കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് വന്ന ഫോൺ കോൾ വന്നത് പാരിപ്പള്ളിയിൽ നിന്നും. പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നാണ് ഫോൺകോൾ വന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായി പരിശോധന നടത്തി.

വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ ഫോണിൽ നിന്നാണ് കോൾ വന്നത്. പക്ഷേ ഫോൺ വിളിച്ചത് അവരല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഓട്ടോയിൽ വന്ന ഒരു പുരുഷനും സ്ത്രീയും കടയിലേക്ക് കയറി സ്ത്രീയുടെ മൊബൈൽ ഒരു ഫോൺ വിളിക്കാനുണ്ടെന്ന കാരണം പറഞ്ഞുവാങ്ങി. അതിനുശേഷമാണ് കുട്ടിയുടെ അമ്മയെ വിളിച്ച് പണം ആവശ്യപ്പെട്ടത്.

കടയിലുണ്ടായിരുന്ന സ്ത്രീയ്ക്ക് ഇവർ എന്താണ് സംസാരിച്ചത് എന്നത് വ്യക്തമായില്ല.ഓട്ടോയിൽ വന്ന ഇരുവരും കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങളാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്.

മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ ശുഭപ്രതീക്ഷ നൽകുന്നതാണ്. അതേസമയം, നാലുമണിക്കൂർ പിന്നിട്ടിട്ടും അബി?ഗേൽ സാറ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.

ആസൂത്രിതമായാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. ട്യൂഷന് പോകുമ്പോൾ കാറിലെത്തിയ സംഘം അഭിഗേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥൻ പറയുന്നത്. വൈകിട്ട് നാലരയോടെയാണിത്. സംസ്ഥാനവ്യാപകമായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കാറ്റാടിമുക്കിൽവെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥൻ പറയുന്നു. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം വീട്ടിനടുത്തുള്ള ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്. എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നൽകിയെന്ന് റൂറൽ എസ്‌പി അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

കുട്ടിക്കായി സംസ്ഥാന വ്യാപകമായി തെരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. കേരള തമിഴ് നാട് അതിർത്തി പ്രദേശമായ കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പൊലീസ് കമ്മീഷണറും റൂറൽ എസ്‌പിയും ചേർന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്.

ആര്യൻകാവ് ചെക്ക്‌പോസ്റ്റിലും, കോട്ടയം ജില്ലാ അതിർത്തിയായ ളായിക്കാട് എം സി റോഡിലും, വർക്കല ഇടവ മേഖലകളിലും കൊല്ലം തിരുവനന്തപുരം അതിർത്തിയിലും ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റിലും കുമളി ചെക്ക് പോസ്റ്റിലും പരിശോധന നടക്കുകയാണ്.

വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഫോൺ കോൾ വന്നത്. വ്യാപകമായ അന്വേഷണവും പരിശോധനകളും നടക്കുന്നുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോയ വാഹനത്തെ കുറിച്ച് സൂചനയുണ്ട്. അതിന് പിന്നിൽ ഒരു സംഘം പൊലീസുണ്ട്. എസ്‌പിയുമായി സംസാരിച്ചാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് കെ ബി ഗണേശ് കുമാർ എം എൽ എ പറഞ്ഞു.

4.45 -ഓടെ തട്ടിക്കൊണ്ടപോയ സംഭവം ഉണ്ടായി അഞ്ച് മണിയോടെ ഞാൻ അറിഞ്ഞു. തുറവുഞ്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളിച്ചിരുന്നു. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞു. അപ്പോൾ തന്നെ സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചിരുന്നു. എസ്‌പിഎയേയും ഡിവൈഎസ്‌പിയേയും വിളിച്ച് അലർട്ട് ചെയ്തിരുന്നു. അപ്പോൾ ത്‌നെ എസ്‌ഐ അന്വേഷണത്തിന് പോയതായി പറഞ്ഞിരുന്നു.

അഞ്ചേകാലോടെ തന്നെ പൊലീസ് അലർട്ടായിരുന്നു. എല്ലായിടത്തേക്കും വയർലെസ് സന്ദേശം കൈമാറിയിരുന്നു. സഹോദരൻ പറയുന്നത് വണ്ടി അവിടെ പാർക്ക് ചെയ്തിരുന്നു എന്നാണ്. എന്നിട്ടും ആ കുട്ടിയെ പിടിക്കാതെ ചെറിയ കുട്ടിയെ മാത്രമാണ് പിടിച്ച് കൊണ്ടുപോയത്.വളരെ ആസൂത്രിതമായാണ് കൃത്യം ചെയ്തത്. ബന്ധുക്കളോ സുഹൃത്തുക്കളോ ആണെങ്കിൽ വലിയ ക്രിമിനലായിരിക്കും അത്. അല്ലാതെ പിഞ്ചുകുഞ്ഞിനോട് അങ്ങനെ കാണിക്കാനാകില്ല. നമ്മളെല്ലാം ആകെ വിഷമത്തിലാണെന്നും ഗണേശ് പറഞ്ഞു.