കണ്ണൂർ: കണ്ണൂരിൽ കുറുന്തോട്ടിക്കും വാതം. അനധികൃതമായി അളവിൽ കൂടുതൽ രേഖകളില്ലാത്ത മദ്യം കൈവശം വെച്ച രണ്ടു എക്സൈസ് ഉദ്യോഗസ്ഥന്മാരെ വിജിലൻസ് നടത്തിയ റെയ്ഡിൽ പിടികൂടി. പിടികൂടിയ മദ്യത്തിൽനിന്നും ഇവർ അഞ്ചുലിറ്റർ വിദേശമദ്യം അടിച്ചുമാറ്റിയെന്നാണ് പുറത്തുവരുന്ന സൂചന.

ഇരിട്ടി റെയിഞ്ച് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരുടെ ബാഗുകളിൽനിന്നാണ് രേഖകളില്ലാത്ത അഞ്ച് ലിറ്റർ മദ്യം പിടിച്ചെടുത്തത്. ഒരാളുടെ ബാഗിൽനിന്ന് മൂന്ന് ലിറ്ററും രണ്ടാമത്തെയാളുടെ ബാഗിൽനിന്ന് രണ്ട് ലിറ്ററുമാണു പിടിച്ചത്. മദ്യം വാങ്ങിയതിന്റെയോ പരിശോധനയിൽ പിടിച്ചെടുത്തതിന്റെയോ രേഖകൾ ഹാജരാക്കാനോ വ്യക്തമായ വിശദീകരണം നൽകാനോ രണ്ടുപേർക്കും കഴിഞ്ഞില്ലെന്ന് വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് അറിയിച്ചു.

ഓണക്കാലത്ത് കള്ളുഷാപ്പ് ഉടമകളിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലിവാങ്ങുന്നുവെന്ന് വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ അഞ്ച് എക്സൈസ് ഓഫീസുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. കണ്ണൂരിലെ ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഓഫീസ്, സർക്കിൾ ഓഫീസ്, ആലക്കോട്, തലശേരി, ഇരിട്ടി റെയിഞ്ച് ഓഫീസുകൾ എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്‌ച്ച പരിശോധന നടത്തിയത്.

കോഴിക്കോട് മേഖലാ എസ്‌പി പ്രജീഷ് തോട്ടത്തിൽ, സ്പെഷ്യൽ സെൽ ഡിവൈഎസ്‌പി ചന്ദ്രൻ, ഇൻസ്പെക്ടർമാരായ ആർ വിനോദ്, അജിത്കുമാർ, സംജദ് ഖാൻ എന്നിവരുടെ നേതൃത്വത്തിൽ അതീവരഹസ്യമായാണ് റെയ്ഡ് നടത്തിയത്. മയക്കുമരുന്നിനെതിരെയും വ്യാജമദ്യത്തിനെതിരെയും നാടെങ്ങും റെയ്ഡ് നടത്തിവരുന്ന എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്നുതന്നെ വ്യാജമദ്യം പിടികൂടിയത് സേനയ്ക്കു തന്നെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

നേരത്തെ കണ്ണൂരിലെ ചില എക്സൈസ് ഓഫീസുകളിൽ നിന്നും പഴയ ഫയലുകളിൽ സൂക്ഷിച്ച അനധികൃത പണം വിജിലൻസ് പിടികൂടിയിരുന്നു. ഈ കേസ് ഇപ്പോൾ വിജിലൻസ് കോടതിയിൽ നടന്നുവരുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്നും തന്നെ മദ്യക്കടത്ത് സംഘത്തിൽ നിന്നും പിടികൂടിയ വ്യാജമദ്യം പിടികൂടിയത്.

ഇതു മറച്ചുവിൽക്കാനാണോ അതോ സ്വന്തം ഉപയോഗത്തിനാണോയെന്ന കാര്യം വിജിലൻസ് അന്വേഷിച്ചുവരികയാണ്. വരും ദിവസങ്ങളിലും റെയ്ഡു തുടരുമെന്ന് വിജിലൻസ് ഡി.വൈ. എസ്. പി ബാബുപെരിങ്ങോത്ത് അറിയിച്ചു.