കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖല കൺവെൻഷനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കളമശേരി ഗണപതിപ്ലാക്കൽ മോളി ജോയ് (61) ആണ് ഇന്ന് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ മോളി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. രാവിലെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം.

മൂന്ന് പേർ നേരത്തെ മരിച്ച സ്ഫോടനത്തിൽ 20 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 11 പേരിൽ മോളിയടക്കം രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഒൻപതുപേർ വാർഡുകളിലുണ്ട്.

ഇന്നുരാവിലെ അഞ്ചുമണിയോടെയാണു മരണം സ്ഥിരീകരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. രാജഗിരി ആശുപത്രിയിൽ ആദ്യം ചികിത്സതേടിയ മോളിയെ ഗുരുതര പരുക്കുകളെ തുടർന്നു മെഡിക്കൽ സെന്ററിലേക്കു മാറ്റുകയായിരുന്നു.

സ്ഫോടനത്തിൽ മരിച്ച നാലു പേരും സ്ത്രീകളാണ്. കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖല കൺവെൻഷൻ നടന്ന സാമ്ര കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ മാസം 29-നാണ് സ്ഫോടനം നടന്നത്.

പെരുമ്പാവൂർ സ്വദേശി ലിയോണ പൗലോസ് (55), തൊടുപുഴ വണ്ണപ്പുറം സ്വദേശി കുമാരി (52), മലയാറ്റൂർ സ്വദേശി ലിബിന (12) എന്നിവരാണ് നേരത്തെ മരിച്ചത്. ചികിത്സയിൽ കഴിയവേയാണു കുമാരിയും ലിബിനയും മരിച്ചത്. സ്ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിൻ നിലവിൽ റിമാൻഡിലാണ്.

ഒക്ടോബർ 29നു രാവിലെ ഒമ്പതരയോടെ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്‌ഫോടനം നടന്നത്. പ്രാർത്ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്‌ഫോടനം നടക്കുകയായിരുന്നു.

സംഭവത്തിൽ താൻ മാത്രമാണ് ഉത്തരവാദിയെന്നാണ് മാർട്ടിൻ ആവർത്തിച്ചു പറയുന്നത്. പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ബോംബ് സ്ഫോടനം ആസൂത്രണം മുതൽ സ്ഫോടനം വരെയുള്ള സംഭവങ്ങളിൽ ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. അതിനായി മാർട്ടിനെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മാർട്ടിന്റെ വിദേശബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ പരിശോധിച്ചു വരികയാണ്. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സാക്ഷികൾ എന്നിവരുടെ മൊഴിയെടുപ്പും തുടരുന്നുണ്ട്. മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഒരു ദിവസമാണ് ഇയാളുമായി തെളിവെടുപ്പ് നടത്തിയത്. അത്താണിയിലെ തന്റെ ഫ്ലാറ്റിൽ വെച്ച് എങ്ങനെയാണ് ബോംബ് ഉണ്ടാക്കിയതെന്ന് മാർട്ടിൻ കാണിച്ചുകൊടുത്തിരുന്നു. എന്നാൽ, മുൻപരിചയമില്ലാതെ, എങ്ങനെ ബോംബ് നിർമ്മിച്ചുവെന്നും കൃത്യമായി പദ്ധതി ആസൂത്രണം ചെയ്തുവെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്ററിലും തമ്മനത്തെ വാടകവീട്ടിലും പെട്രോൾ വാങ്ങിയ പമ്പുകളിലും റിമോട്ട്, ബാറ്ററി തുടങ്ങിയവ വാങ്ങിയ ഇടങ്ങളിലുമെല്ലാം ഇനി തെളിവെടുക്കേണ്ടതുണ്ട്. സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നുണ്ട്.