കൊച്ചി: കരുവന്നൂരിലെ കള്ളപ്പണ ഇടപാടിൽ പ്രതികളായ പി.ആർ. അരവിന്ദാക്ഷനേയും ജിൻസിനേയും അടിയന്തരമായി എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാൻ പിഎംഎൽഎ പ്രത്യേക കോടതിയുടെ ഉത്തരവ്. കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി സതീഷ്‌കുമാർ റിമാൻഡിലുള്ള ജില്ലാ ജയിലിലേക്ക് പി ആർ അരവിന്ദാക്ഷനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ഇ.ഡി. ആരോപിച്ചിരുന്നു. ഇരുവരേയും ജയിൽ മാറ്റണമെന്ന ഇ ഡിയുടെ ആവശ്യം എറണാകുളം പി.എംഎ‍ൽഎ. കോടതി അംഗീകരിക്കുകയായിരുന്നു.

കേസിലെ ഒന്നും രണ്ടും പ്രതികളായ പി.സതീഷ്‌കുമാർ, കിരൺ എന്നിവർ കാക്കനാട് ജില്ലാ ജയിലിൽ തുടരും. മൂന്നും നാലും പ്രതികളായ പി.ആർ.അരവിന്ദാക്ഷൻ, ജിൽസ് എന്നിവരെ വീണ്ടും എറണാകുളം സബ് ജയിലിലേക്കും മാറ്റും. പ്രതികളെ കോടതിയും ഇഡിയുമറിയാതെ ഒരേ ജയിലിൽ പാർപ്പിച്ച് ജയിൽ അധികൃതരുടെ ഗുരുതര വീഴ്ചയെക്കുറിച്ച് റിപ്പോർട്ട് പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം റിമാൻഡിലായ സിപിഎം കൗൺസിലർ അരവിന്ദാക്ഷൻ, സി.കെ. ജിൽസ് എന്നിവരെയാണ് സബ് ജയിലിൽനിന്ന് മറ്റുക. സംഭവത്തിൽ സബ് ജയിൽ സൂപ്രണ്ടിനോട് കോടതി വിശദീകരണം തേടുകയും ചെയ്തു.

കരുവന്നൂരിലെ കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി സതീഷ്‌കുമാർ റിമാൻഡിലുള്ള ജില്ലാ ജയിലിലേക്ക് പി.ആർ. അരവിന്ദാക്ഷനെ മാറ്റിയ ജയിൽ സൂപ്രണ്ടിനെതിരേ ഇ.ഡി. പ്രത്യേക കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തിരുന്നു. സതീഷ്‌കുമാറിനും അരവിന്ദാക്ഷനും നേരിൽ കാണാൻ അവസരമൊരുക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്നും ഇ.ഡി. ആരോപിക്കുന്നു.

തടവുകാരുടെ ബാഹുല്യം മൂലമാണ് ഇവരെ മാറ്റിയതെന്നാണ് ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം. എന്നാൽ അരവിന്ദാക്ഷനേയും ജിൻസിനേയും മാത്രമാണ് ജയിൽമാറ്റിയത്. അറുപത് തടവുകാരെ പാർപ്പിക്കാവുന്ന ജയിലിൽ 110 തടവുകാരുണ്ടായിട്ടും ഒരു നടപടിയും ഉണ്ടായിട്ടുണ്ടായിരുന്നില്ല.

അരവിന്ദാക്ഷനെ വീണ്ടും ഇ.ഡി. ചോദ്യം ചെയ്യാനിരിക്കുകയാണ്. ഇതിനിടെ സതീഷ്‌കുമാറിനും അരവിന്ദാക്ഷനും നേരിൽ കാണാൻ അവസരമൊരുങ്ങിയാൽ അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യത ഇ.ഡി. സംശയിച്ചിരുന്നു. കോടതിയേയോ ഇ.ഡി.യെയോ അറിയിക്കാതെയാണ് കഴിഞ്ഞ ഇരുപത്തിയൊമ്പതാം തീയതി ജയിൽ വകുപ്പ് പ്രതികളുടെ ജയിൽമാറ്റം നടത്തിയത്.

കള്ളപ്പണയിടപാടിൽ നാലു പ്രതികളും പങ്കാളികളാണെങ്കിലും ജയിലിൽ നാലുപേരെയും ഒരുമിച്ചു പാർപ്പിക്കരുതെന്ന് ഇഡി കോടതിയോടു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാലു പ്രതികളെയും രണ്ട് ജയിലുകളിലേക്കാണ് അയച്ചത്. ആദ്യം അറസ്റ്റിലായ പി. സതീഷ്‌കുമാർ, പി.പി. കിരൺ എന്നിവരെ റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്കാണ് കോടതി അയച്ചത്.

പി.ആർ. അരവിന്ദാക്ഷനെയും ജിൽസിനെയും കഴിഞ്ഞ മാസം 28ന് റിമാൻഡ് ചെയ്ത് സബ് ജയിലിലേക്കും അയച്ചു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഇരുവരെയും ജയിൽ സൂപ്രണ്ട് ജില്ലാ ജയിലിലേക്കു മാറ്റി. സബ് ജയിലിൽ പരമാവധി ഉൾക്കൊള്ളാനാകുന്നതിന്റെ മൂന്നിരട്ടി തടവുകാരുണ്ടന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജയിൽ ഡിഐജിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നും സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു.

ജയിൽ മാറ്റത്തിനു ശേഷമാണ് കോടതിയെപ്പോലും ജയിൽ ഡിഐജി വിവരം രേഖാമൂലം അറിയിച്ചത്. ഇഡി ഉദ്യോഗസ്ഥർ വിവരം അറിയുന്നത് ഇന്നലെ കോടതിയിൽ എത്തിയപ്പോഴും. ഇതോടെ പ്രതികളെ ജില്ലയിലെ മറ്റേതെങ്കിലും ജയിലിലേക്കു മാറ്റണമെന്ന് ഇഡി കോടതിയോട് ആവശ്യപ്പെട്ടു. ജയിലിൽ കഴിയുന്ന ഒന്നാം പ്രതി സതീഷ്‌കുമാർ, രണ്ടാം പ്രതി കിരൺ എന്നിവരുടെ റിമാൻഡ് കാലാവധി ഈ മാസം 17 വരെ നീട്ടി.