കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരി അബിഗേൽ സാറാ റജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. പ്രതികൾ ഫോൺ ചെയ്യുന്നതിനായി കയറിയ കടയിലെ ആളുകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. പൊലീസിന്റെ വിദഗ്ദ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവിൽ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. ഇയാളുടെ ഒപ്പമുണ്ടായിരുന്നു എന്ന് പറയുന്ന സ്ത്രീയുടെ രേഖാചിത്രവും അൽപസമയത്തിനകം പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം പാരിപ്പള്ളിക്കു സമീപം കുളമട കിഴക്കനേല എൽ.പി.എസിന് അടുത്തുള്ള കടയിൽ വന്ന സ്ത്രീയും പുരുഷനുമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. കടയിലെത്തി സാധനം വാങ്ങിയ ഇരുവരും കടയുടമയുടെ ഭാര്യ ഗിരിജയുടെ ഫോൺ വാങ്ങിയാണ് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് സംസാരിച്ചത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ പൊലീസ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്.

45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷർട്ടുമായിരുന്നെന്ന് നേരത്തെ ഗിരിജ പറഞ്ഞിരുന്നു. 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ പച്ച ചുരിദാറും കറുത്ത ഷാളുമായിരുന്നു ധരിച്ചിരുന്നതെന്നും ഗിരിജ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ബിസ്‌കറ്റുണ്ടോ എന്ന് ചോദിച്ചാണ് ഇവർ കടയിലെത്തിയത്. പിന്നീടാണ് മറ്റ് സാധനങ്ങൾ വാങ്ങിയതും ഫോണുമായി കടയിൽ നിന്ന് പുറത്തേക്ക് പോയി വിളിച്ച ശേഷം തിരികെ കൊണ്ടുവന്നു. കടയുടമ പറഞ്ഞു. കൊല്ലത്ത് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംസ്ഥാനമൊട്ടാകെ വ്യാപകമായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുമെന്നും എംസി റോഡ് ഉടനീളം പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. കാറിലെത്തിയ സംഘം ഓയൂർ സ്വദേശി റെജിയുടെ മകൾ അഭിഗേൾ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷൻ പോകുന്നതിനിടെയാണ് 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. പ്രധാനപ്പെട്ട പാതകളിലും ഇടവഴികളിലും ഉൾപ്പടെ വ്യാപക പരിശോധനയാണ് പൊലീസ് നടത്തുന്നത്. വിശദമായി പരിശോധിക്കാതെ ഒരു വാഹനവും പൊലീസ് കടത്തിവിടുന്നില്ല. സംസ്ഥാന വ്യാപകമായാണ് തിരച്ചിൽ നടത്തുന്നത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുടെ എല്ലാ അതിർത്തികളും അടച്ചുകൊണ്ടുള്ള അന്വേഷണമാണ് ആദ്യഘട്ടത്തിൽ പൊലീസ് നടത്തിയിരുന്നത്. ഡിഐജി ആർ. നിശാന്തിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. റൂറൽ ഏരിയയിലെ വഴികളിലുൾപ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. എല്ലാ രീതിയിലും അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പത്ത് ലക്ഷം രൂപയാണ് സംഘം മോചന ദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ കണ്ട്രോൾ റൂം നമ്പറായ 112-ൽ അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി. വിഷയത്തിൽ ബന്ധപ്പെടാനാകുന്ന മറ്റ് നമ്പറുകൾ: 9946923282, 9495578999

ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു.