നാഗ്പുർ: പിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലേക്ക് വിമാനത്തിൽ യാത്ര തിരിച്ച 40കാരിക്ക് നേരെ നഗ്‌നതാപ്രദർശനം നടത്തിയെന്ന പരാതിയിൽ യുവ എൻജിനീയർ അറസ്റ്റിൽ. പൂണെ സ്വദേശിയായ ഫിറോസ് ഷേഖി(32)നെയാണ് സോനേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തമാസം വിവാഹം നടക്കാനിരിക്കെയാണ് മോശം പെരുമാറ്റത്തിന് ഫിറോസ് അറസ്റ്റിലായത്.

വിമാനത്തിൽ യാത്രക്കാരിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന് ഇയാൾ നഗ്‌നതാപ്രദർശനം നടത്തിയെന്നും സ്വയംഭോഗം ചെയ്തെന്നുമാണ് പരാതി. തിങ്കളാഴ്ച പൂണെയിൽനിന്ന് നാഗ്പൂരിലേക്ക് വന്ന വിമാനത്തിലായിരുന്നു സംഭവം. പൂണെയിൽനിന്ന് യാത്രതിരിച്ച വിമാനത്തിൽ പരാതിക്കാരിയായ അദ്ധ്യാപികയും പ്രതിയായ ഫിറോസും തൊട്ടടുത്ത സീറ്റുകളിലായാണ് യാത്രചെയ്തിരുന്നത്.

പിതാവിന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനായാണ് പരാതിക്കാരിയായ 40-കാരി നാഗ്പൂരിലേക്ക് യാത്രതിരിച്ചത്. ജോലിയുടെ ഭാഗമായിട്ടായിരുന്നു എൻജിനീയറായ ഫിറോസിന്റെ യാത്ര.

പൂണെയിൽനിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ താൻ ഉറങ്ങിപ്പോയെന്നാണ് പരാതിക്കാരി പറയുന്നത്. പിന്നീട് ഉറക്കമുണർന്ന സമയത്താണ് തൊട്ടടുത്തിരിക്കുന്ന യാത്രക്കാരൻ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ച് അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ശരീരത്തിൽ ചൊറിയുകയാണെന്ന് കരുതി ആദ്യം ഇത് കണ്ടില്ലെന്ന് നടിച്ചു.

എന്നാൽ, പ്രതിയായ യുവാവ് വീണ്ടും ഇത് ആവർത്തിച്ചെന്നും നഗ്‌നതാപ്രദർശനം തുടർന്നെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. നാഗ്പുരിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് സഹയാത്രികന്റെ നഗ്‌നതാപ്രദർശനം അദ്ധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടത്.

വിമാനം ലാൻഡ് ചെയ്തയുടൻ പ്രതി പുറത്തിറങ്ങാൻ ശ്രമിച്ചതോടെ അദ്ധ്യാപിക ബഹളംവെയ്ക്കുകയും കാബിൻക്രൂവിനെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന സിഐ.എസ്.എഫ്. ഉദ്യോഗസ്ഥൻ ഇയാളെ തടഞ്ഞുവെയ്ക്കുകയും പിന്നീട് പൊലീസിന് കൈമാറുകയുമായിരുന്നു.

പ്രതിക്കെതിരേ ഐ.പി.സി. 354 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഒരു ജലശുദ്ധീകരണ പ്ലാന്റിലെ ജോലിയുടെ ഭാഗമായാണ് ഫിറോസ് ഷേഖ് നാഗ്പൂരിലേക്ക് വന്നതെന്നും അടുത്തമാസം പ്രതിയുടെ വിവാഹം നടക്കാനിരിക്കെയാണ് സംഭവമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.