പട്‌ന: ബിഹാറിൽ സ്‌കൂൾ ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് ആറാം വിദ്യാർത്ഥിനിയെ സ്‌കൂൾ ഡയറക്ടറുടെ മകൻ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. 2017ൽ പെൺകുട്ടി ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പീഡനം ആരംഭിച്ചത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി രണ്ട് വർഷത്തോളം പീഡനത്തിന് ഇരയാക്കിയെന്ന് പരാതി ഉയർന്നിരുന്നു. സമാനമായ പരാതിയുമായി കൂടുതൽ വിദ്യാർത്ഥിനികൾ രംഗത്ത് വന്നതോടെ കൂടുതൽ അന്വേഷണം നടത്തണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.

ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതോടെ 12 വയസ്സ് മാത്രം പ്രായമുള്ള വിദ്യാർത്ഥിനിയെ, പ്രിൻസിപ്പൽ ലൈബ്രറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മുറിയിൽ കയറ്റിയ ശേഷം വാതിൽ പുറത്തുനിന്ന് പൂട്ടി ലൈറ്റ് ഓഫ് ചെയ്തു. ഈ മുറിയിൽ സ്‌കൂൾ ഡയറക്ടറുടെ മകനുണ്ടായിരുന്നു. ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു. ഈ സമയം പ്രിൻസിപ്പൽ പുറത്ത് കാവൽ നിന്നു.

പീഡിപ്പിച്ചശേഷം പ്രിൻസിപ്പലിന്റെ നിർദേശമനുസരിച്ച് ഡയറക്ടറുടെ മകൻ പുറത്തുപോയി. മുറിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയെ പ്രിൻസിപ്പൽ പിടിച്ചുവച്ചു. യൂണിഫോമിലെ രക്തക്കറ തുടച്ചുനീക്കുകയും മുടിെകട്ടിക്കൊടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് നിർദേശിച്ചശേഷം കുട്ടിയെ ക്ലാസിലേക്ക് അയച്ചു.

ഭയം മൂലം പീഡനത്തെക്കുറിച്ച് കുട്ടി പുറത്തുപറഞ്ഞില്ല. പിന്നീട് പീഡനം തുടരുകയായിരുന്നു. പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ രക്തസ്രാവം മൂലം പെൺകുട്ടി ഒരുമാസത്തോളം കിടപ്പിലായി. സ്‌കൂളിലേക്ക് പോകാനും മടിച്ച കുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചു. 2018ൽ വിദ്യാർത്ഥി മറ്റൊരു സ്‌കൂളിലേക്ക് മാറി. ഒടുവിൽ പീഡന വിവരം സഹോദരനെ അറിയിച്ചതിനെ തുടർന്നാണു പൊലീസിൽ പരാതി നൽകിയത്.

അന്വേഷണത്തെ തുടർന്ന് പ്രതിയായ രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ഇതിനിടെ സമാനമായ അനുഭവമുണ്ടായെന്ന് അറിയിച്ച് കൂടുതൽ പേർ രംഗത്തെത്തിയെന്ന് ബിഹാർ കോഷി റെയ്ഞ്ച് ഡിഐജി ശിവ്ദീപ് വാമന്റാവു അറിയിച്ചു. പുതിയ പരാതികളിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കുറ്റക്കാർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും പീഡനത്തിനിരയായ പെൺകുട്ടിക്ക് ആവശ്യമായ സഹായം നൽകണമെന്നും ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതി. പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നിരവധിപ്പേർ രംഗത്തെത്തി.