ലണ്ടൻ: ചെകുത്താന്റെ അവതാരം എന്ന് വിളിപ്പേര് നേടിയ ലൂസി ലെറ്റ്ബി, ഏഴ് നവജാത ശിശുക്കളെ കൊന്ന കേസിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. മറ്റ് ആറ് കുട്ടികളെ കൊല്ലാൻ ശ്രമിച്ച കേസിലും ഇവർ കുറ്റക്കാരിയാണെന്ന് വിധിച്ചപ്പോൾ, എട്ട് വർഷം നീണ്ട മാനസിക പീഡനങ്ങൾക്കൊടുവിൽ ആ കുരുന്നുകളുടെ മാതാപിതാക്കൾ ആശ്വാസം കണ്ടെത്തുകയാണ്, വൈകിയാണെങ്കിലും ലഭിച്ച നീതിയിൽ. ഇനിയും കൂടുതൽ കുട്ടികൾ ഇവരുടെ കൈകള്ളാൽ വധിക്കപ്പെട്ടിരിക്കാം എന്നു കരുതപ്പെടുന്നു. ലൂസി ലെറ്റ്ബി ജോലി ചെയ്തിരുന്ന എൻ എച്ച് എസ്സിലെ വാർഡുകളിൽ ഉണ്ടായിരുന്ന 4000 കുട്ടികളുടെ കാര്യം പൊലീസ് വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

1960 കളിൽ ബ്രിട്ടനെ നടുക്കിക്കൊണ്ട് അഞ്ചോളം കുരുന്നുകളെ കാലപുരിക്കയച്ച മിറാ ഹിൻഡ്ലിയേയും കാമുകൻ ഇയാൻ ബ്രാഡിയേയും പിന്തള്ളിക്കൊണ്ട് ഈ നിയോനാറ്റൽ നഴ്സ് ഇപ്പോൾ അധുനിക ബ്രിട്ടീഷ് ഹിസ്റ്ററിയിലെ ഏറ്റവും വലിയ ചൈൽഡ് സീരിയൽ ആയി മാറിയിരിക്കുകയാണ്. ഏഴ് കുരുന്നുകളെ അതിക്രൂരമായി കൊന്നു തള്ളിയ 33 കാരിയായ ലൂസി ലെബി, മറ്റ് ആറ് കുരുന്നുകളുടെ ജീവൻ എടുക്കാനും ശ്രമിച്ചതായി കോടതി കണ്ടെത്തി. തിങ്കളാഴ്‌ച്ചയായിരിക്കും ഇവർക്കുള്ള ശിക്ഷ വിധിക്കുക.

അവസാന വിധി പറയുന്ന ഇന്നലെ പക്ഷെ ലൂസി ലെറ്റിബി കോടതിയിൽ ഹാജരായിരുന്നില്ല. ജയിലിൽ കഴിയുന്ന അവരെ വിധി സമയത്ത് കോടതിയിൽ എത്തിക്കാൻ നിയമം അധികാരം നൽകുന്നില്ല എന്ന് കോടതി പറഞ്ഞു. കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ, അവരുടെ കേസിന്റെ വിധി നേരിട്ട് കേൾക്കാനും ഇരകളുടെ കുടുംബങ്ങളെ അഭിമുഖീകരിക്കുവാനുമായി കോടതികളിൽ എത്താൻ നിർബന്ധിതരാക്കുന്ന നിയമം വേണമെന്ന ആവശ്യം ഇതോടെ ഉയർന്നിട്ടുണ്ട്.

ഒരു കുട്ടി മരണമടയുക എന്നത് തന്നെ മാതാപിതാക്കളെ സംബന്ധിച്ച് ഹൃദയഭേദകമായ ഒന്നാണെന്ന് വിധി പ്രസ്താവനയിൽ ജഡ്ജി പറഞ്ഞു. അങ്ങനെയിരിക്കെ, ഇത്തരമൊരു സാഹചര്യത്തിൽ കുഞ്ഞിനെ നഷ്ടപ്പെടുക എന്നത് എത്രമാത്രം വേദനാജനകമായിരിക്കുമെന്ന് മനസ്സിലാക്കാവുന്നതാണെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ഏഴെട്ട് കൊല്ലങ്ങളായി കഠിന മനോവേദന അനുഭവിക്കുകയാണ് ഈ മാതാപിതാക്കൾ.

ജീവൻ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം, ഇവരുടെ വധശ്രമത്തിന് ഇരയായ കുട്ടികളിൽ പലരും ഇന്നും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുകയാണ്എന്നതും പല മാതാപിതാക്കളെയും ഇപ്പോഴും ഈ പേടിസ്വപ്നത്തിന്റെ വേട്ടയാടലിൽ നിന്നും മുക്തരാക്കിയിട്ടില്ല. 2015 ജൂണിനും 2016 ജൂണിനും ഇടയിൽ നടന്ന ഈ കൊലപാതക പരമ്പരക്ക് ലൂസിക്ക് ലഭിക്കാവുന്നത് ജീവപര്യന്തം തടവ് തന്നെയായിരിക്കും. അതായത്, ഇനി മരണം വരെ ഈ നഴ്സിന് ജയിലിൽ തന്നെ കഴിയാം.

തന്റെ കൈക്കുള്ളിൽ ഒതുങ്ങാൻ മാത്രം കുരുന്നുകളായ കുഞ്ഞുങ്ങളുടെ രക്തത്തിലേക്ക് വായുവോ ഇൻസുലിനൊ കുത്തിവച്ചായിരുന്നു ഇവർ കുട്ടികളെ കൊന്നിരുന്നത്. ഒന്നു രണ്ട് കൊലപാതകങ്ങളിൽ ഇവർ ട്യുബ് ഫീഡിങ് രീതിയും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു കേസിൽ, മെഡിക്കൽ ഉപകരണം കുഞ്ഞിന്റെ തൊണ്ടയോളം ആഴത്തിൽ താഴ്‌ത്തി രക്തസ്രാവത്തിന് കാരണമാക്കുകയും ചെയ്തു.

ഓരോ കൊലപാതകം കഴിയുമ്പോഴും അവർ പക്ഷെ ഇരയായ കുഞ്ഞിന്റെ മാതാപിതാക്കളോട് സഹതപിക്കാൻ മറക്കാറില്ല. ശവസംസ്‌കാര ചടങ്ങുകൾക്ക് സ്ശേഷം ഹൃദയസ്പർശിയായ വാചകങ്ങൾ നിറച്ച ആശ്വാസ കാർഡുകൾ ഇവർ കുരുന്നുകളുടെ മാതാപിതാക്കൾക്ക് അയയ്ക്കുമായിരുന്നു. അതിനു ശേഷമായിരിക്കും അടുത്തി ഇരയ്ക്കായുള്ള തിരച്ചിൽ തുടരുക. ഒരിക്കൽ മാത്രമാണ് അവർ ഈ പതിവ് തെറ്റിച്ചത്. ഇബിസയിലെ ഒഴിവുകാലം കഴിഞ്ഞെത്തിയ ഇവർ കേവലം 24 മണിക്കൂറിനുള്ളിൽ രണ്ട് ആൺശിശുക്കളെ കൊന്നിരുന്നു.

''ആ കുരുന്നിന്റെ പിതാവ് നിലത്ത് വീണു കിടന്നു കരയുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിലേക്ക് എടുത്തപ്പോൾ അവനെ ഞങ്ങളിൽ നിന്നും കൊണ്ടു പോകരുതേ എന്ന് മാതാപിതാക്കൾ കരയുകയായിരുന്നു, എത്ര ഹൃദയ ഭേദകമായ കാഴ്‌ച്ചയായിരുന്നു.....'' തന്റെ ഒരു ഇര നിശ്ചലമായി കിടക്കുമ്പോഴുള്ള രംഗം ലൂസി ലെറ്റ്ബി തന്റെ സുഹൃത്തിന് സന്ദേശമായി അയച്ച വരികളാണിത്. ഇതിൽ പ്രകടിപ്പിക്കുന്ന സഹതാപവും കരുതലുമായിരുന്നു ഓരോ കുരുന്നിന്റെ മരണശേഷവും ലെറ്റ്ബി പ്രകടിപ്പിച്ചത്. മൃതദേഹം വൃത്തിയാക്കാനും മറ്റും അവർ കൂടും മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുന്നതിലും അവർ മുൻപിലുണ്ടായിരുന്നു.

ശിശുമരണം നടക്കുന്ന വാർഡുകളിലെല്ലാം പൊതുവായ ഒന്നായിരുന്നു ലൂസി ലെറ്റ്ബിയുടെ സാന്നിദ്ധ്യം. ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതർ ആദ്യം ഇത് കാര്യമായി എടുത്തില്ല. പിന്നീട് ഇവരുടെ സംശയാസ്പദമായ ചില പ്രവർത്തനങ്ങളുടെ പേരിൽ ഇവരെ 2018 ൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നായിരുന്നു കൊലപാതകങ്ങളുടെ രഹസ്യങ്ങൾ ഒന്നൊന്നായി തെളിഞ്ഞു വന്നത്. എന്നാൽ, ഇപ്പോഴും അറിയാത്ത ഒരു സത്യമായി നിൽക്കുന്നത് ലൂസി ലെറ്റ്ബി എന്തിന് ഇത് ചെയ്തു എന്നതാണ്.