- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിൽ പുഴയുടെ തീരത്ത് ബിഗ് ഷോപ്പറിൽ നവജാതശിശുവിന്റെ മൃതദേഹം; കുഞ്ഞിനെ ഒഴിവാക്കാൻ കൊന്നുകളഞ്ഞത് മാതാപിതാക്കൾ; അസമിൽ എത്തി പ്രതികളെ പിടികൂടി പൊലീസ്
പെരുമ്പാവൂർ : എറണാകുളം പെരുമ്പാവൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതശരീരം മുടിക്കലിൽ പുഴയുടെ തീരത്ത് ഉപേക്ഷിച്ച സംഭവത്തിൽ അതിഥി തൊഴിലാളികളായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അച്ഛൻ അസം സ്വദേശി മുക്ഷിദുൽ ഇസ്ലാം(31), അമ്മ മുഷിതാ ഖാത്തൂൻ(31) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി രണ്ടുപേരും ചേർന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി താമസസ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ മൃതശരീരം ഉപേക്ഷിച്ചതെന്നും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ഒക്ടോബർ എട്ടാം തീയതിയാണ് മുടിക്കലിലെ ആളൊഴിഞ്ഞ പ്രദേശത്ത് പത്ത് ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ മൃതശരീരം ഉപേക്ഷിച്ച നിലയിൽ കണ്ടത്.ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് മരണം കൊലപാതകമെന്ന് വ്യക്തമായത്. ഈ സാഹചര്യത്തിൽ പെരുമ്പാവൂർ പൊലീസ് കുട്ടിയുടെ മാതാപിതാക്കൾ ആരെന്ന അന്വേഷണം തുടങ്ങി.
അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രദേശത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന മുക്ഷിദുൽ ഇസ്ലാമും മുഷിതാ ഖാത്തൂനും സ്ഥലത്ത് നിന്ന് മുങ്ങി. ഇതോടെ മാതാപിതാക്കൾ തന്നെയാണ് പ്രതികളെന്ന നിഗമനത്തിൽ പൊലീസെത്തി. ഇവരിലേക്കെത്തി. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് പെരുമ്പാവൂർ പൊലീസ് അസമിൽ എത്തി പ്രതികളെ പിടികൂടിയത്.
ഒക്ടോബർ 8 ന് വൈകീട്ട് 6 മണിയോടെ മുടിക്കൽ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുണിയിൽപ്പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയായിരുന്നു മൃതദേഹം.
സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. അതിഥിത്തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങൾ, താമസിക്കുന്ന സ്ഥലങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. മേതലയിലെ പ്ലൈവുഡ് കമ്പനിയിലെ ആസാം സ്വദേശിനിക്ക് സമീപ ദിവസം കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ അവരെ കാണുന്നില്ലെന്ന കാര്യം മനസിലാക്കിയ പ്രത്യേക ടീം അസമിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ പരിപാലനത്തെ ചൊല്ലി പ്രസവത്തിനു മുമ്പേ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയിൽപ്പൊതിഞ്ഞ് കവറിലാക്കി ഓട്ടോറിക്ഷയിൽ എത്തിയാണ് ഇവിടെ ഉപേക്ഷിച്ചത്. തുടർന്ന് അന്ന് തന്നെ അസമിലേക്ക് കടന്നു. ആദ്യ വിവാഹം വേർപെടുത്തി കേരളത്തിൽ വന്ന് ഒരുമിച്ച് ജീവിക്കുയായിരുന്നെന്നും പൊലീസ് പറഞ്ഞു.




