ജയ്പുർ: എട്ടുവയസ്സുകാരനെ കൊലപ്പെടുത്തി പച്ചക്കറിത്തോട്ടത്തിൽ കുഴിച്ചിട്ട സംഭവത്തിൽ രണ്ടുവർഷത്തിന് ശേഷം അമ്മയും കാമുകനും അറസ്റ്റിൽ. ഇരുവരുടേയും അവിഹിതബന്ധം അറിഞ്ഞതിന്റെ പേരിലാണ് എട്ടുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ ഭരത്പുർ രുപ്ഭാസ് സ്വദേശികളായ ഹേമലത(35), കാമുകനായ കൃഷ്ണകാന്ത്(24) എന്നിവരെയാണ് ഭരത്പുർ എസ്‌പി. മൃദുൽ കച്ച്വയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

രണ്ടുവർഷം മുൻപ് തെളിവൊന്നും ലഭിക്കാതെ അന്വേഷണം വഴിമുട്ടിയ കേസിൽ എസ്‌പി.യുടെ നേത്വത്തിലുള്ള സംഘം വീണ്ടും അന്വേഷണം നടത്തിയതോടെയാണ് കൊലക്കേസിൽ പ്രതികൾ കുടുങ്ങിയത്. 2021 ഫെബ്രുവരിയിൽ എട്ടുവയസ്സുള്ള മകൻ ഗോലുവിനെ കാണാനില്ലെന്നാരോപിച്ച് ഹേമലതയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരി 18-ന് ഗ്രാമത്തിലെ പച്ചക്കറിത്തോട്ടത്തിൽ കുഴിച്ചിട്ടനിലയിൽ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. എന്നാൽ, കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കാത്തതിനാൽ അതേവർഷം ഡിസംബറോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.

പ്രതികളെക്കുറിച്ച് യാതൊരുസൂചനയും കിട്ടാതിരുന്നതോടെയാണ് പൊലീസ് സംഘം അന്വേഷണം അവസാനിപ്പിച്ചത്. ഒരുമാസം മുൻപ് ഭരത്പുർ എസ്‌പി.യായ മൃദുൽ കച്ച്വയുടെ നേതൃത്വത്തിൽ തെളിയാതെകിടക്കുന്ന കേസുകളിൽ വീണ്ടും അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് എട്ടുവയസ്സുകാരന്റെ ദുരൂഹമരണത്തിലും വഴിത്തിരിവുണ്ടായത്.

മൊബൈൽഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ചാണ് ഹേമലതയും കാമുകനായ കൃഷ്ണകാന്തും ചേർന്ന് എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 2021 ഫെബ്രുവരിയിൽ അമ്മയെയും കാമുകനെയും സ്വന്തംവീട്ടിൽവെച്ച് കാണാൻപാടില്ലാത്തസാഹചര്യത്തിൽ മകൻ കണ്ടിരുന്നു. ഇക്കാര്യം പിന്നീട് ബന്ധുക്കളോട് പറയുമെന്നും കുട്ടി പറഞ്ഞു. ഇതോടെ പ്രതികൾ തമ്മിലുള്ള അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് എട്ടുവയസ്സുകാരനെ കൊന്ന് കുഴിച്ചിട്ടതെന്നും പൊലീസ് പറയുന്നു.