വാഷിങ്ടൺ: അമേരിക്കയിൽ സോഫ്റ്റ് വെയർ എൻജിനീയർമാരായി ജോലിചെയ്യുന്ന ഇന്ത്യക്കാരായ ദമ്പതിമാരെയും ആറുവയസ്സുള്ള മകനെയും ബാൾട്ടിമോറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല(37) ഭാര്യ പ്രതിഭ(35) മകൻ യഷ് എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടത്.

മൂന്നുപേരുടെയും ശരീരത്തിൽ വെടിയേറ്റ മുറിവുകളുണ്ടെന്നാണ് പൊലീസിന്റെ ഉദ്ധരിച്ച് ബാൾട്ടിമോറിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യോഗേഷ് ജീവനൊടുക്കിയെന്നാണ് പൊലീസ് സംശയിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരട്ടക്കൊലയ്ക്ക് ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സംശയിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

കർണാടകയിലെ ദാവൺഗരെ സ്വദേശികളായ യോഗേഷും ഭാര്യയും അമേരിക്കയിൽ സോഫ്റ്റ് വെയർ എൻജിനീയർമാരായി ജോലിചെയ്യുകയാണ്. കഴിഞ്ഞ ഒൻപതുവർഷമായി യോഗേഷ് അമേരിക്കയിലാണെന്നാണ് കുടുംബം പറയുന്നത്. ബാൾട്ടിമോർ പൊലീസിന്റെ ഫോൺകോളിലൂടെയാണ് സംഭവം അറിയുന്നതെന്നും മരണത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറഞ്ഞതെന്നും കർണാടകയിലുള്ള ബന്ധുക്കൾ പ്രതികരിച്ചു.

''യോഗേഷ് സ്ഥിരമായി ഫോൺ വിളിക്കാറുണ്ട്. ഞാൻ നാട്ടിൽ മറ്റൊരു മകനൊപ്പാണ് താമസം. അവരുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. മരണത്തിന്റെ കാരണമെന്താണെന്നും ഞങ്ങൾക്കറിയണം'', യോഗേഷിന്റെ അമ്മ ശോഭ മാധ്യമങ്ങളോട് പറഞ്ഞു.

യോഗേഷും പ്രതിഭയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കളുടെയും പ്രതികരണം. ഇത്തരമൊരു കൃത്യത്തിന് കാരണമായത് എന്താണെന്നറിയില്ലെന്നും മൃതദേഹം നാട്ടിലെത്തിക്കാനായി സർക്കാരിന്റെ സഹായം തേടിയിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.