കൊല്ലം: ഓയൂരിൽ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ ആറുവയസ്സുകാരി അബിഗേൽ സാറാ റജിയെ മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി നിർണായക വിവരം. ഇക്കഴിഞ്ഞ നവംബർ 24-ാം തീയതിയും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാറിലെത്തിയ സംഘം ശ്രമിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.

മലപ്പുറം രജിസ്ട്രേഷനിലുള്ള കാറാണ് അന്ന് സംഘം ഉപയോഗിച്ചത്. എന്നാൽ, കുട്ടിയുടെ ഒപ്പം മുത്തശ്ശി ഉണ്ടായിരുന്നതിനാൽ പദ്ധതി ഉപേക്ഷിച്ച് സംഘം മടങ്ങുക ആയിരുന്നു. നിരവധി ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമായത്. ഒരു കാർ തങ്ങളെ പിന്തുടരുന്നതായി മൂത്ത കുട്ടിയും മാതാപിതാക്കളോട് മുൻപ് പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അബിഗേലിനെതന്നെ തട്ടിക്കൊണ്ടുപോകണമെന്ന ലക്ഷ്യത്തോടെ സംഘം പ്രവർത്തിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. കുട്ടിയുടെ കുടുംബത്തിലെ ഏതെങ്കിലും വ്യക്തിയോടുള്ള വൈരാഗ്യമാകാം ഇതിന് പിന്നിലെന്നും സൂചനകളുണ്ട്. അതേസമയം ആരേയും സംശയമില്ലെന്നാണ് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകിയത്.

ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു.

കാർ കാണുമ്പോൾ അബിഗേൽ പേടിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ കാർ കുറേദിവസമായി പ്രദേശത്തു കണ്ടിരുന്നതായി ജോനാഥൻ വീട്ടിൽ പറഞ്ഞിരുന്നു. മകളെ സൂക്ഷിക്കണേയെന്ന് അമ്മ സിജി ഉപദേശവും നൽകി. പിന്നീട് കാർ കാണുമ്പോഴൊക്കെ അബിഗേൽ സാറ പേടിച്ചു പുറകോട്ടുമാറുമായിരുന്നു.