- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും; പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസിനോട് ബന്ധുക്കൾ
ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് എറണാകുളം റെയ്ഞ്ച് ഡിഐജി പുട്ടവിമലാദിത്യ. പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കുമെന്നും ഗാർഡ് സംവിധാനം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുക.
ഇടുക്കി ചെറുതോണി അണക്കെട്ടിലുണ്ടായ സുരക്ഷ വീഴ്ചയിൽ സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു ആറു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഒറ്റപ്പാലം സ്വദേശി ഡാമിൽ എത്തിയ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെ ആണ് നടപടി.
പ്രതിയെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ഊർജ്ജമാക്കിയെന്നും ലുക്കൗട്ട് നോട്ടീസ് ഉടൻ പുറപ്പെടുവിക്കുമെന്ന് ഇടുക്കി എസ്‌പി വിയു കുര്യാക്കോസ് പറഞ്ഞു. അതേസമയം പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി ബന്ധുക്കൾ പറഞ്ഞതായും കേസിൽ തീവ്രവാദ ബന്ധത്തിന് നിലവിൽ തെളിവുകളില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
ചെറുതോണി അണക്കെട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന്റെ ടൈമറിലും എർത്ത് വയറിലും മറ്റുമായി 11 താഴുകൾ ഘടിപ്പിച്ചതായാണു കണ്ടെത്തിയത്. അണക്കെട്ടിന്റെ ഷട്ടറിനെ ബന്ധിപ്പിച്ചിരിക്കുന്ന വടങ്ങളിൽ എന്തോ ദ്രാവകം ഒഴിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജൂലൈ 22ന് ഉച്ചകഴിഞ്ഞ് 3.15ന് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഹൈമാസ്റ്റ് ലൈറ്റിനോടു ചേർന്നു താഴുകൾ കണ്ടെത്തിയതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.
ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസാണ് കേസിലെ പ്രതി. ഇയാൾ ഡാമിൽ കടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പൊലീസുകാരെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. ഇടുക്കി ആർ ക്യാമ്പിലെ പൊലീസുകാരായ രാജേഷ് കെ, ബിനോജ് വി എ, അബ്ദുൾ ഗഫൂർ, സുരേന്ദ്രൻ പി ആർ, അജേഷ് കെ ജി, മനു ഒ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
സന്ദർശകരെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കടത്തി വിടേണ്ടത്. എന്നാൽ മുഹമ്മദ് നിയാസിനെ പരിശോധനകൾ ഇല്ലാതെ കടത്തി വിട്ടുവെന്ന് അഡീഷണൽ എസ്‌പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു.
ചെറുതോണിയിൽ നിന്നാണ് ഇയാൾ താഴുകൾ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജൂലൈ 22നാണ് മുഹമ്മദ് നിയാസ് സന്ദർശക പാസ് എടുത്ത് ഡാമിൽ കയറിയത്. പിന്നീട് 11 ഇടങ്ങളിൽ താഴിട്ട് പൂട്ടുകയായിരുന്നു. തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിക്കുകയായിരുന്നു. ഡാമിന് കേടുപാട് സംഭവിച്ചില്ലെന്നാണ് വിദഗ്ദ്ധ പരിശോധനയിൽ വ്യക്തമായത്. സംഭവത്തിൽ മിലിറ്ററി ഇന്റലിജൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.




