തിരുവല്ല: കുന്നന്താനത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രീജയെ കൊല്ലാൻ വേണുക്കുട്ടൻ കരുതിക്കൊണ്ടു വന്ന സ്റ്റീൽ കത്തി പുതുപുത്തൻ. മൂർച്ചയേറിയ ആയുധമാണ് ഇരുവരുടെയും പെട്ടെന്നുള്ള മരണത്തിന് കാരണമായത്.

കുന്നന്താനം മുക്കൂർ വടശേരിയിൽ വീട്ടിൽ വേണുക്കുട്ടൻ (45) ആണ് ഇന്നലെ രാവിലെ ഭാര്യ ശ്രീജ ജി. മേനോനെ (38) നെ കുത്തിയ ശേഷം ജീവനൊടുക്കിയത്. കുത്തേറ്റ് അവശനിലയിലായ ശ്രീജ ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് മരിച്ചത്. ഈ സമയം കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച് ശ്രീജയുടെ വീട്ടിൽ വീണു കിടന്ന വേണു രക്തം വാർന്ന് മരിക്കുകയായിരുന്നു. ആദ്യം വന്ന ആംബുലൻസിൽ ശ്രീജയെ കൊണ്ടു പോയതിന് ശേഷം തിരിച്ചെത്തിയാണ് വേണുവിനെ കൊണ്ടു പോയത്. ഇതിനോടകം ഇയാൾ മരിച്ചു പോയിരുന്നു.

പാലയ്ക്കാത്തകിടിയിലെ സ്മിതാ ഭവൻ എന്ന സ്വന്തം വീട്ടിലാണ് ശ്രീജയും മകളും ഉണ്ടായിരുന്നത്. വേണുവാകട്ടെ ഇവരോട് പിണങ്ങി രണ്ടര മാസമായി മുക്കൂരിലെ സ്വന്തം വീട്ടിലുമായിരുന്നു താമസം. ഇന്നലെ രാവിലെ സ്മിതയുടെ വീടിന് അടുത്തുള്ള കടയിൽ വന്ന് വേണു മകൾക്ക് ബിസ്‌കറ്റ് വാങ്ങിയിരുന്നു. കൈവശം കരുതിയിരുന്ന പ്ലാസ്റ്റിക് കവറിലേക്ക് ബിസ്‌കറ്റ് വയ്ക്കുമ്പോൾ പായ്ക്കറ്റിലുള്ള കത്തി കണ്ടുവെന്ന് കടക്കാൻ പൊലീസിന് മൊഴി നൽകി.

തുടർന്ന് ശ്രീജയുടെ വീട്ടിലെത്തിയ ഇയാൾ കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം ശ്രീജയുടെ മാതാപിതാക്കൾ വീട്ടിലുണ്ട്്. കുഞ്ഞ് കുളിക്കുകയാണെന്നും ഇപ്പോൾ കാണാൻ സാധിക്കില്ലെന്നും പറഞ്ഞതോടെ പ്രകോപിതനായ ഇയാൾ നേരെ അടുക്കളയിലേക്ക് പാഞ്ഞു ചെന്ന് കൈവശമിരുന്ന സ്റ്റീൽ കത്തി കൊണ്ട് പുറത്തു കുത്തുകയായിരുന്നു. ഞെട്ടിത്തിരിഞ്ഞ ശ്രീജ ആക്രമണം ചെറുക്കുകയും ഇവർ തമ്മിൽ പിടിവലി ഉണ്ടാവുകയും ചെയ്തുവെന്ന് പൊലീസ് അനുമാനിക്കുന്നു. രണ്ടു പേരുടെയും ഉള്ളംകൈയിൽ ആഴത്തിൽ മുറിവുണ്ട്.

തുടർന്ന് കത്തി വലിച്ചെടുത്ത് മൂന്ന് കുത്താണ് ശ്രീജയെ കുത്തിയത്. കുത്തേറ്റ് മുറിവുകളോടെ ശ്രീജ വീടിന് മുന്നിലേക്ക് ഓടി അവിടേക്ക് വീണു. ഇതിനിടെ വേണും സ്വയം കുത്തുകയായിരുന്നുവെന്നാണ് ശ്രീജയുടെ മാതാപിതാക്കൾ പറയുന്നത്. ഇയാൾക്ക് കഴുത്തിൽ എട്ടും വയറിൽ മൂന്നും മുറിവുണ്ട്. ഗുരുതരാവസ്ഥയിൽ കിടന്ന ശ്രീജയെ ആംബുലൻസ്് എത്തി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വേണുവാകട്ടെ സംഭവ സ്ഥലത്ത് തന്നെ ജീവൻ വെടിഞ്ഞു.

വിദേശത്ത് നിന്ന് വന്നതിന് ശേഷം ആദ്യമൊക്കെ ശ്രീജയുടെ വീട്ടിലായിരുന്നു താമസം. വേറെ ജോലിക്കൊന്നും ഇയാൾ പോയിരുന്നില്ല. രണ്ടര മാസം മുൻപ് ഭാര്യയുമായി വഴക്കിട്ട് സ്വന്തം വീട്ടിൽ തനിച്ചായി താമസം. പതിവായി മദ്യപിക്കാറുണ്ടായിരുന്നുവെന്നും പറയുന്നു. കുട്ടിയെ കാണാൻ വന്ന വേണു പെട്ടെന്നുണ്ടായ പ്രകോപനം മൂലം ശ്രീജയെ കൊന്നുവെന്നാണ് പൊലീസ് നിഗമനം. ശ്രീജയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. വേണുവിന്റേത് ഇന്ന് നടക്കും.