- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ പ്രതിയെ പിടികൂടാെത്തിയ പൊലീസിനു നേരെ വെടിവെപ്പ്; പൊലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വാതിലിൽ മുട്ടിയപ്പോൾ ജനലിലൂടെ വെടിവെച്ച് പ്രതിയുടെ അച്ഛൻ
കണ്ണൂർ: കണ്ണൂരിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ പിടികൂടാനെത്തിയ പൊലീസുകാർക്കു നേരെ വെടിവെപ്പ്. വളപട്ടണം എസ്‌ഐക്കും സംഘത്തിനും നേരെയായാണ് വെടിവെപ്പ് ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥർ തലനാരിഴയ്ക്കാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ തേടി വീട്ടിലെത്തിയ പൊലീസ് വാതിലിൽ മുട്ടിയപ്പോൾ പ്രതി റോഷന്റെ പിതാവ് ജനലിലൂടെ പൊലീസുകാർക്ക് നേരെ വെടിവയ്ക്കുക ആയിരുന്നു.
ചിറക്കലിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. റോഷനെ അറസ്റ്റ് ചെയ്യാനായി രാത്രി പത്തോടെയാണ് വളപട്ടണം പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയത്. ഇരുനില വീടിന്റെ മുകളിലെ നിലയിലേക്ക് പിന്നിലെ കോണിപ്പടി വഴി കയറിച്ചെന്ന പൊലീസ് സംഘം പ്രതിയുണ്ടെന്ന് കരുതുന്ന മുറിയുടെ വാതിലിൽ മുട്ടിവിളിച്ചു കാത്തു നിന്നു. ഈ സമയം പ്രതിയുടെ പിതാവ് ബാബു ഉമ്മൻ തോമസ് തൊട്ടടുത്ത മുറിയുടെ ജനാല വഴി പൊലീസിന് നേരെ വെടിവെക്കുകയായിരുന്നു.
തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൊലീസ് സംഘം ബാബുവിനെ തന്ത്രപരമായി മുറിക്ക് പുറത്തിറക്കി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി തോക്ക് കൈവശപ്പെടുത്തി. ഇതിനിടയിൽ റോഷൻ ഓടിരക്ഷപ്പെടുകയും ചെയ്തു. തുടർന്ന് ബാബുവിനെ വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ, അസി. കമ്മിഷണർ ടി.കെ.രത്‌നകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ തോക്കിന് ലൈസൻസുണ്ടെന്നാണ് പ്രാഥമിക നിഗമനം.
റോഷൻ കർണാടകത്തിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് വിവരമുണ്ട്. ബഹളം കേട്ട് നിരവധി നാട്ടുകാരും സംഭവ സ്ഥലത്ത് തടിച്ചു കൂടി. ചുറ്റുമതിലും ഇരുമ്പുഗേറ്റുമുള്ള വീട്ടിൽ നാലഞ്ച് പട്ടികളെ വളർത്തുന്നുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. റോഷൻ തമിഴ്‌നാട്ടുകാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. ഈ കേസിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയത്. ചിറക്കൽ ചിറയിൽ താമസിക്കുന്ന തമിഴ്‌നാട് കല്ലക്കുറിശ്ശി പഴനിവീട്ടിൽ പി.ബാലാജി(32)യെ പേപ്പർ കട്ടർകൊണ്ട് വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
ഒക്ടോബർ 22-ന് രാത്രി 11.15-ഓടെയായിരുന്നു ആ സംഭവം. ഒരു സ്ത്രീയുടെ വീട്ടിലെ കതകിന് ആരോ മുട്ടുന്നുണ്ടെന്നറിഞ്ഞ് ചെന്നതായിരുന്നു തമിഴ്‌നാട്ടുകാരനായ നല്ലതമ്പി വീട്ടിൽ ഭരതും സുഹൃത്ത് ബാലാജിയും. ഇവർ ചെല്ലുമ്പോൾ റോഷൻ വീടിന്റെ ഗേറ്റ് ചവിട്ടിത്തുറക്കാൻ ശ്രമിക്കുന്നത് കണ്ടതായി ഭരത് വളപട്ടണം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാര്യം തിരക്കിയപ്പോൾ വീശിയ പേപ്പർ കട്ടർകൊണ്ട് ബാലാജിയുടെ മുഖത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.




