- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുക്കൾ എതിർത്തിട്ടും ഇതര ജാതിയിലുള്ള യുവാവിനെ വിവാഹം ചെയ്തു; ഗുരുഗ്രാമിൽ 22കാരിയെ മാതാപിതാക്കളും സഹോദരനും ചേർന്ന് കൊലപ്പെടുത്തി; മൃതദേഹം കത്തിച്ചു; ദുരഭിമാനക്കൊലയിൽ മൂന്ന് പേർ അറസ്റ്റിൽ
ഗുരുഗ്രാം: ഗുരുഗ്രാമിൽ ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പകയിൽ 22കാരിയെ മാതാപിതാക്കളും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. സംഭവത്തിൽ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സുർഹേതി ഗ്രാമവാസിയായ അഞ്ജലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അഞ്ജലിയുടെ പിതാവ് കുൽദീപ് (44), മാതാവ് റിങ്കി (42), സഹോദരൻ കുനാൽ (20) എന്നിവരാണ് അറസ്റ്റിലായത്.
കുടുംബത്തിന്റെ ആഗ്രഹത്തിന് എതിരായി ഇതര ജാതിയിൽ നിന്ന് വിവാഹം കഴിച്ചതിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ജാജ്ജർ ജില്ലയിലായിരുന്നു സംഭവം. ഡിസംബറിലാണ് അഞ്ജലി ഇതേ ഗ്രാമത്തിലുള്ള സന്ദീപ് എന്നയാളെയാണ് വിവാഹം കഴിച്ചത്. ഇയാൾ പബ്ബിലെ ജോലിക്കാരനാണ്.
ഇരുവരും വിവാഹത്തിനു ശേഷം ഫ്‌ളാറ്റിൽ വാടകയ്ക്ക് കഴിയുകയായിരുന്നു. ഇതിനിടെ ഫ്‌ളാറ്റിലേക്ക് സഹോദരൻ കുനാലും ഭാര്യയും താമസത്തിനെത്തിയിരുന്നു. കഴിഞ്ഞ ദിവസം സന്ദീപ് സഹോദരിയുടെ വീട്ടിലേക്കു പോയപ്പോൾ കുനാൽ മാതാപിതാക്കളെ വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഇതിനുശേഷം മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.
അജ്ഞലി മരിച്ചതായി സുഹൃത്ത് അറിയിച്ചതിനെ തുടർന്നാണ് സന്ദീപ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് പരാതി നൽകുകയായിരുന്നു. അഞ്ജലിയുടെ വിവാഹത്തോടുള്ള എതിർപ്പിനെ തുടർന്നാണ് കൊല നടത്തിയതെന്ന് കുൽദീപ് പൊലീസിന് മൊഴിനൽകി. ഈ സംഭവത്തിൽ കുനാലിന്റെ ഭാര്യയ്ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ മൂന്നു പേരെയും റിമാൻഡ് ചെയ്തു.
അഞ്ജലിയുടെ ഭർത്താവ് സന്ദീപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് അഞ്ജലി ഒരു പബ്ബിൽ ജോലി ചെയ്തുവരുന്ന സന്ദീപിനെ വിവാഹം കഴിക്കുന്നത്. തുടർന്ന് സെക്ടർ 102ലെ വാടക ഫ്ളാറ്റിൽ താമസിച്ച് വരികയായിരുന്നു ഇവർ.
എന്നാൽ വ്യാഴാഴ്ച താൻ വീട്ടിലില്ലാത്ത സമയത്ത് മാതാപിതാക്കളും സഹോദരനും ചേർന്ന് അഞ്ജലിയെ കൊലപ്പെടുത്തി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു എന്ന് സന്ദീപ് നൽകിയ പരാതിയിൽ പറയുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ, സന്ദീപിന്റെ സുഹൃത്ത് വിളിച്ച് അഞ്ജലി മരിച്ചുവെന്നും കുടുംബാംഗങ്ങൾ അന്ത്യകർമങ്ങൾ ഗ്രാമമായ സുർഹേതിയിൽ നടത്തുകയാണെന്നും പറയുകയായിരുന്നു.
വിവരമറിഞ്ഞ് ഫ്ളാറ്റിൽ എത്തിയപ്പോൾ പൂട്ടിയിട്ടിരിക്കുന്നതായാണ് കണ്ടതെന്നും സന്ദീപ് പറയുന്നു.അഞ്ജലിയെ അവളുടെ അച്ഛനും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയും ചേർന്ന് കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചതായും പരാതിയിൽ പറയുന്നു. അതേസമയം വ്യാഴാഴ്ച വൈകുന്നേരം രാജേന്ദ്ര പാർക്ക് പൊലീസ് ആണ് സംഭവത്തിൽ കേസെടുത്തത്. ഐപിസി സെക്ഷൻ 302 (കൊലപാതകം), 201 (തെളിവ് മറയ്ക്കൽ), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരമാണ് നാല് പ്രതികൾക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.




