തൊടുപുഴ: വാക്കുതർക്കത്തിനിടെ കുത്തേറ്റു മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ ആശുപത്രികൾ വിസമ്മതിച്ചതിനെ തുടർന്ന് ബന്ധുക്കൾക്ക് കിലോമീറ്ററുകൾ നീണ്ട ദുരിതയാത്ര. പോസ്റ്റ്‌മോർട്ടം നടപടിക്കായി മൃതദേഹവുമായി മക്കളും ബന്ധുക്കളും മൂന്ന് ജില്ലകളിലൂടെയാണ് സഞ്ചരിക്കേണ്ടി വന്നത്. തൊടുപുഴ ബംഗ്ലാംകുന്ന് കൊച്ചുകോതവഴിക്കൽ പ്രദീപിന്റെ (ബാബു- 57) മൃതദേഹവുമായിട്ടാണു ബന്ധുക്കൾ ആശുപത്രികൾതോറും കയറിയിറങ്ങേണ്ടി വന്നത്. മൃതദേഹത്തോട് ആശുപത്രി അധികൃതർ അവഗണന കാട്ടിയതായി ബന്ധുക്കൾ പരാതി ഉന്നയിച്ചു.

പുലർച്ചെ എറണാകുളത്തുനിന്നു തുടങ്ങിയ ഉറ്റവരുടെ അലച്ചിൽ മൂന്നു മെഡിക്കൽ കോളജുകളിൽ കയറിയിറങ്ങി ഇരുന്നൂറോളം കിലോമീറ്റർ അകലെ ഇടുക്കിയിലാണ് അവസാനിച്ചത്. നടപടികൾക്കുശേഷം മൃതദേഹം വിട്ടുകിട്ടിയതു രാത്രിയിൽ. ഒടുവിൽ പത്തരയോടെ സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായപ്പോൾ മരണം നടന്ന് 34 മണിക്കൂർ പിന്നിട്ടിരുന്നു.

ജൂൺ 9നു പൂമാലയിൽ റബർത്തടി വിൽപനയെ തുടർന്നുണ്ടായ സംഘർഷത്തിലാണു പ്രദീപിനു കഴുത്തിൽ കുത്തേറ്റത്. എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ പ്രദീപ് മരിച്ചു. വൈകിട്ടോടെ കാഞ്ഞാർ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം രാത്രി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിലെത്തിച്ചു. രാവിലെ പോസ്റ്റ്‌മോർട്ടം ചെയ്തു കൊടുക്കാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു.

ഞായറാഴ്ച രാവിലെ തൊടുപുഴയിൽനിന്നു പൊലീസും ആംബുലൻസുമായി ബന്ധുക്കളും കളമശേരിയിലെത്തി. ഫോറൻസിക് സർജൻ അടിയന്തിര അവധിയെടുത്തെന്നും പോസ്റ്റ്മോർട്ടം നടത്താനാകില്ലെന്നും പറഞ്ഞ് ആശുപത്രി അധികൃതർ കൈയൊഴിഞ്ഞു. മറ്റെവിടേക്കെങ്കിലും കൊണ്ടുപോകാനായിരുന്നു നിർദ്ദേശം.

തുടർന്നു ഡീൻ കുര്യാക്കോസ് എംപി ഇടപെട്ടു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്താൻ തടസ്സമില്ലെന്നു ബന്ധപ്പെട്ടവർ ഉറപ്പുനൽകിയതായി എംപി അറിയിച്ചതോടെ മൃതദേഹം കോട്ടയത്തെത്തിച്ചു. എന്നാൽ, കുറ്റകൃത്യം നടന്നതിന്റെ പരിധിക്കു പുറത്താണു കോട്ടയം മെഡിക്കൽ കോളജെന്നു പറഞ്ഞ് അവിടെ പോസ്റ്റ്‌മോർട്ടത്തിനു സാധിക്കില്ലെന്നറിയിച്ചു.

മൃതദേഹവുമായി വന്ന ആംബുലൻസ് മോർച്ചറിക്കു സമീപം നിർത്താൻ പോലും ആശുപത്രി അധികൃതർ സമ്മതിച്ചില്ലെന്നു ബന്ധുക്കൾ പറഞ്ഞു. മോർച്ചറിജീവനക്കാർ ഇടപെട്ട് വാഹനം നിർബന്ധിച്ച് ആശുപത്രി വളപ്പിനു പുറത്തേക്കിറക്കിച്ചു. ആഴ്ചകളോളം ഐ.സി.യുവിലും വെന്റിലേറ്ററിലുമായി കഴിഞ്ഞിരുന്നതിനാൽ മൃതദേഹം ജീർണിച്ചു തുടങ്ങിയിരുന്നു. ഇതേ അവസ്ഥയിൽ കൂടുതൽ യാത്ര ചെയ്യുന്നതും അസാധ്യമായി.

പിന്നീടു കാഞ്ഞാർ പൊലീസ് ഇടുക്കി മെഡിക്കൽ കോളജ് അധികൃതരുമായി ബന്ധപ്പെട്ട് മൃതദേഹം ഇടുക്കിയിലെത്തിച്ചു. എന്നാൽ അവിടെയും സാങ്കേതിക തടസ്സങ്ങളുണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രിയോടെയാണു മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തത്. മൃതദേഹം പത്തരയോടെ തൊടുപുഴ ശാന്തിതീരം വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിച്ചു.

ആശുപത്രി അധികൃതരിൽനിന്നു കടുത്ത അവഗണനയാണ് നേരിട്ടതെന്നും ഒരാൾക്കും ഇത്തരമൊരു ദുരനുഭവമുണ്ടാകരുതെന്നും പറഞ്ഞ ബന്ധുക്കൾ സംഭവത്തിൽ മന്ത്രിതലത്തിലടക്കം പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്. പ്രദീപിന്റെ ഭാര്യ: കാഞ്ഞിരമറ്റം വട്ടത്തൊട്ടിയിൽ അംബുജം. മക്കൾ: അഞ്ജന, അഭിജിത്, അഭിനവ്.

പ്രദീപിനെ കുത്തിപ്പരുക്കേൽപിച്ച കൂവക്കണ്ടം സ്വദേശി മോടംപ്ലാക്കൽ ബാലകൃഷ്ണനെ (കുഞ്ഞ്) പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, വിവാദമായ കേസുകൾ കോടതിയുടെ നിർദ്ദേശപ്രകാരമോ പൊലീസിന്റെ പ്രത്യേക അപേക്ഷയെ തുടർന്നോ മറ്റു ജില്ലകളിൽ പോസ്റ്റ്‌മോർട്ടം ചെയ്യാറുണ്ടെന്നു കോട്ടയം മെഡിക്കൽ കോളജ് അധികൃതർ വിശദീകരിച്ചു. എന്നാൽ, കേസായ സംഭവങ്ങളിൽ പോസ്റ്റ്‌മോർട്ടം അതതു മേഖലയിലെ ആശുപത്രികളിൽ ചെയ്യുവെന്നും അധികൃതർ പറയുന്നു.

ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനുള്ള എല്ലാ സൗകര്യങ്ങളുമുള്ളപ്പോൾ അവിടേക്കു കൊണ്ടുപോകാതെ കോട്ടയത്തു പോസ്റ്റ്‌മോർട്ടം നടത്തിയതെന്തിനെന്നു കോടതി ചോദിച്ചാൽ ആശുപത്രി അധികൃതരും പൊലീസും ഉത്തരം പറയേണ്ടി വരുമെന്നും അവർ വിശദീകരിച്ചു.