വലിയതുറ: കുറഞ്ഞ ചെലവിൽ കെട്ടിടം നിർമ്മിച്ചുനൽകാമെന്നു കാണിച്ച് ഫേസ്‌ബുക്കിൽ പരസ്യം നൽകി നിരവധി പേരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത യാളെ പൊലീസ് അറസ്റ്റ് ചെയ്തു. പോത്തൻകോട് ഗുരുനിർമലത്തിൽ ദിനദേവനെ(46)യാണ് കോടികളുടെ തട്ടിപ്പു കേസിൽവലിയതുറ പൊലീസ് അറസ്റ്റുചെയ്തത്. വലിയതുറ സ്വദേശി മൃദുലാ മോഹന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. നൂറിലധികം പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ഇയാൾക്കൊപ്പമുള്ളവരെ പിടികൂടാനുണ്ട്.

ഇയാളുടെ ചതിയിൽപ്പെട്ട് 20 ലക്ഷം രൂപ വരെ ഇയാൾക്ക് അയച്ചു നൽകിയവരുണ്ട്. നിരവധി പേർക്കാണ് ലക്ഷങ്ങൾ നഷ്ടമായത്. വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് സാരഥി കൺസ്ട്രക്ഷൻ, സ്‌നേഹം ഗ്ലോബൽ ഫൗണ്ടഷേൻ(സ്‌നേഹം ഗ്രൂപ്പ്) എന്നീ പേരുകളിലാണ് വീട് വെച്ചുനൽകാമെന്ന് ഫേസ്‌ബുക്കിൽ പരസ്യം നൽകി ആളുകളെ കബളിപ്പിച്ചത്. കുറഞ്ഞ ചെലവിൽ വീടുവെച്ച് നൽകാമെന്ന ഇയാളുടെ വാക്കു വിശ്വസിച്ചാണ് മിക്കവരും വീട് വെച്ചുനൽകുന്നതിനുള്ള കരാറും നൽകിയത്. ആളുകളെ വിശ്വാസത്തിലെടുക്കാൻ ഇയാൾ എല്ലാവരുടേയും വീടുകളിൽ നേരിട്ടെത്തുകയും പ്ലാനിനെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

104 പേരിൽനിന്നു പണം തട്ടിയെടുത്തതായാണ് കേസ്. ഫേസ്‌ബുക്കിലൂടെ എത്തുന്ന ഫോൺ നമ്പരുകൾ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ഓരോ കക്ഷിയും നൽകുന്ന പ്‌ളാനിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തും.തുടർന്ന് 14,000 രൂപ നൽകി രജിസ്റ്റർ ചെയ്യണം. ഇതിന് രസീത് നൽകും. തുടർന്ന് വീട് വെച്ചുനൽകണമെന്ന് ആവശ്യപ്പെട്ടയാളുടെ സ്ഥലം സന്ദർശിച്ച് വിശദാംശങ്ങൾ രേഖപ്പെടുത്തും. ഇതിനുശേഷം 10 ലക്ഷം രൂപ മുൻകൂർ വാങ്ങും. ഗൂഗിൾപേ വഴിയാണ് എല്ലാവരും ഇയാളുടെ അക്കൗണ്ടിലേക്കു പണം നൽകിയതെന്നും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പലരിൽനിന്നും 10 ലക്ഷം മുതൽ 20 ലക്ഷം വരെ വാങ്ങിയതായി ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചെന്ന് വലിയതുറ പൊലീസ് പറഞ്ഞു.

ഇതേ രീതിയിലായിരുന്നു വലിയതുറ സ്വദേശി മൃദുലാ മോഹനെയും വലയിലാക്കിയത്. എന്നാൽ ചതിക്കപ്പെട്ട ഇവർ പൊലീസിൽ പരാതി നൽകിയതോടെയാണ് കോടികളുടെ തട്ടിപ്പിന്റെ കഥ പുറത്ത് വരുന്നത്. മൃദുലയിൽ നിന്ന് രജിസ്ട്രേഷൻ ഫീസ് വാങ്ങിയശേഷം ഇയാൾ സ്ഥലം കാണാനെത്തി. തുടർന്ന് വീടുവെക്കുമ്പോൾ തടസ്സമാകുമെന്നുകാട്ടി വളപ്പിലുള്ള മാവ്, പ്ലാവ് എന്നിവ മുറിച്ചുകൊണ്ടുപോയി.

എന്നാൽ, ഇതിന്റെ പണം ഇയാൾ നൽകിയിരുന്നില്ല. പലതവണ വിളിച്ചിട്ടും പണം തിരികെ നൽകിയില്ല. കാഴ്ചയ്ക്കു ബുദ്ധിമുട്ടുള്ള ഇവർ പിന്നീട് വലിയതുറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തട്ടിപ്പുനടത്തുന്ന സംഘത്തിൽപ്പെട്ടയാളാണെന്നു കണ്ടെത്തിയത്. തുടർന്ന് ഇയാളെ എസ്.എച്ച്.ഒ. ജി.എസ്.രതീഷിന്റെ നേതൃത്വത്തിൽ എസ്‌ഐ. ട്വിങ്കിൾ ശശി, സി.പി.ഒ. കിരൺ എന്നിവർ അറസ്റ്റുചെയ്തു. ഈ പണമുപയോഗിച്ച് തമിഴ്‌നാട്ടിൽ വസ്തുക്കൾ വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.