ന്യൂഡൽഹി: ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി ബന്ധമുണ്ടെന്ന്, അഞ്ചരക്കോടി രൂപയുമായി പിടിയിലായ അസിം ദാസ് സമ്മതിച്ചുവെന്ന് ഇഡിയുടെ റിമാൻഡ് റിപ്പോർട്ട്. മഹാദേവ് ആപ്പിൽ നിന്ന് നൽകുന്ന പണത്തിന്റെ അവസാന ഉപഭോക്താവ് ബാഗേലെന്ന് അസിം ദാസ് പറഞ്ഞിട്ടുണ്ട്. കൈവശമുണ്ടായിരുന്ന പണം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ളതായിരുന്നുവെന്നും ഛത്തീസ്‌ഗഡിലെ പല കോൺഗ്രസ് നേതാക്കളുമായും തനിക്ക് ബന്ധമുണ്ടെന്ന് അസിം ദാസ് പറഞ്ഞതായും ഇഡി റിപ്പോർട്ടിൽ പറയുന്നു.

ഛത്തീസ്ഘട്ടിലെ പല കോൺഗ്രസ് നേതാക്കളുമായും ബന്ധമുണ്ടെന്നും കൈവശമുണ്ടായിരുന്ന പണം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ളതായിരുന്നുവെന്നും അസിം ദാസ് പറഞ്ഞതായും ഇഡി വിശദമാക്കുന്നു.

മഹാദേവ ബെറ്റിങ് ആപ് കേസിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 508 കോടി രൂപ ആപ് ഉടമസ്ഥർ നൽകിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. യുഎഇയിൽ നിന്നുള്ള മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടർമാരിൽ നിന്ന് 508 കോടി രൂപ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി കൈപ്പറ്റിയതായാണ് സാമ്പത്തിക അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുറത്തുവിട്ട അവകാശവാദം.

ഈ വിഷയത്തിൽ അന്വേഷണ ഏജൻസിക്ക് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഛത്തീസ്‌ഗഡിൽ നടത്തിയ തിരച്ചിലിൽ 5.39 കോടി രൂപ സംസ്ഥാനത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തതായി ഇഡി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യങ്ങളുടെ ഭാഗമായുള്ള 450 കോടിയിലധികം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാദേവ് ആപ്പിന്റെ ഉടമകൾക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാദത്തിലേക്ക് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയേയും ഇഡി എത്തിച്ചത്. 508 കോടി രൂപ ആപ്പ് പ്രമോട്ടർമാർ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നൽകിയിട്ടുണ്ടെന്നാണ് ഇഡിയുടെ വാദം. കണക്കിൽ പെടാത്ത അഞ്ചരക്കോടി രൂപയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ അസിംദാസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ റഡാറിലേക്ക് ബാഗേലിനെ കൊണ്ടുവന്നത്.

ഇഡിയുടെ വാദം ഏറ്റെടുത്ത ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി ദുബായ് നിന്ന് മഹാദേവ് ആപ്പിന്റെ പ്രമോട്ടറായ ശുഭം സോനെന്നയാൾ ബാഗേലിന് അസിംദാസ് മുഖേനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടുത്ത് വിട്ട പണമാണ് പിടികൂടിയതെന്ന് ആരോപിച്ചു.

ഇഡി ഉന്നയിച്ച ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. ബാഗേൽ ഇഡിയെ ഭയന്ന് തുടങ്ങിയെന്ന് പരിഹസിച്ച മോദി മുഖ്യമന്ത്രിയുടെ ദുബായ് ബന്ധം വെളിവാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയേയും സമീപിക്കുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.