കണ്ണൂർ: കാനഡയിലെ ഓൺ ലൈൻ ഓഹരി വ്യാപാരകമ്പിനിയുടെ മണിചെയിന്മാതൃകയിലുള്ള നിക്ഷേപതട്ടിപ്പിൽ കുടങ്ങി വൻതുക നഷ്ടമായവരിൽ ഉയർന്ന പൊലിസ് ഉദ്യോഗസ്ഥരുമുണ്ടെന്ന് വിവരം. നാണക്കേടുകൊണ്ടു ഇവരിൽ പലരും ഈക്കാര്യം മറച്ചുവയ്ക്കുകയാണെന്നാണ് സൂചന. കണ്ണൂർ ജില്ലയിൽ തട്ടിപ്പിനിരയായ പൊലിസുകാർക്ക് മാത്രം രണ്ടുകോടി രൂപ നഷ്ടമായതാണ് വിവരം.

പരാതിയോ കേസോയില്ലാത്തതിനാൽ തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും ഇതുവരെ പുറത്തുവന്നിട്ടില്ല. കണ്ണൂർ സായുധസേനാക്യാംപിലും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫീസിൽ ജോലി ചെയ്യുന്നവരുൾപ്പെടെ പണം നഷ്ടമായിട്ടുണ്ടെന്നാണ് പുറത്തുവരുന്നവിവരം. കണ്ണൂർ ജില്ലയിലെ ചക്കരക്കൽ സ്വദേശിയാണ് ജില്ലയിലെ പൊലിസുകാരിലെ ആദ്യ നിക്ഷേപകനെന്നും ഇയാളെ അനുകരിച്ചു പണക്കൊയ്ത്തിനിറങ്ങിയവരിൽ പതിനഞ്ചുലക്ഷം രൂപവരെ നഷ്ടമായ പൊലിസുകാർ സേനയിലുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. നാണക്കേടുകാരണം മൗനം പാലിക്കുകയാണ് പണം പോയ പൊലിസുകാർ.

ഒന്നരവർഷം മുൻപാണ് കമ്പിനിയുടെ ആപ് വഴി ഇവർ നിക്ഷേപിച്ചു തുടങ്ങിയത്. 2500രൂപ,20,000രൂപ,50,000രൂപ,90,000രൂപ,15ലക്ഷം രൂപ എന്നീ സ്ളാബുകളിലാണ് നിക്ഷേപിച്ചത്. മണി ചെയിൻ മാതൃകയിൽ കൂടുതൽ പേരെ ചേർക്കുന്ന നിക്ഷേപകന് കൂടുതൽ കമ്മിഷൻ ലഭിക്കുമെന്നാണ് സിസ്റ്റം. കമ്പിനിയുടെ ആപ്പ് വഴി വിദേശത്തെ ഓഹരി വിപണികളിൽ പ്രതിദിന ഇടപാടു നടത്തി ലാഭമെടുക്കാമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തിൽ നിക്ഷേപകർക്ക് തന്നെ നേരിട്ട് ഓഹരി ഇടപാടുകൾ നടത്താമായിരുന്നു. എന്നാൽ പിന്നീടിത് നിർമ്മിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വഴി ചെയ്യാൻ കമ്പിനി ഓപ്ഷൻ നൽകുകയായിരുന്നു. തുടക്കത്തിൽ എല്ലാവർക്കും പ്രതിമാസം ഇരുപതു ശതമാനംമുതൽ ഇരുപത്തിയഞ്ചു ശതമാനം വരെ ലാഭം കിട്ടിയതോടെ പലരും ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ഇതിൽ ചേർത്തിരുന്നു.

ഒരാഴ്‌ച്ചയിലേറെയായി ആപ്പ് പ്രവർത്തിക്കാതെയായതോടെയാണ് പലർക്കും അപകടം മണത്തത്. ഓഹരി വ്യാപാരത്തിൽ നഷ്ടം സംഭവിച്ചതിനാൽ നിക്ഷേപകർക്ക് പണം പൂർണമായും നഷ്ടമാകുമെന്നാണ് കമ്പിനിയുടമകളുടെ അറിയിപ്പ്. പുതിയ നിക്ഷേപം നടത്തിയാൽ ഓഹരിവ്യാപാരം തുടരാമെന്ന വാഗ്ദ്ധാനവുമുണ്ട്. കണ്ണൂർ ജില്ലയിലെ ചക്കരക്കൽ മേഖലയിൽ ആറായിരം മുതൽ ലക്ഷങ്ങൾ വരെ ഓൺ ലൈൻ കമ്പിനിയിൽ നിക്ഷേപിച്ചവരുണ്ട്. ആദ്യ ഘട്ടത്തിൽ കമ്പിനി കൃത്യമായി ലാഭം നൽകിയിരുന്നു. അൻപതിനായിരം രൂപ നിക്ഷേപിച്ചവർക്ക് ഒരു ദിവസം ആയിരം രൂപവരെ ലാഭവിഹിതം വരെ കിട്ടുമെന്നായിരുന്നു വാഗ്ദാനം. പലർക്കും ആദ്യഘട്ടത്തിൽ ഇതു ലഭിച്ചു. ഓൺ ലൈൻ കച്ചവടമാണെന്നാണ് കമ്പിനി പറഞ്ഞിരുന്നത്. പണം നിക്ഷേപിക്കുന്നവർക്ക് യൂസർ ഐഡിയും പാസ് വേർഡും ലഭിക്കും. പ്രത്യേകം മൊബൈൽ ആപ്‌ളിക്കേഷനിലൂടെയാണ് ലാഭം നോക്കുന്നത്. ആഴ്‌ച്ചയിൽ അഞ്ചുദിവസമാണ് കച്ചവടം. നാലുദിസം ലാഭംലഭിക്കും. ഒരു ദിവസം നഷ്ടം സംഭവിക്കും.

സാധാരണ നിക്ഷേപങ്ങൾക്ക് ലഭിക്കുന്നതിന്റെ അഞ്ചിരട്ടി ലാഭം ലഭിക്കുമെന്നാണ് കമ്പിനിയിൽ പ്രവർത്തിക്കുന്നവർ പുതുതായി ചേരുന്നവരോട് പറഞ്ഞിരുന്നത്. അങ്ങനെയാണ് കൂടുതൽ ആളുകൾ ഇതിൽ നിക്ഷേപം നടത്തിയത്.സ്വന്തം ജോലി ഉപേക്ഷിച്ചുപോലും നിരവധിയാളുകൾ കമ്പിനിക്കായി പ്രവർത്തിച്ചിരുന്നു.കൈയിൽ പണമില്ലാത്തവർ ബാങ്കുകളിൽനിന്നും വായ്പയെടുത്തും മറ്റും പണം നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ സ്വർണം ബാങ്കിൽ പണയം വെച്ചു നിക്ഷേപിച്ചവരും ഒട്ടേറെയാണ്.

രണ്ടു ദിവസം മുൻപ് വരെ മൊബൈൽ ആപ്പിൽ കൃത്യമായി വിവരങ്ങൾ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ വിവരങ്ങളൊന്നും ലഭിക്കുന്നില്ല. ആപ്പും പ്രവർത്തിക്കുന്നില്ല. പണം നഷ്ടപ്പെട്ട പലരും നാണക്കേടുകൊണ്ടു പുറത്ത് പറയുന്നില്ല. വിദേശകമ്പിനിയായതിനാൽ ആർക്കെതിരെ പരാതി കൊടുക്കുമെന്നആശങ്കയിലാണ് നിക്ഷേപകർ. ചക്കരക്കൽ മേഖലയിലാണ് പണം നഷടപ്പെട്ടവരിൽ കൂടുതൽ. നിരവധി ഏജന്റുമാരാണ് കമ്പിനിക്കായി പ്രവർത്തിച്ചിരുന്നത്. ഇതിൽ കമ്പിനി പ്രതിനിധികളായി രംഗത്തിറങ്ങിയവരൊക്കെ ഇപ്പോൾ മുങ്ങിയിരിക്കുകയാണ്.