ചെന്നൈ: ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കത്തിന്റെ പേരിൽ റെഡ്ഹിൽസിൽ രണ്ട് യുവാക്കളെ ജിംനേഷ്യത്തിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ എട്ട് പ്രതികൾ അറസ്റ്റിൽ. ചെന്നൈ പെരുങ്കാവൂർ സ്വദേശികളായ എസ്.വിജയ്(26), എസ്.ശ്രീനാഥ്(20) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അജയ്കുമാർ(27) ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെ റെഡ്ഹിൽസിലെ പൊതു ജിംനേഷ്യത്തിൽവച്ചാണ് യുവാക്കളെ വെട്ടിക്കൊന്നത്. കണ്ണംപാളയം സ്വദേശി തമിഴരശന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ ആക്രമിച്ചത്. ഓഗസ്റ്റ് രണ്ടാം തീയതി മുഖ്യപ്രതിയായ തമിഴരശനും കൊല്ലപ്പെട്ട യുവാക്കളും തമ്മിൽ ചില തർക്കങ്ങളുണ്ടായെന്നും ഇതിന്റെ പ്രതികാരമായാണ് രണ്ടുപേരെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസിന്റെ വിശദീകരണം. കേസിൽ തമിഴരശന് പുറമേ ഇയാളുടെ കൂട്ടാളികളായ ഏഴുപേരാണ് പിടിയിലായിട്ടുള്ളത്.

ഓഗസ്റ്റ് രണ്ടിന് ഷോളാവരം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് യുവാക്കളും തമിഴരശനും തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുസംഘങ്ങളെയും പറഞ്ഞയച്ചു. സംഭവത്തിന് പിന്നാലെ വിജയിനെയും ശ്രീനാഥിനെയും കൊല്ലുമെന്ന് തമിഴരശൻ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടുദിവസം മുൻപ് വധശ്രമം ഉണ്ടായെങ്കിലും രണ്ടുപേരും രക്ഷപ്പെട്ടു.

തുടർന്നാണ് ഇവർ സുഹൃത്തായ അജയ്കുമാറിനൊപ്പം റെഡ്ഹിൽസിലെ ജിംനേഷ്യത്തിൽ അഭയം പ്രാപിച്ചത്. രണ്ടുപേരും ജിമ്മിലുണ്ടെന്ന വിവരം കിട്ടിയതോടെ പ്രതികൾ വെള്ളിയാഴ്ച പുലർച്ചെ ഇവിടേക്കെത്തി. മൂന്ന് ബൈക്കുകളിലായി എത്തിയ പ്രതികൾ ജിംനേഷ്യത്തിന്റെ വാതിൽ തകർത്ത് അകത്തുകയറുകയും പിന്നാലെ ശ്രീനാഥിനെയും വിജയിനെയും വെട്ടിക്കൊല്ലുകയുമായിരുന്നു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അജയ്കുമാറിനും വെട്ടേറ്റത്.

മാരകമായി പരിക്കേറ്റ ശ്രീനാഥും വിജയും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജയ്കുമാറിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.