സാഡീനിയ: ഇറ്റലിയിൽ ബോളീവുഡ് നടി ഗായത്രി ജോഷി സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് സ്വിസ് ദമ്പതികൾ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഗായത്രിയുടെ ഭർത്താവും കോടീശ്വരനുമായ വികാസ് ഒബ്റോയിക്കെതിരെ റോഡ് നരഹത്യ കുറ്റം ചുമത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇറ്റലിയിലെ കാർ അപകടത്തിൽ വികാസിനെതിരെ കുറ്റമൊന്നും നിലവിൽ ചുമത്തിയിട്ടില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഗായത്രിയുടെയും വികാസിന്റെയും കാർ അപകടത്തിൽപ്പെട്ട വാർത്ത രണ്ട് ദിവസം മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. ദമ്പതികളുടെ ലംബോർഗിനിയും ഫെരാരിയും തമ്മിൽ കൂട്ടിയിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. ഞട്ടിപ്പിക്കുന്ന അപകടത്തിൽ വയോധികരായ സ്വിസ് ദമ്പതികൾ മരിച്ചതിനെത്തുടർന്ന് ഇറ്റാലിയൻ നഗരത്തിലെ പ്രോസിക്യൂട്ടർമാർ അന്വേഷണം തുടരുകയാണ്. ഇറ്റാലിയൻ നിയമപ്രകാരം വികാസ് കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ, ഏഴു വർഷം വരെ ജയിൽശിക്ഷ ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ പങ്കുവയ്ക്കുന്ന വിവരം.

ഗായത്രി ജോഷിയുടെ ഭർത്താവ് വികാസ് ഒബ്റോയിക്കെതിരെ അപകടവുമായി ബന്ധപ്പെട്ട് സാർഡിനിയയിലെ കാഗ്ലിയാരിയിലെ പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചതായിട്ടായിരുന്നു ഡെയ്ലി മെയിൽ റിപ്പോർട്ടുകൾ. റോഡ് അപകടത്തിലൂടെ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയെന്ന കുറ്റം വികാസിനെതിരെ ചുമത്താനുള്ള സാധ്യതയുണ്ടായാൽ ജയിൽശിക്ഷ ഉൾപ്പെടെ അനുഭവിക്കേണ്ടി വരുമോ എന്ന ചോദ്യമുയരുന്നത്.

ഷാറുഖ് ഖാൻ നായകനായ 'സ്വദേശ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ഗായത്രി ജോഷി, ഭർത്താവ് വികാസ് ഒബ്റോയിക്കൊപ്പം ഇറ്റലിയിലെ സർഡിനയിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അവധി ആഘോഷിക്കാൻ സർഡിനയിൽ എത്തിയതായിരുന്നു ഇരുവരും. അപകടത്തിന്റെ ഞെട്ടിപ്പിക്കുന് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അധികം താമസിയാതെ, അപകടത്തിന് ശേഷമുള്ള നിമിഷങ്ങളിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അപകടത്തിന് ശേഷം നടി ഗായത്രി ജോഷി എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ റോഡരികിൽ ഇരിക്കുന്ന ചിത്രമായിരുന്നു ഇത്. മരവിച്ച നിലയിൽ റോഡരികിൽ ഇരിക്കുന്നത് ഗായത്രി ആണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട നീല ലംബോർഗിനിയും ഫ്രെയിമിൽ കാണാമായിരുന്നു.

ഇരുവരും സഞ്ചരിച്ച കാർ മറ്റുവാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. ടെയ്ലഡയിൽ നിന്ന് ഓൾബിയയിലേക്കുള്ള സാർഡിനിയ സൂപ്പർകാർ ടൂറിനിടെയാണ് സംഭവം. വാഹനാപകടത്തിൽ സ്വീസ് ദമ്പതികൾ മരിച്ചെങ്കിലും നടിയും ഭർത്താവും ദാരുണമായ സംഭവത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഗായത്രിയും ഭർത്താവും സഞ്ചരിച്ചിരുന്ന ലംബോർഗിനി ആഡംബര കാർ ഫെരാരിയിലും ക്യാമ്പർ വാനിലും ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽപ്പെട്ട കാറുകൾ റോഡിൽ മറിഞ്ഞു വീഴുകയും തകരുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഫെരാരിക്ക് തീപിടിച്ച് യാത്രക്കാരായ മെലിസ ക്രൗട്ട്ലി (63), മാർകസ് ക്രൗട്ട്ലി (67) എന്നിവരാണ് മരിച്ചത്. ഗായത്രിയും ഭർത്താവും മാനേജരുമാണ് ലംബോർഗിനിയിൽ യാത്ര ചെയ്തിരുന്നത്. മൂവരും സുരക്ഷിതരാണെന്നാണ് വിവരം. കാറപകടത്തിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.