കോഴഞ്ചേരി: പൊലീസിനെ കണ്ട് പരുങ്ങിയ സ്ഥിരം മോഷ്ടാവ് പിടിയിലായി. പെരുമാറ്റത്തിൽ സംശയം തോന്നി കസ്റ്റഡിയിൽ എടുത്തപ്പോഴാണ് കക്ഷി മോഷ്ടാവാണെന്നും നിലവിൽ നാലു മൊബൈൽ ഫോണുകൾ മോഷ്ടിച്ചു നിൽക്കുകയാണെന്നും മനസിലായത്.

കടപ്ര മാന്നാർ ഇളമത മഠത്തിൽ വീട്ടിൽ നിന്നും കോയിപ്രം കുമ്പനാട് ജസ്റ്റ് ഹോട്ടലിൽ താമസിക്കുന്ന സാജൻ തോമസ് (36) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. കുമ്പനാട്-ആറാട്ടുപുഴ റോഡിൽ കരീലമുക്കിൽ എസ്‌ബിഐ എടിഎമ്മിനടുത്തു നിന്നാണ് എസ്‌ഐ എസ്. ഷൈജുവും സാജനെ കസ്റ്റഡിയിൽ എടുത്തത്. ഷോൾഡർ ബാഗുമൊക്കെ തൂക്കി എക്സിക്യൂട്ടീവ് സ്റ്റൈലിൽ നിന്ന ഇയാൾ പൊലീസ് പട്രോളിങ് വാഹനം കണ്ട് പരിഭ്രമിച്ച് എടിഎം കൗണ്ടറിൽ കയറാതെ റോഡു വക്കിൽ വച്ചിരുന്ന മോട്ടോർ സൈക്കിളിൽ കയറിപ്പോകാൻ ശ്രമിച്ചു. പൊലീസിന് വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമവും നടത്തി. ചോദ്യം ചെയ്തപ്പോൾ സ്ഥലപ്പേര് മാറ്റിപ്പറഞ്ഞു.

കൂടുതൽ ചോദ്യം ചെയ്തപ്പോൾ പേരും വിലാസവും പറഞ്ഞ ഇയാൾ, എടിഎമ്മിൽ നിന്നും പണമെടുക്കാൻ വന്നതാണെന്ന് അറിയിച്ചു. പക്ഷെ കാർഡ് കൈവശമില്ലെന്ന് പരിശോധനയിൽ വ്യക്തമായി. സാധനം വാങ്ങാൻ വന്നതാണെന്നും ജോലിക്ക് പോകുകയാണെന്നുമൊക്കെ പരസ്പരവിരുദ്ധമായി സംസാരിക്കുകയും, മോട്ടോർ സൈക്കിൾ സ്വന്തമാണെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ഉള്ളിലെ അറയിൽ നിന്നും വിവോ കമ്പനിയുടെ രണ്ടുഫോണുകളും റിയൽമി കമ്പനി നിർമ്മിതമായ രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തത്.

കൂടുതൽ വിശദമായി ചോദിച്ചപ്പോൾ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. ഫോണുകൾ രണ്ടു വീതം ചങ്ങനാശേരിയിലും കോഴിക്കോട്ടും നിന്ന് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. രണ്ടുമാസം മുമ്പ് വൈകിട്ട് ചങ്ങനാശേരി സ്വകാര്യ ബസ് സ്റ്റാൻഡിലെ ജീവനക്കാർ ചാർജ് ചെയ്യാൻ കുത്തിയിട്ട കാബിനിൽ നിന്നും രണ്ട് ഫോണും, മറ്റുള്ളവ കോഴിക്കോട് നിന്നും മോഷ്ടിച്ചവയാണെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് പ്രതിയുമായി ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ തെളിവെടുപ്പ് നടത്തി. എന്നാൽ ക്യാബിൻ വൈകിട്ട് മൂന്നിന് പൂട്ടുമെന്നും അവിടെ നിന്നും ആരുടെയെങ്കിലും ഫോൺ പോയതായി അറിവില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. പിന്നീട്, ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷിച്ചപ്പോൾ മൊബൈൽ ഫോൺ മോഷണത്തിന് ആ കാലയളവിൽ കേസെടുത്തിട്ടില്ലെന്ന് വെളിപ്പെടുകയും ചെയ്തു.

പൊലീസിനെ വഴിതെറ്റിക്കാൻ പ്രതി മനഃപൂർവം കള്ളം പറയുകയാണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. ഈ ഫോണുകളുടെ ഉടമകളെ കണ്ടെത്താൻ, ഇവയുടെ ഐ എം ഇ ഐ നമ്പരുകൾ ജില്ലാ പൊലീസ് സൈബർ സെല്ലിന് കൈമാറി. പുളിക്കീഴ് പൊലീസ് സ്റ്റേഷനിലും, സംസ്ഥാനത്തെ മറ്റു ചില സ്റ്റേഷനുകളിലുമായി പ്രതിയുടെ പേരിൽ 11 മോഷണക്കേസുകൾ നിലവിലുണ്ട്. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 2011 മുതൽ രജിസ്റ്റർ ചെയ്ത കേസുകളാണിവ. പുളിക്കീഴിനു പുറമെ, കൊരട്ടി, ആലപ്പുഴ സൗത്ത്, തലയോലപ്പറമ്പ്, ചേർത്തല, ഫറോക്ക്, തൃശൂർ, കോട്ടക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് മോഷണക്കേസുകളുള്ളത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് നീക്കം. തിരുവല്ല ഡി വൈ എസ് പി അഷാദിന്റെ മേൽനോട്ടത്തിൽ, കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തിൽ എസ് ഐ മാരായ ഷൈജു, ഉണ്ണിക്കൃഷ്ണൻ, ഇ എസ് ഐമാരായ ബിജു, സുധീഷ്, എസ് സി പി ഓ അഭിലാഷ് എന്നിവരാണുള്ളത്.