- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാൾട്ടയിലേക്കും ആളെക്കടത്ത്; വഴി മദ്ധ്യേ സ്വിറ്റ്സർലാന്റിൽ കുടുങ്ങിയവരെ തിരിച്ചയച്ചു; തൃശൂർക്കാരനായ വ്യാജ ഏജന്റ് അറസ്റ്റിൽ; യുകെയിലേക്കുള്ള വിസ കച്ചവടം കുറഞ്ഞപ്പോൾ വ്യാജന്മാർ ലക്ഷ്യമിടുന്നത് സമ്പന്നമല്ലാത്ത യൂറോപ്യൻ രാജ്യങ്ങൾ
ലണ്ടൻ: യുകെ വിസ കച്ചവടം പഴയതു പോലെ ഉഷാറാകാത്ത സാഹചര്യത്തിൽ മാൾട്ട, പോളണ്ട്, അർമേനിയ തുടങ്ങിയ അതിസമ്പന്നരല്ലാത്ത രാജ്യങ്ങളിലേക്കും ആളെക്കടത്താൻ വ്യാജ റിക്രൂട്ടിങ് സംഘങ്ങൾ സജീവമായിരിക്കുന്നു. ഒരാഴ്ച മുൻപ് മാൾട്ടയിലേക്കു ഷെങ്കൻ വിസയിൽ കടക്കാൻ ഒരുങ്ങി എത്തിയ ഏഴു പേരടങ്ങുന്ന സംഘമാണ് സ്വിറ്റസർലാന്റിലെ പൊലീസ് എയർപോർട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്.
ഇത്തരക്കാരുടെ വരവ് ഏറിയതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കിയതിനാൽ ആണ് അറസ്റ്റു എന്നും ഏജൻസിക്കാർ തമ്മിലുള്ള ഒറ്റിന്റെ പേരിൽ വിവരം ചോർന്നാണ് അറസ്റ്റ് നടന്നതെന്നും സൂചനയുണ്ട്. ഏഴുപേരുടെയും പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്തു മടക്കി കേരളത്തിലേക്ക് തന്നെ അയച്ചിരിക്കുകയാണ്. ഈ യാത്രയ്ക്കായി യുവാക്കൾ മുടക്കിയ ലക്ഷക്കണക്കിന് രൂപയും വെള്ളത്തിലായി. കാര്യമായ വിദ്യാഭ്യസ യോഗ്യതകൾ ഇല്ലാത്ത, വിദേശ ജീവിതം സ്വപ്നം കാണുന്ന യുവതീ യുവാക്കളെ വലവീശുന്ന വ്യാജ സംഘങ്ങളുടെ ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇരകളാണ് ഏഴു യുവാക്കളും.
ലോട്ടറി വില്പനയെക്കാൾ നിസാരമായി റിക്രൂട്ടിങ് വ്യാജ ഏജൻസികൾ
സ്വിറ്റ്സർലാന്റിലെ ഇമ്മിഗ്രെഷൻ ഉദ്യോഗസ്ഥർ ഡൽഹിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയതിനെ തുടർന്നാണ് തൃശൂർ പൊലീസ് കൊടകര താഴേക്കാട് എബിൻ അഭിലാഷ് ജോർജ് എന്ന യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ഏതാനും ആഴ്ച റിമാൻഡ് പ്രതിയായി ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി വീണ്ടും അടുത്ത സംഘത്തെ പറ്റിക്കാൻ ഇറങ്ങും എന്നതാണ് പൊതുവിൽ വ്യാജ വിസ കേസുകളിൽ സംഭവിക്കുന്നത്. ശക്തമായ നിയമം ഇല്ലാത്തതിനാൽ പ്രതികൾ വീണ്ടും വീണ്ടും ഇതേ തട്ടിപ്പിന് ശ്രമം തുടരുകയാണ് എന്ന് വ്യക്തം.
ചാലക്കുടിക്കടുത്തു പേരാമ്പ്രയിൽ അഭിലാഷ് ഏജൻസി എന്നപേരിലാണ് ഇയാൾ വ്യാജ റിക്രൂട്ടിങ് ഏജൻസി നടത്തിയത്. ഇതിനകം 32 പേർ നൽകിയ പരാതിയിൽ ഒരു കോടിയിലേറെ രൂപ ഇയാൾ കൈക്കലാക്കിയിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു . വ്യാജ ഷെങ്കൻ വിസ നൽകിയത് മൂലമാണ് ഏഴു ചെറുപ്പക്കാരും സൂറിച്ചിൽ പിടിയിലാകാൻ കാരണമായത്.
ചുരുക്കത്തിൽ നാടോടിക്കറ്റിൽ മാമുക്കോയയുടെ കഥാപാത്രം കാട്ടിയ അതെ തരികിട വിദ്യ തന്നെയാണ് ഇപ്പോൾ യുകെയുടെയും മാൾട്ടയുടെയും പോളണ്ടിന്റെയും അർമേനിയയുടേയും ഒക്കെ പേരിൽ കേരളത്തിലെ വ്യാജന്മാർ നടത്തികൊണ്ടിരിക്കുന്നത്. ഒരു ലോട്ടറിക്കട നടത്തുന്നതിലും ലാഘവത്തോടെയാണ് ഇത്തരം ഏജൻസികൾ ഒരു നിയമ ഭയവും കൂടാതെ പ്രവർത്തിക്കുന്നതും.
ഇങ്ങോട്ടാരും വരല്ലേയെന്നു മാൾട്ടയിൽ എത്തിയവർ
ഏതാനും ദിവസം മുൻപ് ദോഹ വഴി മാൾട്ടയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ടു മലയാളികളെയും തിരിച്ചയച്ചിരുന്നു. ഏതാനും വർഷം മുൻപ് വരെ 2000 മലയാളികൾ മാത്രം ഉണ്ടായിരുന്ന മാൾട്ടയിൽ ഇപ്പോൾ 15000 ലേറെ മലയാളികൾ എത്തിക്കഴിഞ്ഞു. ഇങ്ങോട്ടാരും വരല്ലേ എന്നാണ് അവിടെത്തിക്കഴിഞ്ഞ ഓരോ മലയാളിയും അപേക്ഷിക്കുന്നത്. കാരണം വീടിനും ജോലിക്കുമുള്ള അലച്ചിലാണ് ഓരോ ദിവസവും വേണ്ടി വരുന്നത്.
കാര്യമായ പ്രൊഫഷണൽ യോഗ്യത ഒന്നും ആവശ്യമില്ലാതെ ടാക്സി ഡ്രൈവർ, ഡെലിവറി ബോയ്സ് എന്നൊക്കെ പേരിട്ടാണ് മനുഷ്യക്കടത്തു സംഘങ്ങൾ ഇപ്പോൾ കേരളത്തിൽ വേരുപിടിക്കുന്നത്. ഏതാനും വർഷം മുൻപ് വരെ ഒളിച്ചും പാത്തും നടന്നിരുന്ന മനുഷ്യക്കടത്തു സംഘങ്ങൾ ഇപ്പോൾ യൂറോപ്പിലേക്ക് വലിയ തോതിൽ കേരളത്തിൽ നിന്നും കുടിയേറ്റം നടക്കുന്നതിന്റെ മറവിലാണ് വ്യാജന്മാർ നാടെങ്ങും വലവിരിച്ചിരിക്കുന്നത്.
ഇവരുടെ കെണിയിൽ പെട്ട് മാൾട്ടയിൽ എത്തിയ നൂറുകണക്കിന് മലയാളി യുവാക്കളാണ് ഇപ്പോൾ ആ രാജ്യത്തു ജോലിയില്ലാതെയും പുറത്തിറങ്ങാൻ പോലും പറ്റാത്ത വിധം കഷ്ടപ്പെടുന്നത്. താമസിക്കാൻ ഒരു താല്ക്കാലിക സ്ഥലം കിട്ടുമോ എന്ന അന്വേഷണമാണ് ഇത്തരത്തിൽ വന്നു കുടുങ്ങിപ്പോയ ചെറുപ്പക്കാർ ദിവസവും പ്രാദേശിക മലയാളി ഗ്രൂപുകളിൽ ഷെയർ ചെയ്യുന്ന മെസേജുകൾ.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.