പത്തനംതിട്ട: മദ്യപിച്ചുള്ള മകന്റെ പീഡനം പതിവായപ്പോൾ പിതാവ് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോയി. വിവരമറിഞ്ഞ മകൻ മദ്യലഹരിയിൽ മാതാവ് കിടക്കുന്ന കട്ടിലിന് തീയിട്ടു. ആളിപ്പടർന്ന തീ തൊട്ടടുത്ത ഫ്ളാറ്റിലേക്ക് പടരാതെ ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റ് കഠിന പരിശ്രമം നടത്തി അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

പത്തനംതിട്ട-ഓമല്ലൂർ റൂട്ടിൽ പുത്തൻ പീടികയിൽ ശ്രീഭദ്രാ കോംപ്ലക്സിലുള്ള ഫൽറ്റിൽ ബുധനാഴ്ച രാവിലെ 8.45 നാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ജുബിൻ(40) എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇവർ താമസിച്ചിരുന്ന ഫൽറ്റ്. ഈ നിരയിൽ മൂന്നു ഫൽറ്റുകളാണുള്ളത്്.

ജുബിനും മാതാപിതാക്കളും മൂന്നു മാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ഇയാളുടെ ഭാര്യ കളമശേരിയിൽ ജോലി ചെയ്യുകയാണ്. സ്ഥിരം മദ്യപാനിയായ യുവാവ് മാതാപിതാക്കളോട് വഴക്കായിരുന്നു. ജുബിനെതിരേ പരാതി നൽകാൻ പിതാവ് രാവിലെ സ്റ്റേഷനിലേക്ക് പോയി. അദ്ദേഹം സ്റ്റേഷനിൽ എത്തിയ സമയത്താണ് ജുബിന്മാതാവ് കിടക്കുന്ന കിടക്കയ്ക്ക് തീ വച്ചത്.

ഇത് ആളിപ്പടർന്ന് സമീപത്തെ ഫൽറ്റുകളിലേക്ക് കയറുന്നതിന് മുൻപ് പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തി തീയണയ്ക്കുകയായിരുന്നു. മാതാവിന് നിസാരമായ പൊള്ളലേറ്റു. ജുബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.