ നിന്നും വധശ്രമക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ മുഴക്കുന്ന് എസ്. ഐ ഷിബു എഫ്. പോളിനെ സ്ഥലം മാറ്റി. ആലക്കോട് പൊലിസ് സ്റ്റേഷനിലേക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്.

ആലക്കോട് എസ്. ഐയായിരുന്ന വിജേഷിനെ മുഴക്കുന്നിൽ നിയമിച്ചു. തിങ്കളാഴ്‌ച്ച വൈകുന്നേരം മുഴക്കുന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസ് പ്രതിയായ ബിജെപിപ്രവർത്തകൻ കാക്കയങ്ങാട് പാലപ്പള്ളി സ്വദേശി അനിൽ(32) രക്ഷപ്പെട്ടിരുന്നു. ഈക്കാര്യത്തിൽ പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഴക്കുന്ന് എസ്. ഐയെ കണ്ണൂർ റൂറൽ പൊലിസ്മേധാവി ഹേമലത സ്ഥലം മാറ്റിയതെന്നാണ് സൂചന.

എസ്. ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിലാണ് അനിലിനെ കസ്റ്റഡിയിലെടുത്തത് അന്നേ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് പൊലിസ് സ്റ്റേഷനിലെത്തിച്ചു ജീപ്പിൽ നിന്നിറങ്ങി പൊലിസ് സ്റ്റേഷനിലേക്ക് കയറ്റുന്നതിനിടെ അനിൽ കുതറി മാറി പൊലിസിനെ വെട്ടിച്ചു കടന്നുകളഞ്ഞുവെന്നാണ് പൊലിസ് നൽകുന്ന വിശദീകരണം. ബിജെപി പ്രവർത്തകനായ വധശ്രമക്കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ പൊലിസ് ഒത്താശ ചെയ്തുകൊടുത്തുവെന്നാരോപിച്ചു തിങ്കളാഴ്‌ച്ച രാത്രി ഒൻപതുമണിമുതൽ ചൊവ്വാഴ്‌ച്ച പുലർച്ചെ ഒരുമണിവരെ സി.പി. എം പ്രവർത്തകർ സ്റ്റേഷൻ വളയുകയും സ്റ്റേഷനു മുൻപിൽ കുത്തിയിരുന്നും പ്രതിഷേധിച്ചിരുന്നു.

മുഴക്കുന്ന് പൊലിസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചു ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും സി.പി. എം പ്രാദേശിക നേതൃത്വം പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് എസ്. ഐയെ സ്ഥലം മാറ്റാൻ തീരുമാനിച്ചത്. ഗുരുതരമായ വീഴ്‌ച്ചയാണ് മുഴക്കുന്ന് എസ്. ഐക്കും മറ്റു പൊലിസുകാർക്കുമുണ്ടായതെന്ന് വകുപ്പു തല അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.കഴിഞ്ഞ വിഷുദിനത്തിൽസി.പി. എം പ്രവർത്തകനായ കെ.പവിത്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് അനിൽകുമാർ. കേസിലെ പ്രതിയായതിനു ശേഷം മുങ്ങി നടന്ന ഇയാളെ സി.പി. എം പ്രവർത്തകർ തന്നെയാണ് പിടികൂടി പൊലിസിൽ ഏൽപ്പിച്ചത്.

ഇതിനിടെയാണ് പൊലിസ് പിടിയിൽ നിന്നും ഇയാൾ കുതറിമാറി രക്ഷപ്പെട്ടത്. സ്റ്റേഷനിൽ നിന്നും പൊലിസിനെ വെട്ടിച്ചുകടന്നതിന് അനിൽകുമാറിനെതിരെ മറ്റൊരു കേസ് കൂടിയെടുത്തിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് മുഴക്കുന്ന് പൊലിസ് അറിയിച്ചു. പാർട്ടി ഗ്രാമമായ മുഴക്കുന്നിൽ നേരത്തെ സി.പി. എം സൈബർ പോരാളിയായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചതിനെ തുടർന്ന് പൊലിസിനെതിരെ ഒരുവിഭാഗം സി.പി. എം പ്രവർത്തകർ രംഗത്തുവന്നിരുന്നു.

ഇതിനു ശേഷമാണ് കൂനിന്മേൽ കുരുപോലെ മറ്റൊരു സംഭവം കൂടി നടന്നത്. പൊലിസും ബിജെപി പ്രവർത്തകരും തമ്മിൽ ഒത്തുകളിക്കുകയാണെന്നും ഭരണകക്ഷി പാർട്ടിയെന്ന നിലയിൽ യാതൊരു പരിഗണനയും പൊലിസിൽ നിന്നും ലഭിക്കാറില്ലെന്നുമാണ് സി.പി. എം പ്രാദേശിക നേതൃത്വത്തിന്റെ പരാതി.