- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പിത്തോട്ടത്തിൽ ആനയെ മയക്കുവെടി വച്ചതിന് പിന്നാലെ അബദ്ധത്തിൽ കുഴിയിൽ വീണു; വെടിയേറ്റ 'ഭീമ' തിരിഞ്ഞോടിയെത്തി; ആനയുടെ ആക്രമണത്തിൽ മയക്കുവെടി വിദഗ്ധൻ 'ആനെ വെങ്കിടേഷിന് ദാരുണാന്ത്യം
ബെംഗളൂരു: കർണാടകയിലെ ഹള്ളിയൂരിൽ മയക്കുവെടിവയ്ക്കാൻ വന്നയാളെ പരുക്കേറ്റ് അക്രമാസക്തനായ ആന കുത്തിക്കൊന്നു. വനംവകുപ്പിന്റെ നിർദേശ പ്രകാരം മയക്കുവെടി വയ്ക്കാനെത്തിയ എച്ച്.എച്ച്. വെങ്കടേഷാണ് ഭീമ എന്ന ആനയുടെ കുത്തേറ്റു മരിച്ചത്. പരുക്കേറ്റതിനെ തുടർന്ന് അക്രമാസക്തനായ ഭീമയെ ശാന്തനാക്കുന്നതിനു വേണ്ടിയാണ് കർണാടക വനംവകുപ്പ് വെങ്കടേഷിനെ എത്തിച്ചത്.
കാപ്പിത്തോട്ടത്തിൽ വച്ച് ഭീമയെ വെടിവച്ചശേഷം മറ്റുരണ്ടുപേർക്കൊപ്പം റോഡിലേക്കു ചാടിയ വെങ്കടേഷ് അബദ്ധത്തിൽ കുഴിയിൽ വീണു. തിരിഞ്ഞെത്തിയ ആന വെങ്കടേഷിനെ ആക്രമിക്കുകയായിരുന്നു എന്ന് ഫോറസ്റ്റ് ഡപ്യൂട്ടി കൺസർവേറ്റർ മോഹൻകുമാർ പറഞ്ഞു. നെഞ്ചിലും തലയിലും ആഴത്തിൽ പരുക്കേറ്റ വെങ്കടേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കർണാടകയിലെ ഹാസൻ ജില്ലയിലെ ആളുരുവിൽ ഇന്നലെ ആയിരുന്നു ആക്രമണം. ആനകളെ മയക്കുവെടി വെക്കുന്നതിൽ വിദഗ്ധനായ 'ആനെ വെങ്കിടേഷ്' എന്നറിയപ്പെടുന്ന എച്ച് എച്ച് വെങ്കിടേഷ് ആണ് മരിച്ചത്. ആനയെ മയക്കുവെടി വച്ചപ്പോൾ അത് പിന്തിരിഞ്ഞോടി വെങ്കിടേഷിനെ ആക്രമിക്കുകയായിരുന്നു. വെങ്കിടേഷിനെ ആന ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് വെങ്കിടേഷിനെ ആന ആക്രമിച്ചത്. മറ്റൊരു ആനയുമായി ഏറ്റുമുട്ടി പരുക്കേറ്റതിനെ തുടർന്ന് അക്രമാസക്തനായ 'ഭീമ' എന്ന ആനയെ മയക്കുവെടി വെക്കാനാണ് വെങ്കിടേഷ് എത്തിയിരുന്നത്. കാപ്പിത്തോട്ടത്തിൽ വെച്ച് മയക്കുവെടി ഏറ്റെങ്കിലും ആന തിരിഞ്ഞ് വെങ്കിടേഷിന് നേരെ ഓടിയെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെങ്കിടേഷ് ഒരു കുഴിയിൽ വീണു. ഇതിനിടെ ആണ് വെങ്കിടേഷിന് ആനയുടെ ചവിട്ടേറ്റത്. വെങ്കിടേഷിനൊപ്പം രണ്ട് പേരുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിന് പിന്നാലെ കൂടെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ബഹളം വച്ചാണ് ആനയെ ഓടിച്ചത്. ശേഷം വെങ്കിടേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. ചവിട്ടേറ്റ് നെഞ്ചിലും തലയിലും ആഴത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ മോഹൻകുമാർ പറഞ്ഞു.
മുൻ വനം വകുപ്പ് ഗാർഡ് ആയിരുന്ന വെങ്കിടേഷ് വിരമിച്ച ശേഷം എലഫന്റ് ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ജോലി നോക്കി വരികയായിരുന്നു. സംഭവത്തെ തുടർന്ന് സർക്കാർ വെങ്കടേഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. അതേസമയം വെങ്കടേഷിന്റെ മരണത്തിന്റെ പൂർണഉത്തരവാദിത്തം സർക്കാരിനാണെന്ന് വിവിധ കോണുകളിൽനിന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ നീക്കമാണ് വെങ്കടേഷിനു ജീവൻ നഷ്ടമാകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മകൻ പൊലീസിൽ പരാതി നൽകി. ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ, അസിസ്റ്റന്റ് കൺസർവേറ്റർ, ഫോറസ്റ്റ് ഓഫിസർ എന്നിവരെ പ്രതി ചേർത്താണ് പരാതി നൽകിയിരിക്കുന്നത്.
ഭീമയെ ശാന്തനാക്കുന്നതിനായി രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനിടെയാണ് വെങ്കടേഷിനു ജീവൻ നഷ്ടമായത്. വനംവകുപ്പിൽനിന്ന് വിരമിച്ച വെങ്കടേഷ് എലഫന്റ് ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്നതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
മറ്റൊരു ആനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീമയ്ക്ക് പരുക്കേറ്റത്. ഓഗസ്റ്റ് 25 മുതൽ ചികിത്സനടത്തി എങ്കിലും ആനയുടെ നില ദിനംപ്രതി വഷളാകുകയും അക്രമാസക്തനാകുകയും ചെയ്തു. തുടർന്നാണ് മയക്കുവെടിവയ്ക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.




