ന്യൂഡൽഹി: സുഹൃത്തിന്റെ കുടുംബത്തിൽ നിന്നും പണം തട്ടിയെടുക്കാൻ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളിൽ ഒരാൾ അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. വായ്പയെടുത്ത് വാങ്ങിയ മോട്ടോർസൈക്കിളിന്റെ മാസത്തവണ അടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്നാണ് പണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണ് സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സുഹൃത്തിനെ കൊലപ്പെടുത്താൻ ഗൂഢാലോചനയിൽ പങ്കാളിയായ രണ്ടാമത്തെ പ്രതിക്കായുള്ള തിരച്ചിൽ അന്വേഷണ സംഘം തുടരുകയാണ്.

ഡൽഹി സ്വദേശിയായ സച്ചിനാണ് പിടിയിലായ പ്രതി. നിതിൻ എന്ന കൂട്ടുകാരനെയാണ് സച്ചിനും കൂട്ടാളിയും ചേർന്ന് കൊലപ്പെടുത്തിയത്. നിതിന്റെ കുടുംബത്തിൽ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് സുഹൃത്തിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതെന്നും പൊലീസ് പറയുന്നു.

വീട്ടുച്ചെലവ് താങ്ങാൻ കഴിയാതെ വന്നതോടെയും മോട്ടോർ സൈക്കിൾ വായ്പയുടെ മാസംതോറുമുള്ള അടവ് മുടങ്ങിയതിനാലുമാണ് സച്ചിൻ സുഹൃത്തിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്. നിതിനെ 2018 മുതൽ സച്ചിന് അറിയാം.

നിതിനെ തട്ടിക്കൊണ്ടുപോകുന്നതിനെ കുറിച്ച് സച്ചിൻ മറ്റൊരു കൂട്ടുകാരനായ അരുണുമായി ചർച്ച നടത്തി. നിതിൻ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞ ഇരുവരും നിതിനെ തട്ടിക്കൊണ്ടുപോയി കുടുംബത്തിൽ നിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുക്കാനാണ് പദ്ധതിയിട്ടത്.

സംഭവദിവസമായ സെപ്റ്റംബർ 19ന് മദ്യപിക്കാനായി സച്ചിൻ നിതിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിൽ അരുൺ ഉണ്ടായിരുന്നു. തുടർന്ന് മൂവരും കൂടി മദ്യം വാങ്ങാനായി ഗസ്സിയാബാദിലേക്ക് പോയി. മദ്യം വാങ്ങി റെയിൽവേ ട്രാക്കിൽ ഇരുന്ന് മൂവരും മദ്യപിച്ചു. തുടർന്ന് സച്ചിനും അരുണും ചേർന്ന് നിതിനെ കുത്തിക്കൊന്നു എന്നതാണ് കേസ്.

തുടർന്ന് മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. അടുത്തദിവസം നിതിന്റെ സഹോദരിയെ വിളിച്ച് നിതിനെ തട്ടിക്കൊണ്ടുപോയതായും രണ്ടുലക്ഷം രൂപ മോചനദ്രവ്യമായി നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മോചനദ്രവ്യം നൽകുന്നതിന് പകരം നിതിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. പിന്നാലെ ഒളിവിൽ പോയ പ്രതികളിൽ സച്ചിനെ രാജസ്ഥാനിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അരുണിനെ പിടികൂടുന്നതിനുള്ള തിരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു.