തൃശ്ശൂർ: വിയ്യൂർ ജയിലിൽ തടവുകാരനായ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടിസുനിയെ ജയിൽ ഉദ്യോഗസ്ഥർ മർദിച്ചെന്ന ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ. കൊടിസുനിയാണ് ജയിലിലെ ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും ജയിലിൽ തടവുകാർ രണ്ടുസംഘങ്ങളായി നടത്തിയ ഏറ്റുമുട്ടലിലാണ് കൊടിസുനിക്ക് പരിക്കേറ്റതെന്നും ജയിൽ അധികൃതർ അറിയിച്ചു.

തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ കൊടിസുനിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അധികൃതർ കൂട്ടിച്ചേർത്തു. കണ്ണിൽ മുളകുപൊടിയുമായി ഞായറാഴ്ച രാത്രിയാണ് കൊടിസുനിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ജയിലിലെ അടുക്കളയിൽ കൊടിസുനിയും മറ്റുതടവുകാരുമായുള്ള സംഘർഷത്തിനിടെയാണ് കണ്ണിൽ മുളകുപൊടി പോയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, കൊടിസുനിയെ ജയിൽ ഉദ്യോഗസ്ഥർ മർദിച്ചതാണെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നത്. കണ്ണിൽ മുളകുപൊടി തേച്ച് കെട്ടിയിട്ടാണ് മർദിച്ചതെന്നും 25-ഓളം ഉദ്യോഗസ്ഥരാണ് കൊടിസുനിയെ മർദിച്ചതെന്നും ഇവർ ആരോപിച്ചിരുന്നു.

അതിനിടെ, വിയ്യൂർ അതിസുരക്ഷാ ജയിലിൽ ഞായറാഴ്ചയുണ്ടായ അക്രമത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയടക്കം പത്തു തടവുകാരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയിൽ ജീവനക്കാരെ വധിക്കാൻ ശ്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് വിയ്യൂർ പൊലീസ് കേസെടുത്തത്.

കൊടി സുനി അഞ്ചാം പ്രതിയാണ്. കൊടി സുനിയുടെ സുഹൃത്ത് രഞ്ജിത്താണ് ഒന്നാം പ്രതി. സാജു, മിബുരാജ്, അരുൺ, താജുദ്ദീൻ, ചിഞ്ചു മാത്യു, ജറോം, ഷഫീഖ്, ജോമോൻ എന്നിരാണ് മറ്റു പ്രതികൾ. പ്രതികൾ ജയിലിൽ കലാപത്തിന് ശ്രമിച്ചതായും എഫ്.ഐ.ആറിലുണ്ട്.

ഞായറാഴ്ച ഉച്ചഭക്ഷണസമയത്താണ് പ്രതികൾ അക്രമം അഴിച്ചുവിട്ടത്. ഭക്ഷണത്തോടൊപ്പം നൽകിയ ആട്ടിറച്ചി വീണ്ടും വേണമെന്നാവശ്യപ്പെട്ടായിരുന്നു ഉദ്യോഗസ്ഥർക്കു നേരെ തട്ടിക്കയറിയതെന്ന് പറയുന്നു. ഷേവ് ചെയ്യാൻ ബ്ലേഡ് വേണമെന്ന ആവശ്യം നിരസിച്ചതും പ്രതികളെ കൂടുതൽ രോഷാകുലരാക്കി.

ഒന്നാം പ്രതി രഞ്ജിത്ത് കുപ്പി പൊട്ടിച്ച് പ്രിസൺ ഓഫീസർ അർജുൻദാസിന്റെ കഴുത്തിൽവച്ചാണ് അക്രമം തുടങ്ങിയത്. ഇത് പിടിച്ചുമാറ്റാൻ വന്ന ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, ജീവനക്കാരായ ഓംപ്രകാശ്, വിജയകുമാർ എന്നിവരെയും മർദിച്ചു. തുടർന്ന് ഇരുമ്പുവടി ഉപയോഗിച്ച് വ്യാപക അക്രമം അഴിച്ചുവിട്ടു.

ജയിൽ അടുക്കളയിലെത്തി അവിടെയുണ്ടായിരുന്ന തടവുകാരെയും ആക്രമിച്ചു. ജയിൽ ജീവനക്കാരെത്തി തടവുകാരെ രക്ഷിച്ച് ഗാർഡ് റൂമിലെത്തിച്ചെങ്കിലും പ്രതികൾ ഗാർഡ് റൂം ആക്രമിച്ച് ഉപകരണങ്ങൾ അടിച്ചുതകർത്തു. അക്രമം നടത്തിയ സമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്.