റായ്പുർ: ഛത്തീസ്‌ഗഢിലെ റായ്പുരിൽ രക്ഷാബന്ധൻ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങവെ പ്രായപൂർത്തിയാകാത്ത ഒരാളെയടക്കം രണ്ടുസഹോദരിമാരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികളായ പത്ത് പേർ അറസ്റ്റിൽ. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്തെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരിൽ ഒരാൾ പ്രാദേശിക ബിജെപി. നേതാവിന്റെ മകനാണ്.

റായ്പുരിലെ മന്ദിർ ഹസൗദിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. രക്ഷാബന്ധൻ ആഘോഷം കഴിഞ്ഞ് ആൺസുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 19, 16 വയസ്സുള്ള പെൺകുട്ടികളെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്ന ഇവരെ മൂന്നുപേർ ചേർന്ന് തടഞ്ഞുനിർത്തുകയായിരുന്നു.

മൂന്നുപേർ പണവും മൊബൈൽ ഫോണും തട്ടിയെടുത്തു. തുടർന്ന് നാലു ഇരുചക്രവാഹനങ്ങളിലായി എത്തിയ ഏഴുപേർ ചേർന്ന് സഹോദരിമാരെ ഒഴിഞ്ഞ പ്രദേശത്തേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കത്തിമുനയിൽ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. മൂന്നുപേരേയും വഴിയരികിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.

തുടർന്ന് ഒരുവിധം അടുത്തുള്ള പൊലീസ് പട്രോൾ യൂണിറ്റിലെത്തി പരാതി പറയുകയായിരുന്നു. പരാതിയെത്തുടർന്ന് പൊലീസ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പത്തുപേരേയും അറസ്റ്റുചെയ്തത്.

അറസ്റ്റിലായ പൂനം ഠാക്കൂർ സ്ഥിരം കുറ്റവാളിയാണെന്നും ഇയാളുടെ പിതാവ് ബിജെപി. നേതാവാണെന്നും പൊലീസ് അറിയിച്ചു. പൂനം ഠാക്കൂറിന്റെ പിതാവ് ലക്ഷ്മി നാരായൺ സിങ് ഠാക്കൂർ, മന്ദിർ ഹസൗദ് മണ്ഡലം വൈസ് പ്രസിഡന്റാണ്. മന്ദിർ ഹസൗദ്, അരാങ് പൊലീസ് സ്റ്റേഷനുകളിലായി പൂനം ഠാക്കൂറിനെതിരെ അഞ്ചുകേസുകൾ നിലവിലുണ്ട്. 2019-ലും 2022-ലും ഇയാളെ അറസ്റ്റുചെയ്തിരുന്നു. കൊലപാതക, ബലാത്സംഗം അടക്കം കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. കഴിഞ്ഞമാസമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.