ചേർത്തല: പാഴ്‌സൽ സർവീസിന്റെ പേരിൽ കാർ തട്ടിയെടുത്ത് കടന്ന തട്ടിപ്പു സംഘത്തെ ഭോപ്പാലിൽ ചെന്നു പിടികൂടി താരമായി കേരളാ പൊലീസ്. മീററ്റിലെ ജോലി സ്ഥലത്തേക്ക് ചേർത്തലയിലുള്ള മിലിട്ടറി ഡോക്ടർ കയറ്റി അയച്ച കാറാണ് തട്ടിപ്പുകാർ കൊണ്ടു പോയത്. കാർ മീററ്റിൽ എത്തിക്കുന്നതിന് പാഴ്‌സൽ ചാർജായി 23,290 രൂപയും വാങ്ങിയിരുന്നു. കൊച്ചിയിൽ നിന്നും ഓഗസ്റ്റ് 28-ന് വാഗൺ-ആർ കാർ ട്രയിലറിൽ കയറ്റുന്ന ചിത്രം വീട്ടുകാർക്ക് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ട് വിളിയെത്തിയതോടെയാണ് കാർ കൊണ്ടു പോയത് കള്ളന്മാരാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞച്.

ഇതോടെ കേരളാ പൊലീസിൽ പരാതി നൽകി. പിന്നെ നടന്നത് രണ്ടുമാസത്തിലധികം നീണ്ട തിരച്ചിൽ. കേരള പൊലീസിന്റെ നേതൃത്വത്തിൽനടന്ന അന്വേഷണത്തിൽ സഹായവുമായി മിലിറ്ററിയും ചേർന്നു. ഒടുവിൽ കഴിഞ്ഞദിവസം ആ കാർ ഭോപാലിൽനിന്നു കണ്ടെടുത്തു. കാർ ഇപ്പോൾ കേരളത്തിലേക്കുള്ള യാത്രയിലാണ്. ത്രില്ലർ സിനിമകളെ വെല്ലുന്ന കഥയാണ് ഈ കാറിന് പറയാനുള്ളത്.

ചേർത്തല സ്വദേശിയായ യുവമിലിറ്ററി ഡോക്ടറാണ് തന്റെ കാർ മീററ്റിലുള്ള ജോലിസ്ഥലത്തേക്കയച്ചത്. ഓൺലൈനിൽനിന്ന് ലഭിച്ച പാഴ്സൽ സർവീസുകാരുടെ സൈറ്റിൽ നിന്നും നമ്പറെടുത്താണ് കാർ കയറ്റി വിട്ടത്. ഇതിനായി 23,290 രൂപയും വാങ്ങി. അപ്പോഴൊന്നും യാതൊരു സംശയവും തോന്നിയില്ല. സെപ്റ്റംബർ ആറിന് വീട്ടുകാർക്ക് ഹിന്ദിയിൽ വിളിയെത്തി. നികുതിയും കയറ്റിറക്കു കൂലിയുമടക്കം 22,600 രൂപകൂടി അടയ്ക്കണം. അതോടെ സംശയമായി. ഇതിനിടെ കമ്പനിയുടെ സൈറ്റും അപ്രത്യക്ഷമായി.

ഇതിനിടെ പലഫോണുകളിൽനിന്നും പണമാവശ്യപ്പെട്ട് വിളികളെത്തിത്തുടങ്ങിയതോടെ കാർ പോയെന്ന് തന്നെ വീട്ടുകാർ ഉറപ്പിച്ചു. തുടർന്ന് എറണാകുളം നോർത്ത് പൊലീസിൽ പരാതിനൽകി. എന്നാൽ, അങ്ങോട്ടുവിളിക്കാൻ കഴിയാത്തവിധം സിമ്മുകൾ സംഘം മാറിക്കൊണ്ടിരുന്നതിനാൽ പൊലീസുകാർക്ക് തട്ടിപ്പു സംഘത്തെ ട്രെയിസ് ചെയ്യാൻ സാധിച്ചില്ല.

ഇതിനിടെ നാഗ്പുരിലും മറ്റും അനധികൃത പാർക്കിങ്ങിനും അതിവേഗത്തിനും പിഴയീടാക്കിയുള്ള സന്ദേശം ഡോക്ടറുടെ ഫോണിലെത്തി. ഇത് കാറിന്റെ ലൊക്കേഷൻ കണ്ടെത്താൻ പൊലീസിനെ സഹായിച്ചു. പണം ആദ്യം അടച്ച അക്കൗണ്ട് ഹരിയാണയിലേതായിരുന്നു. പൊലീസ് ഇടപെട്ട് ഇതു നിർജീവമാക്കിയപ്പോൾ ഉടൻ അടുത്ത അക്കൗണ്ട് ലിങ്കായി.

വണ്ടി ആദ്യം വെറുതേ കയറ്റി ഫോട്ടോയെടുത്ത ട്രെയിലർ ഉടമയ്ക്ക് സംഘാംഗങ്ങൾ പണം നൽകാതെവന്നതാണ് ട്വിസ്റ്റായത്. ഇയാളും സംഘാംഗമാണെന്നു കരുതുന്നു. വണ്ടി ഭോപാലിലുണ്ടെന്ന രഹസ്യസന്ദേശം ഇയാളാണ് വീട്ടുകാർക്കുനൽകിയത്. ഇതോടെ പൊലീസ് ഭോപ്പാലിലേക്ക് തിരിക്കുക ആയിരുന്നു.

എറണാകുളം സൗത്ത് പൊലീസിലെ എസ്‌ഐ. ബി. ദിനേശും എഎസ്ഐ. കെ.സി. ആനന്ദുമടങ്ങുന്ന സ്‌ക്വാഡ് ഭോപാലിലേക്കു തിരിച്ചു. കാറുമായി ഇവർക്കുമുന്നിലെത്താമെന്ന് ട്രെയിലറുടമ പറഞ്ഞെങ്കിലും കൂടെക്കൂടെ വാക്കുമാറ്റി. ഒടുവിൽ പണം കൊടുക്കാമെന്ന് കാറുടമയെക്കൊണ്ട് വാഗ്ദാനംചെയ്യിച്ചശേഷം പൊലീസ് ഇയാളെ ഹോട്ടലിലേക്കു വിളിച്ചുവരുത്തി. തുടർന്ന് ഇയാൾ കാറുമായെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക് വീട്ടുകാർക്ക് താത്പര്യമില്ലെന്നാണ് സൂചന. വണ്ടിയിപ്പോൾ എറണാകുളത്തേക്കു കൊണ്ടുവരുകയാണ്.