- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി; സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവെ സംഭവം; കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോയി; അന്വേഷണം തുടരുന്നു
കൊല്ലം: കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് കാണാതായത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു.
വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുമ്പോഴാണു കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.
ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരികയായിരുന്നു പെൺകുട്ടി. പിന്നിൽ വന്ന കാറിലുണ്ടായിരുന്നവർ രണ്ടുപേരെയും പിടികൂടാൻ ശ്രമിച്ചു. ആദ്യം പെൺകുട്ടിയെ പിടിച്ചിഴച്ച് കാറിലേക്ക് കയറ്റി. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോയി. തുടർന്ന് പൂയപ്പള്ളി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കാറിൽ നാലുപേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.
തന്നെയും കാറിനുള്ളിൽ കയറ്റാൻ സംഘം ശ്രമിച്ചു. തന്റെ കൈയിലുണ്ടായിരുന്ന കമ്പ് കൊണ്ട് അവരെ അടിച്ചു. കുതറിയോടാൻ ശ്രമിച്ച അഭികേലിനെ സംഘം വലിച്ചിഴച്ചുവെന്നും സഹോദരൻ പറഞ്ഞു. അമ്മയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കാറിലുണ്ടായിരുന്ന സ്ത്രീ ഒരു കടലാസ് കുട്ടികൾക്ക് നേരെ നീട്ടി. ഇത് വാങ്ങാനെത്തിയപ്പോഴാണ് സംഘം കുട്ടികളെ പിടികൂടിയത്.
സംഭവം സമയം ഇവരുടെ മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. ഭയന്നുപോയ കുട്ടി അയൽവാസികളെയാണ് ആദ്യം സംഭവം അറിയിച്ചത്. ഇവരാണ് വിവരം പൊലീസിൽ അറിയിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.ദൃശ്യങ്ങളിൽ കാറ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കാറിന്റെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമല്ല. അതേസമയം, തിരുവനന്തപുരം രജിസ്‌ട്രേഷനാണെന്ന് പൊലീസ് പറയുന്നു. അതേസമയം, കാറിന്റെ നമ്പർ വ്യാജമാകാനും സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ