- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
89 വായ്പകളിലായി 86.12 കോടി: മൈലപ്ര ബാങ്കിലെ ബിനാമികൾക്ക് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്; ഇന്നു മുതൽ മൊഴിയെടുക്കാൻ ഹാജരാകണം; മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ ബിനാമി വായ്പ സംബന്ധിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതം. ബിനാമി വായ്പകൾ എടുത്തവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അടൂർ യൂണിറ്റ് നോട്ടീസ് നൽകി. മുൻഗണനാ ക്രമത്തിലാണ് നോട്ടീസ്. ഇന്നു മുതലാണ് മൊഴിയെടുക്കാൻ വിളിപ്പിച്ചിരിക്കുന്നത്.
അതേസമയം ഗോതമ്പ് വാങ്ങിയതിൽ 3.94 കോടി രൂപയുടെ ക്രമക്കേട് നടത്തിയതിന് റിമാൻഡിലുള്ള മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ ജാമ്യഹർജി ഇന്ന് സിജെഎഎം കോടതി പരിഗണിക്കും. മൈലപ്ര ബാങ്കിൽ മുൻ സെക്രട്ടറിയും ഭരണസമിതിയും ചേർന്ന് 89 ബിനാമി വായ്പകളിലായി 86.12 കോടിയാണ് നൽകിയിരിക്കുന്നത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ബിനാമി വായ്പകൾ കണ്ടെത്തിയത്. ഒരു പ്രമാണം ഈടുവച്ച് 10 പേർക്ക് വരെയാണ് വായ്പ നൽകിയിരിക്കുന്നത്.
25 ലക്ഷം രൂപ വീതം ഒരാൾക്ക് എന്ന തരത്തിൽ 10 പേർക്ക് 2.50 കോടി വരെ നൽകി. ഈ വായ്പയുടെ മുതലോ പലിശയോ തിരികെ അടയ്ക്കാതിരുന്നതാണ് ബാങ്കിനെ തകർച്ചയിലേക്ക് നയിച്ചത്. ബാങ്ക് മുൻ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ സ്വന്തമായും കുടുംബാംഗങ്ങളുടെയും പേരിൽ നാലു കോടിയോളം രൂപ എടുത്തിരുന്നു.
ഇതൊന്നും തിരികെ അടച്ചില്ല. വായ്പ എടുത്തവർക്ക് കാലാവധി എത്തുമ്പോൾ പലിശ കൂടി മുതലിലേക്ക് ചേർത്ത് പുതുക്കി കൊടുക്കുകയാണ് ചെയ്തിരുന്നത്. രേഖകളിൽ ബാങ്കിന് നഷ്ടമൊന്നുമില്ല. പക്ഷേ, പണം കിട്ടാതെ വന്നത് ബാങ്കിന്റെ നിലനിൽപ്പിനെ ബാധിക്കുകയും പ്രതിസന്ധിയിലാവുകയുമായിരുന്നു.
മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിലെ ഗോതമ്പ് പർച്ചേസിൽ 3.94 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ റിമാൻഡ് കാലാവധി സിജെഎം കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.
കഴിഞ്ഞ ഒമ്പതിനാണ് കാലാവധി നീട്ടിയത്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത നിലയ്ക്ക് ജാമ്യത്തിന് നൽകിയ അപേക്ഷ ഇന്ന് കോടതി പരിമഗണിക്കും. ജോഷ്വാ മാത്യൂവിന്റെ ജാമ്യാപേക്ഷ ക്രൈംബ്രാഞ്ച് എതിർക്കാനുള്ള സാധ്യതയില്ല. ഇതു കാരണം ജാമ്യം കിട്ടിയേക്കും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്