ബെംഗളൂരു: ലിവിങ് ടുഗതറിലായിരിക്കെ വിവാഹ വാഗ്ദാനം നൽകി നിർബന്ധിച്ച് മതംമാറ്റുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന സോഫ്റ്റ് വെയർ എൻജിനീയറായ യുവതിയുടെ പരാതിയിൽ 32കാരായ സോഫ്റ്റ് വെയർ എൻജിനീയറെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ശ്രീനഗർ സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനുമായ മൊഗിൽ അഷ്‌റഫ് ബേയ്ഗ് (32) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ തന്നെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയായാണ് പരാതിക്കാരി.

പരാതിക്കാരിയുമായി 2018 മുതൽ അടുപ്പത്തിലായിരുന്നു മോഗിൽ. ലിവിങ് ടുഗതറിലായിരുന്ന ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നുവെന്നും എന്നാൽ, പിന്നീട് യുവാവിന്റെ മതത്തിലേക്ക് യുവതിയെ നിർബന്ധിച്ച് മതമാറ്റുകയായിരുന്നു.

വിവാഹ ചെയ്യുമെന്ന് പറഞ്ഞ് യുവതിയെ ലൈംഗിക ബന്ധത്തിന് യുവാവ് നിർബന്ധിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. ഫോണിലൂടെ യുവാവിന്റെ സഹോദരൻ ഫോണിൽ വിളിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായെന്നും മതമാറ്റത്തിന് നിർബന്ധിക്കപ്പെട്ടതായും വെളിപ്പെടുത്തികൊണ്ട് യുവതി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. താൻ 'ലൗജിഹാദി'നും പീഡനത്തിനും നിർബന്ധിത മതമാറ്റത്തിനം ഇരയായെന്നും തന്റെ ജീവൻ അപകടത്തിലാണെന്നും യുവതി എക്‌സ് പ്ലാറ്റ്‌ഫോമിലിട്ട കുറിപ്പിൽ ആരോപിച്ചു.

ബെംഗളൂരുവിൽ പൊലീസ് സഹായം നൽകണമെന്നും യുവതി ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയെതുടരന്ന് ബെംഗളൂരുവിലെ ബെലന്ദൂർ പൊലീസ് സെപ്റ്റംബർ ഏഴിനാണ് കേസെടുക്കുന്നത്. സംഭവം നടന്ന സ്ഥലം മറ്റൊരിടത്തിലായതിനാൽ ഹെബ്ബാഗൊഡി പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു.

സെപ്റ്റംബർ 14ന് ഹെബ്ബാഗൊടി പൊലീസ് പീഡനത്തിനും വഞ്ചനാക്കുറ്റത്തിനും കർണാടക മതപരിവർത്തന നിരോധ നിയമം ഉൾപ്പെടെ ചേർത്ത് കേസെടുത്തു. ഇതിനിടയിൽ പ്രതി ശ്രീനഗറിലേക്ക് മടങ്ങിയിരുന്നു. ബുധനാഴ്ചയാണ് കർണാടക പൊലീസ് ശ്രീനഗറിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. വ്യാഴാഴ്ച ബെംഗളൂരുവിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. തുടർന്ന് പ്രതിയെ കോടതി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ അന്വേഷണം നടക്കുകയാണെന്നും എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബൽദൻഡി പറഞ്ഞു.