- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകത്തിൽ കലാശിച്ച പ്രണയ വിവാഹം; റിയൽ എസ്റ്റേറ്റ് വ്യാപാരിയുടെ മരണത്തിൽ ചോദ്യം ചെയ്യലിനോട് നിസഹകരിച്ച് ഭാര്യ; ദമ്പതികളുടെ വഴക്കിനെക്കുറിച്ച് വ്യക്തത തേടി ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും
പൂണെ: ദുബായിയിൽ പിറന്നാൾ ആഘോഷത്തിന് കൊണ്ടുപോകാൻ വിസമ്മതിച്ചതിന്റെ പേരിൽ ഭാര്യയുടെ മർദ്ദനമേറ്റ് റിയൽ എസ്റ്റേറ്റ് വ്യാപാരി നിഖിൽ ഖാന്ന കൊല്ലപ്പെട്ട സംഭവത്തിൽ കേസിന്റെ അന്വേഷണവുമായി ഭാര്യ രേണുക സഹകരിക്കുന്നില്ലെന്ന് പൂണെ സിറ്റി പൊലീസ്. നിഖിൽ മരിച്ച ദിവസം നടന്ന സംഭവങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ രേണുക തയ്യാറാകുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
മൂക്കിന് അടിയേറ്റാണ് 36കാൻ മരിച്ചത്. പൂണെയിലെ വാനവ്ഡി ഏരിയയിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്. നിർമ്മാണമേഖലയിലെ വ്യവസായിയാണ് നിഖിൽ ഖന്ന. ആറുവർഷം മുമ്പാണ് ഇരുവരും പ്രണയിട്ട് വിവാഹിതരായത്.
ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ, അവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൂണെ സിറ്റി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. നിഖിലിന്റേതുകൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് ഡോ. പുഷ്പരാജ് ഖാന്ന നൽകിയ പരാതിയിൽ രേണുകയെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച കേസിനാസ്പദമായ സംഭവം നടന്നത്. താനും നിഖിലും തമ്മിൽ വഴക്കുണ്ടായെന്ന് പറഞ്ഞ്, രേണുക പുഷ്പരാജിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ താൻ, കിടപ്പുമുറിയിൽ മൂക്കിൽ നിന്ന് ചോര വാർന്ന് അബോധാവസ്ഥയിൽ കിടക്കുന്ന നിഖിലിനെയാണ് കണ്ടതെന്ന് പുഷ്പരാജ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഉടൻ തന്നെ നിഖിലിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതോടെയാണ് പുഷ്പരാജ് മകന്റേതുകൊലപാതകമാണെന്നും പറഞ്ഞ് രേണുകയ്ക്കെതിരെ പരാതി നൽകിയത്.
നിഖിൽ രേണുകയെ ദുബായിലേക്ക് ജന്മദിനം ആഘോഷിക്കാൻ കൊണ്ടുപോകാത്തതിനെ തുടർന്ന് ഇരുവരും വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വനവ്ഡി പൊലീസ് സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതിയുടെ ജന്മദിനത്തിലും വിവാഹ വാർഷികത്തിലും വിലയേറിയ സമ്മാനങ്ങൾ നിഖിൽ നൽകിയില്ല. ബന്ധുവിന്റെ ജന്മദിനം ആഘോഷിക്കാൻ ഡൽഹിയിലേക്ക് പോകാൻ നിഖിൽ അനുവദിക്കാത്തതും പ്രശ്‌നങ്ങൾക്ക് കാരണമായി.
വഴക്കിനിടെ രേണുക നിഖിലിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്ക് തകരുകയും പല്ല് പൊഴിയുകയും ചെയ്തു. കനത്ത രക്തസ്രാവത്തെ തുടർന്ന് നിഖിലിന് ബോധം നഷ്ടപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും നിഖിൽ മരിച്ചു. അതിനിടെ, ഐപിസി സെക്ഷൻ 302 പ്രകാരം രേണുകയ്ക്കെതിരെ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണത്തിനായി അറസ്റ്റ് ചെയ്തു. നിഖിൽ ഖന്നയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്.
2017ലായിരുന്നു 36കാരനായ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ നിഖിലും 38കാരിയായ രേണുകയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് പിന്നാലെ പ്രശ്നങ്ങളും ആരംഭിച്ചെന്നാണ് പുഷ്പരാജ് പൊലീസിനോട് പറഞ്ഞത്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് തീരുമാനത്തിലായിരുന്നു നിഖിൽ. പ്രശ്നപരിഹാരത്തിനായി രേണുകയെ ഉപദേശിച്ചിട്ടും മാറ്റമൊന്നുമുണ്ടായില്ല. വീട്ടുജോലിക്കാരോടും രേണുക വഴക്കുണ്ടാക്കുന്നത് സ്ഥിരമായിരുന്നുവെന്ന് പുഷ്പരാജ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
മൂക്കിനേറ്റ ഇടിക്ക് പിന്നാലെ തലയിലുണ്ടായ ആഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. 'ഇടിയേറ്റ് നിഖിലിന്റെ മൂക്കിന് പൊട്ടലുണ്ടായി. പിന്നാലെ രക്തം വാർന്ന് ബോധരഹിതനായി തറയിൽ വീണു. തുടർന്ന് അമിതമായി രക്തസ്രാവം സംഭവിച്ചു.' വീഴ്ചക്കിടയിൽ തല എവിടെയെങ്കിലും ഇടിച്ചിട്ടുണ്ടാവാമെന്നും പൊലീസ് പറഞ്ഞു. രേണുക കൈ കൊണ്ടാണോ നിഖിലിന്റെ മൂക്കിനിടിച്ചത് അതോ എന്തെങ്കിലും ആയുധം ഉപയോഗിച്ചാണോ എന്നും അന്വേഷിക്കുമെന്നും പൂണെ പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ