- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെ കാമുകിയുടെ വീട്ടിൽ നിന്നും പിടികൂടി; ഇരുവരുടെയും തലമുടി പാതി മുണ്ഡനം ചെയ്ത് കൈകൾ കെട്ടി തെരുവിലൂടെ നടത്തിച്ചു; ചെരിപ്പുമാല അണിയിച്ചു; യുവതിക്കും ബന്ധുക്കൾക്കുമെതിരെ കേസെടുത്ത് പൊലീസ്
വിശാഖപട്ടണം: കാമുകിയുടെ വീട്ടിൽ രഹസ്യ സന്ദർശനത്തിന് എത്തിയ ഭർത്താവിനെ പിടികൂടിയതിന് പിന്നാലെ ഇരുവരുടെയും തല മുണ്ഡനം ചെയ്ത് തെരുവിലൂടെ നടത്തിച്ച് ഭാര്യയും ബന്ധുക്കളും. ഭർത്താവിനെയും കാമുകിയെയും പരസ്യമായി ആക്രമിച്ച യുവതിക്കും ബന്ധുക്കൾക്കും എതിരെ പൊലീസ് കേസെടുത്തു.
ആന്ധ്രാപ്രദേശിലെ ശ്രീസത്യസായി ഗ്രാമത്തിലെ ലേപാക്ഷി ഗ്രാമത്തിലാണ് സംഭവം. ലേപാക്ഷി സ്വദേശിയായ ഹുസൈൻ(30), കാമുകി ഷബാന(32) എന്നിവരെയാണ് ഹുസൈന്റെ ഭാര്യ നാസിയയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. തിങ്കളാഴ്ചയാണ് യുവാവിനും കാമുകിക്കും നേരേ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ഇരുവരുടെയും തലമുണ്ഡനം ചെയ്ത അക്രമികൾ, രണ്ടുപേരെയും കൈകൾ കെട്ടി തെരുവിലൂടെ നടത്തിക്കുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു. ഷബാനയെ ചവിട്ടി പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്. ഹുസൈനും ഷബാനയും തമ്മിൽ വിവാഹേതരബന്ധമുണ്ടെന്നാണ് ഹുസൈന്റെ ഭാര്യ നാസിയയുടെ ആരോപണം. ഷബാന രണ്ടുവർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണ് താമസം.
തിങ്കളാഴ്ച ഷബാനയുടെ വീട്ടിലെത്തിയ നാസിയ ഇവിടെനിന്ന് ഹുസൈനെ പിടികൂടി. തുടർന്നാണ് ഇരുവരുടെയും തലമുടി പാതി മുണ്ഡനം ചെയ്തത്. ശേഷം കയർ കൊണ്ട് രണ്ടുപേരെയും പരസ്പരം ബന്ധിപ്പിച്ചശേഷം തെരുവിലൂടെ നടത്തിക്കുകയും ചെരിപ്പുമാല അണിയിക്കുകയുമായിരുന്നു. ഇതെല്ലാം നാസിയയും ബന്ധുക്കളും മൊബൈൽഫോണിൽ പകർത്തുകയും ചെയ്തു.
തല മുണ്ഡനം ചെയ്ത് തെരുവിലൂടെ നടത്തിച്ചശേഷം രണ്ടുപേരെയും ഓട്ടോറിക്ഷയിൽ കയറ്റി ഹുസൈന്റെ ഗ്രാമത്തിലേക്കാണ് കൊണ്ടുപോയത്. ഇവിടെവെച്ച് നാട്ടുകാർ ഇടപെടുകയും നാസിയയെയും ബന്ധുക്കളെയും പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തിൽ നാസിയക്കും ബന്ധുക്കൾക്കും എതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു.




