മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിലെ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കട്ടിലിനടിയിലെ പെട്ടിയിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. നീലിമ ഗണേശ് കാപ്‌സെ(45), ആയുഷ് ?കാപ്‌സെ(22)എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

രണ്ടുദിവസമായി വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെന്ന കാര്യം അയൽക്കാർ ബന്ധുക്കളുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്ന് നാഗ്പൂരിൽ നിന്ന് ബന്ധുക്കളെത്തിയപ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയതായി കണ്ടു. ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് പരിശോധിച്ചപ്പോൾ വീടിന്റെ മുൻവാതിൽ അകത്തുനിന്ന് പൂട്ടിയതായി മനസിലാക്കി. പിന്നീട് അടുക്കള വാതിൽ വഴി അകത്തുകടക്കുകയായിരുന്നു. വീടിനകത്തെ മുറിയിൽ രക്തക്കറ കണ്ടതിനാലാണ് കട്ടിലിനടിയിൽ വെച്ച പെട്ടി തുറന്നുനോക്കിയത്.

സംഭവത്തിനു പിന്നാലെ സ്ത്രീയുടെ മൂത്തമകനെ കാണാനില്ലെന്നും അയാളുടെ മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണെന്നും അയൽക്കാർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചിരിക്കുകയാണ്. പൊലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.