- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല ബ്രാൻഡുകളുടെയും അരിപ്പൊടികളിൽ കീടനാശിനി അവശിഷ്ടം നിശ്ചിത അളവിൽ കൂടുതൽ; നിർമ്മാണ യൂണിറ്റുകളിൽ വ്യാപക പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഗുരുതര വീഴ്ചകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ
തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യാൻ തയ്യാറാക്കുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്താൻ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിർമ്മാണ യൂണിറ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. അരിപ്പൊടി, പുട്ടുപൊടി, അപ്പം, ഇടിയപ്പം പൊടി നിർമ്മാണ യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. ലഭ്യമാകുന്ന ചില അരിപ്പൊടി ബ്രാൻഡുകളിൽ കീടനാശിനി അവശിഷ്ടം നിശ്ചിത അളവിൽ കൂടുതലായി കാണപ്പെടുന്നു എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഭക്ഷ്യ പരിശോധന ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയത്.
സംസ്ഥാന വ്യാപകമായി 68 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. 199 പരിശോനകൾ നടത്തി. കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിവയ്പിക്കാൻ നടപടി സ്വീകരിച്ചു. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. ഒൻപത് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 104 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 75 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ച് ലാബുകളിൽ പരിശോധനക്കായി അയച്ചു. ഇടുക്കി ജില്ലയിൽ മറ്റൊരു ദിവസം പരിശോധന നടത്തുന്നതാണ്.
പല സ്ഥാപനങ്ങളും വേണ്ടത്ര ശുചിത്വം പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരമല്ലാതെ ഉല്പാദിപ്പിക്കുന്ന അരിപ്പൊടി പിടിച്ചെടുക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്നും പരിശോധനകൾ നടത്തി നിയമ ലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കറിപൗഡറുകളിലും മസാലക്കൂട്ടുകളിലുമുൾപ്പെടെ ചില ബ്രാൻഡുകളിൽ മായം നിറയുന്നതായി ആക്ഷേപം ഉയർന്നതോടെ നേരത്തെ പരിശോധന കർശനമാക്കിയിരുന്നു. ഇതിന് പുറമേ ഗുണനിലവാരമില്ലായ്മയും കീടനാശിനി സാന്നിദ്ധ്യവും അളവിലെ കൃത്രിമവുമാണ് കണ്ടെത്തിയത്. മുളക് പൊടി, മല്ലിപ്പൊടി, വിവിധ മസാലപ്പൊടികൾ, തേയില, വെളിച്ചെണ്ണ, നല്ലെണ്ണ, പാം ഓയിൽ, ശർക്കര തുടങ്ങിയ സാധനങ്ങളിലാണ് കൃത്രിമം കാണിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗവും കേരള കാർഷിക സർവകലാശാലയും നടത്തിയ പരിശോധനകളിൽ കൃഷി സ്ഥലങ്ങളിൽ തളിക്കുന്ന കീടനാശിനിയുടെ സാന്നിദ്ധ്യം മുളക് പൊടിയാക്കിയശേഷവും അവശേഷിക്കുന്നതായാണ് കണ്ടെത്തിയിരുന്നു.
എത്തിയോൺ, എത്തിയോൺ പ്രൊഫേനോഫോസ്, ട്രയാസോഫോസ്, എത്തിയോൺ ക്ലോറോപൈറിഫോസ്, ബിഫെൻത്രിൻ തുടങ്ങിയവയാണ് മുളക് പൊടിയിലും ജീരകപ്പൊടിയിലും കണ്ടെത്തിയത്. മനുഷ്യശരീരത്തിന് മാരകമായ രാസവസ്തുക്കൾ കലർന്ന ഇവ ഭക്ഷ്യയോഗ്യമല്ലെന്നാണ് ലബോറട്ടറി റിപ്പോർട്ട്. കാൻസറടക്കമുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നതാണ് എത്തിയോൺ അടക്കമുള്ള ഓർഗാനോഫോസ്ഫേറ്റുകൾ. ഡയാസിനോണും ക്ലോറോപൈറിഫോസുമാണ് ഈ കീടനാശിനി ഗ്രൂപ്പിലെ മറ്റംഗങ്ങൾ.
കുട്ടികളിൽ വളർച്ചക്കുറവിനും ജനിതക വൈകല്യത്തിനും കാരണമാകും. എല്ലിന്റെ വളർച്ചയും തടയും. മുതിർന്നവരിൽ മുട്ടുവേദന, കാഴ്ച ശക്തി നശിക്കൽ, അൽഷിമേഴ്സ്, ഛർദ്ദി, സ്ഥിരമായ തലവേദന, നാഡീവ്യൂഹം തകരാറാകൽ തുടങ്ങിയവ അനുഭവപ്പെടുന്നതായും പഠനങ്ങൾ തെളിയിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. കാർഷിക സർവകലാശാലയുടെ പഠന റിപ്പോർട്ടും ഇക്കാര്യം ശരിവച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ മുളക് പാടങ്ങളിൽ വലിയ വിളവ് ലഭിക്കുന്നതിന് ഉപയോഗിക്കുന്ന കാഡ്മിയത്തിന്റെ അംശമാണ് കാർഷിക സർവകലാശാലയുടെ പരിശോധനയിൽ തെളിഞ്ഞത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയമ പ്രകാരം കറി പൗഡറുകളിൽ സ്റ്റാർച്ച് സാന്നിദ്ധ്യം ഉണ്ടാകാൻ പാടില്ല. അരിപ്പൊടി, ഗോതമ്പ് പൊടി, പിണ്ണാക്ക്, മറ്റു വിലകുറഞ്ഞ പൊടികളും ഇതിന്റെ അവശിഷ്ടങ്ങളും വരെയാണ് മസാലപ്പൊടികളിൽ ചേർക്കുന്നത്.




