- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനഃപൂർവം തന്റെ കാറിലിടിപ്പിച്ചെന്ന കൃഷ്ണകുമാറിന്റെ പരാതിയിൽ കേസെടുക്കാതെ പൊലീസ്; അന്വേഷണം നടത്തുമെന്ന് പ്രതികരണം; വാഹനത്തിലുണ്ടായിരുന്ന പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് കൃഷ്ണകുമാർ
പന്തളം: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ വാഹന വ്യൂഹത്തിൽ പൊലീസുകാർ സഞ്ചരിച്ച ബസ് മനഃപൂർവം തന്റെ കാറിൽ ഇടിപ്പിച്ചെന്ന ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ പരാതിയിൽ കേസെടുക്കാതെ പൊലീസ്. പരാതിയുടെ അടിസ്ഥാനത്തിൽ നിലവിൽ കേസെടുത്തിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും എസ്എച്ച്ഒ ടി.ഡി.പ്രജീഷ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പൊലീസ് അപമര്യാദയായി പെരുമാറിയതായി കൃഷ്ണകുമാർ ആരോപിച്ചിരുന്നു.
പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പര്യടനത്തിന് പോകുമ്പോൾ എം സി റോഡിൽ പന്തളം ജംഗ്ഷന് തൊട്ടടുത്തുവച്ചായിരുന്നു സംഭവം ഉണ്ടായത്. ബസിന് കടന്നുപോകാൻ ആവശ്യത്തിലേറെ സ്ഥലമുണ്ടായിരുന്നിട്ടും തന്റെ കാറാണെന്ന് വ്യക്തമായതോടെ പൊലീസുകാർ മനഃപൂർവം ഇടിപ്പിക്കുകയായിരുന്നു എന്നാണ് കൃഷ്ണകുമാർ ആരോപിക്കുന്നത്.
അപകടത്തിനുശേഷം ബസിലുണ്ടായിരുന്ന പൊലീസുകാർ അസഭ്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.''മുഖ്യമന്ത്രി പോയി 20 മിനിറ്റുകൾക്ക് ശേഷമാണ് സ്‌ട്രൈക്കർ ഫോഴ്‌സിന്റെ ബസ് വരുന്നത്. നഗരത്തിൽ തിരക്കിനിടെ ഹോണടിച്ച് ബഹളമുണ്ടാക്കിയാണ് വാഹനമെത്തിയത്.
വാഹനം ഇടിപ്പിച്ചശേഷം എടാ നീ മുഖ്യമന്ത്രിയുടെ വണ്ടി തടയുമോടാ, തുടങ്ങി മോശം സംസാരമാണ് ഉണ്ടായത്. പാർട്ടിയുടെ കൊടി കണ്ടിട്ട് ഇടിപ്പിച്ചതാകാം. മനസിനകത്തെ രാഷ്ട്രീയ വിരോധമായിരിക്കാം പുറത്ത് വന്നത്. ഇത്തരക്കാരെ മുഖ്യമന്ത്രി നിയന്ത്രിക്കണം. എല്ലാവരേയും ഇടിച്ച് തെറിപ്പിച്ച് പോകാനാണ് ശ്രമമെങ്കിൽ മുഖ്യമന്ത്രി ഹെലികോപ്ടറിൽ പോകുന്നതാണ് നല്ലത്. മനുഷ്യന് തലവേദനയില്ലല്ലോ' എന്നായിരുന്നു അപകടമുണ്ടായ ദിവസം കൃഷ്ണകുമാർ പ്രതികരിച്ചത്.
'പൊലീസ് വാഹനം വരുമ്പോൾ സ്ഥലം ഉണ്ടെങ്കിലേ മാറ്റികൊടുക്കാൻ പറ്റൂ. വണ്ടി തൂക്കി മാറ്റാൻ കഴിയില്ലല്ലോ. കുറച്ച് മുന്നോട്ട് പോയി ഒതുങ്ങി കൊടുക്കാം എന്ന് കരുതുമ്പോഴേക്ക് വണ്ടി വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാരണം, കാറിനകത്തെ ബിജെപി കൊടി കണ്ട് അസഹിഷ്ണുതയാണ്.' കൃഷ്ണകുമാർ പറഞ്ഞു
അവർ ചീത്ത വിളിക്കുമ്പോൾ തിരിച്ച് വിളിക്കാൻ അറിയാഞ്ഞിട്ടല്ല, പേടിയുമില്ല. യൂണിഫോമിലുള്ളവരോട് അപമര്യാദയായി പെരുമാറരുതെന്ന് സർവ്വീസിലുണ്ടായിരുന്ന അച്ഛൻ പറഞ്ഞിട്ടുണ്ട്. പൊലീസ് ഫോഴ്സിന് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന, ഇത്തരം കാക്കിക്കുള്ളിലെ കാപാലികന്മാരുണ്ട്. ഗുണ്ടകളാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി എതിർക്കാം. പക്ഷേ ഇത്തരം ഗുണ്ടാ പ്രവർത്തികളും അപായപ്പെടുത്താൻ ശ്രമിക്കുന്ന പരിപാടികളും ഒരിക്കലും നിലനിൽക്കില്ല. ഇത് പാർട്ടികളുടെ തന്നെ അന്ത്യം കുറിക്കാൻ പോകുന്ന നടപടികളുടെ തുടക്കമാണെന്നും കൃഷ്ണകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.




