- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷ്‌ണോയി സംഘം ആദ്യം ലക്ഷ്യമിട്ടത് ഉത്തർപ്രദേശിലെ ഉന്നതനെ; പദ്ധതി പാളിയപ്പോൾ മൂസാവാലയുടെ കൊലപാതകം; ഗൂഢാലോചന നടന്നത് അയോധ്യയിൽ; ആയുധങ്ങൾ പാക്കിസ്ഥാനിൽ നിന്നും; കൂടുതൽ വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ ബിഷ്‌ണോയി സംഘം ആദ്യം ലക്ഷ്യമിട്ടത് ഉത്തർപ്രദേശിലെ ഒരു ഉന്നതനെയെന്ന് അന്വേഷണ സംഘം. എന്നാൽ ഈ പദ്ധതി പരാജയപ്പെട്ടു. തുടർന്നായിരുന്നു മൂസാവാലയുടെ കൊലപാതകം. മൂസാവാല വെടിയേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
ഉത്തർപ്രദേശ് കേന്ദ്രീകരിച്ചാണു കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാക്കിസ്ഥാനിൽ നിന്നാണ് ആയുധങ്ങൾ ഇറക്കുമതി ചെയ്തതെന്നും വ്യക്തമായി. കൊലപാതകത്തിൽ സച്ചിൻ ബിഷ്‌ണോയിയെ കൂടാതെ നിരവധി പേർക്കു പങ്കുള്ളതായും വ്യക്തമായിട്ടുണ്ട്.
മൂസാവാല കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപ് അക്രമിസംഘത്തിലെ ചിലർ അയോധ്യയിലും ലക്നൗവിലും ചുറ്റിക്കറങ്ങിയതിന്റെ ചിത്രങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങളായ സച്ചിൻ തപൻ ബിഷ്‌ണോയ്, സച്ചിൻ ഭിവാനി, കപിൽ പണ്ഡിറ്റ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.
ബിഷ്‌ണോയി സംഘത്തിന്റെ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത അനുയായിയാണ് കേസിലെ പ്രതി സച്ചിൻ ബിഷ്‌ണോയ്. സംഘത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ സച്ചിൻ ബിഷ്‌ണോയ് ദിവസങ്ങളോളം താമസിച്ചു. വിദേശ ആയുധങ്ങളും പാക്കിസ്ഥാനിൽ നിന്നുള്ള ആധുനിക തോക്കുകളും ഇവരുടെ കയ്യിലുണ്ട്. മൂസാവാലയ്ക്കു നേരെ 100ൽ അധികം വെടിയുണ്ടകൾ തൊടുത്തുവിടാൻ ഉപയോഗിച്ച തോക്കുകൾ ചിത്രങ്ങളിലുണ്ട്.
അയോധ്യയിൽ വികാസ് സിങ് എന്ന പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിലായിരുന്നു ബിഷ്‌ണോയ് സംഘം ദിവസങ്ങളോളം താമസിച്ചത്. ഇവിടെവച്ച് ആയുധപരിശീലനവും നടത്തി. തപൻ മുതൽ അയോധ്യ വരെ ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിഷ്‌ണോയ് സംഘം അയോധ്യയിലുണ്ടെന്നു കണ്ടെത്തിയത്.
കഴിഞ്ഞ വർഷം മെയ് 29നാണ് പഞ്ചാബിലെ മാൻസ ജില്ലയിൽ മൂസാവാല വെടിയേറ്റു മരിച്ചത്. പഞ്ചാബിലെ ജവഹർകി ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേയാണ് മൂസാവാലയും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായത്. സീറ്റിൽ വെടിയേറ്റ നിലയിലാണ് മൂസാവാലയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




