കൊൽക്കത്ത: വിവാഹ വാർഷികത്തിന് ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവ് ഭാര്യയ്ക്ക് നൽകിയ സമ്മാനത്തെച്ചൊല്ലി വിവാദം. തൃണമൂൽ കോൺഗ്രസിന്റെ മുൻ പ്രാദേശിക നേതാവായ റിയാസുൽ ഹഖ് ഭാര്യയ്ക്ക് 'എ.കെ-47' തോക്ക് സമ്മാനമായി നൽകിയെന്നാണ് ആരോപണം.

ഭാര്യ സബീന യാസ്മിൻ കൈയിൽ 'എ.കെ-47' തോക്കുമായി നിൽക്കുന്ന ചിത്രം കഴിഞ്ഞദിവസമാണ് റിയാസുൽ ഹഖ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വിവാഹവാർഷികത്തോട് അനുബന്ധിച്ച് ഭാര്യയ്ക്കുള്ള സമ്മാനമാണിതെന്നും അദ്ദേഹം കുറിച്ചിരുന്നു.

എന്നാൽ, കൈയിൽ തോക്കേന്തിനിൽക്കുന്ന സബീനയുടെ ചിത്രം വിവാദമായതോടെ റിയാസുൽ ഹഖ് ഇത് സാമൂഹികമാധ്യമങ്ങളിൽനിന്ന് നീക്കംചെയ്തു. ഭാര്യയുടെ കൈയിലുള്ളത് കളിത്തോക്കാണെന്നും തനിക്കെതിരേയുള്ള ആരോപണങ്ങൾ വ്യാജമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

സംഭവത്തിൽ അന്വേഷണം വേണമെന്ന് ബിജെപി.യും സിപിഎമ്മും ആവശ്യപ്പെട്ടു. അതേസമയം, തനിക്കെതിരേയുള്ള ആരോപണം തെറ്റാണെന്നും ഭാര്യയ്ക്ക് സമ്മാനിച്ചത് കളിത്തോക്കാണെന്നുമാണ് റിയാസുൽ ഹഖിന്റെ പ്രതികരണം.

അതേസമയം, റിയാസുൽ ഹഖിന്റെ വിവാഹസമ്മാനവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാണ് ബിജെപി.യുടെയും സിപിഎമ്മിന്റെയും ആവശ്യം. റിയാസിന് തോക്ക് ലഭിച്ചത് എവിടെനിന്നാണെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നായിരുന്നു ബിജെപി. ജില്ലാ പ്രസിഡന്റ് ധ്രുബോ സാഹയുടെ പ്രതികരണം.

'അദ്ദേഹം മുൻ തൃണമൂൽ നേതാവും ഡെപ്യൂട്ടി സ്പീക്കറുടെ അടുത്തയാളുമാണ്. എന്ത് സന്ദേശമാണ് അദ്ദേഹം ഇതിലൂടെ നൽകുന്നത്? ഇത് താലിബാൻ ഭരണത്തിനുള്ള പ്രോത്സാഹനമാണോ എന്നും ബിജെപി. ജില്ലാ പ്രസിഡന്റ് ചോദിച്ചു. സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അന്വേഷണം നടത്തണമെന്നും സിപിഎമ്മും ആവശ്യപ്പെട്ടു.

രാംപുർഹാത്തിലെ തൃണമൂൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ പ്രസിഡന്റായിരുന്ന റിയാസുൽ ഹഖ് ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബന്ധ്യോപധ്യായിയുടെ അടുത്ത അനുയായിയാണ്. മാസങ്ങൾക്ക് മുൻപാണ് റിയാസുൽ ഹഖ് പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് രാജിവെച്ചതെന്നാണ് വിവരം.