എറണാകുളം: മൂവാറ്റുപുഴയിൽ തടിമില്ലിൽ രണ്ട് അസം സ്വദേശികളെ കഴുത്തിലും ശരീരത്തിലും ആഴമേറിയ മുറിവുകളോടെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ഒഡിഷ സ്വദേശി ഗോപാൽ സംസ്ഥാനം വിട്ടു. കൂടാതെ മരിച്ച രണ്ട് പേരുടെയും മൊബൈൽ ഫോണുകളും കാണാതായിട്ടുണ്ട്. ഇയാൾ മൊബൈൽ ഫോണുകളുമായി കടന്നുകളഞ്ഞതാകാമെന്ന് പൊലീസ് പറയുന്നു.

സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഇന്നലെയാണ് മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തടി മില്ലിലെ തൊഴിലാളികളായ മൊഹന്തോ (37), ദീപാങ്കർ ബസുമ്മ (40) എന്നിവരാണ് മരിച്ചത്. ആസ്സാം സ്വദേശികളാണ് ഇവർ. കഴുത്തിനു മുറിവേറ്റ നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

അടൂപറമ്പ് കമ്പനിപ്പടിയിലെ തടിമില്ലിലെ തൊഴിലാളികളായ ഇരുവരുടെയും മൃതദേഹം വൈകിട്ട് മൂന്നരയോടെയാണു തടിമില്ലിന്റെ സമീപത്തുള്ള കെട്ടിടത്തിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ഗോപാലിനെ (22) സംഭവത്തിനു ശേഷം കാണാതായി. മറ്റൊരു തൊഴിലാളിയായ അസം സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയാണ്. ഗോപാലിനായി അന്വേഷണം ഒഡീഷയിലേക്ക് വ്യാപിപ്പിക്കും.

മാറാടി സ്വദേശി ഷാഹുൽ ഹമീദ് നടത്തുന്ന തടിമില്ലിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരാണ് ഇരുവരും. തൊഴിലാളികളിൽ ഒരാളുടെ ഭാര്യ ഇന്നലെ രാവിലെ മുതൽ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ ഷാഹുൽ ഹമീദിനെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം അറിയിച്ചതനുസരിച്ചു സമീപത്തുള്ള ബേക്കറി ജീവനക്കാരനും പിന്നീട് മില്ലിന്റെ മാനേജറും എത്തി പരിശോധിച്ചപ്പോൾ ഇരുവരെയും തടിമില്ലിന്റെ ഔട്ട്ഹൗസായി ഉപയോഗിക്കുന്ന കെട്ടിടത്തിൽ തറയിൽ നിശ്ചലരായി കിടക്കുന്ന നിലയിൽ കണ്ടെത്തി.

പുതപ്പ് കൊണ്ടും മറ്റും മൂടിയ നിലയിലായിരുന്നു. സംശയം തോന്നിയ ഇരുവരും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ, ഡിവൈഎസ്‌പി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ശാസ്ത്രീയ അന്വേഷണ സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. തടിമില്ലിൽ 4 അതിഥിത്തൊഴിലാളികളാണു താമസിച്ചിരുന്നത്.

അസം സ്വദേശികളായ മൊഹന്തോയും ദീപാങ്കറും ഒഡീഷ സ്വദേശി ഗോപാലും തടിമില്ലിനോടു ചേർന്നുള്ള കെട്ടിടത്തിലും മറ്റൊരു അസം സ്വദേശി സന്തോഷ് തടിമില്ലിനു പിറകിലുള്ള കെട്ടിടത്തിലുമാണു താമസിച്ചിരുന്നത്. ഗോപാലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. ഗോപാൽ ഇന്നലെ പുലർച്ചെ നാട്ടിലേക്കു പോകുമെന്ന് തടിമിൽ നടത്തിപ്പുകാരനെ നേരത്തെ തന്നെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.