കണ്ണൂർ: കണ്ണൂരിൽ ഇന്നലെ നടന്ന മയക്കു മരുന്നു വേട്ടയിൽ ഒരു യുവതിയും നാലു യുവാക്കളും പൊലീസ് പിടിയിലായി. വിദ്യാർത്ഥികൾക്ക് അടക്കം വിൽപ്പനയ്കര്ക് എത്തിച്ച എം.ഡി.എം.എയും ഹാഷിഷ് ഓയിലുമാണ് പൊലീസ് ഇവരിൽ നിന്നും കണ്ടെടുടത്തത്. കണ്ണൂർ പുതിയതെരു സ്വദേശി യാസിർ, പെൺസുഹൃത്ത് അപർണ, യാസിറിന്റെ സഹോദരൻ റിസ്‌വാൻ, സുഹൃത്ത് ദിൽഷിദ് എന്നിവരാണ് പിടിയിലായത്. സമീപകാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ മയക്കു മരുന്നു വേട്ടയായിരുന്നു ഇത്.

ഈ മയക്കു മരുന്ന് സംഘത്തിൽ നിന്ന് 158 ഗ്രാം എം.ഡി.എം.എയും 112 ഗ്രാം ഹാഷിഷ് ഓയിലും ടൗൺ പൊലീസ് പിടികൂടി. യാസിറിനെയും 23കാരിയായ പെൺസുഹൃത്ത് അപർണയെയുമാണ് ആദ്യം പൊലീസ് പിടികൂടുന്നത്. കണ്ണൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്തായിരുന്നു ഇവരുടെ ലഹരി വിൽപ്പന. ഇതിനെക്കുറിച്ച് രഹസ്യ വിവരം കിട്ടിയ കണ്ണൂർ ടൗൺ പൊലീസ് ഹോട്ടലിലെത്തി പരിശോധന നടത്തി രണ്ട് പേരെയും പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് റിസ്‌വാനും ദിൽഷിദും ലഹരി വിൽപ്പനയിലെ കണ്ണികളാണെന്ന വിവരം കൂടി പൊലീസിന് ലഭിച്ചത്.

ഇരുവരും ഈ സമയം മറ്റൊരു ഹോട്ടലിൽ ലഹരിയുമായി തമ്പടിച്ചിട്ടുണ്ടെന്നും പൊലീസ് മനസ്സിലാക്കി. യാസിറിനെയും അപർണയെയും അറസ്റ്റ് ചെയ്ത ശേഷം അവിടെ എത്തി രണ്ട് പേരെയും ടൗൺ പൊലീസ് പിടികൂടി. രണ്ട് സ്ഥലങ്ങളിലായി പൊലീസ് നടത്തിയത് സമീപകാലത്തെ ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം വേട്ടയായി ഇതു മാറി.

വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇവർ ലഹരി കച്ചവടം നടത്തിയിരുന്നത്. ബംഗളൂരുവിൽ നിന്നായിരുന്നു സംഘം ലഹരി മരുന്നുകൾ എത്തിച്ചിരുന്നത്. യാസിറിന്റെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവരിലേക്ക് അന്വേഷണം എത്തുമെന്നും കണ്ണൂർ ടൗൺ പൊലീസ് പറഞ്ഞു. ഇന്ന് അറസ്റ്റിലായ ദിൽഷിദ് കഞ്ചാവ് വിൽപ്പനയ്ക്ക് നേരത്തെയും പിടിയിലായിട്ടുണ്ട്. സംഘത്തെ കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.