കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്. അതിന് അപ്പുറം കുട്ടിയെ കുറിച്ചുള്ള ഒരു തുമ്പും പൊലീസിന് കിട്ടിയില്ല. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പൊലീസ് രേഖാ ചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രത്തിലുള്ള ആൾക്കൊപ്പം വന്ന സ്ത്രീയാണ്, കാണാതായ പെൺകുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പാരിപ്പള്ളിക്കു സമീപം കുളമട കിഴക്കനേല എൽ.പി.എസിന് അടുത്തുള്ള കടയിൽ വന്ന സ്ത്രീയും പുരുഷനുമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസ് കൺട്രോൾ റൂം നമ്പറായ 112-ൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. 9946923282, 9495578999 എന്നീ നമ്പറുകളിലും ബന്ധപ്പെടാകുന്നതാണ്. രേഖാ ചിത്രവുമായി ബന്ധമുള്ള ആളിനെ കുറിച്ചുള്ള വിവരവും അതിവേഗം അറിയിക്കണം. ഇത് അന്വേഷണത്തിൽ അതിനിർണ്ണായകമാണ്. എത്രയും വേഗം തട്ടിയെടുത്തവരെ കണ്ടെത്തിയാൽ മാത്രമേ കുട്ടിയെ മോചിപ്പിക്കാനാകൂ. ഓരോ നിമിഷവും വിലപ്പെട്ടതാണ്. കേരളമാകെ ആ കുട്ടിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലും അന്വേഷണത്തിലുമാണ്.

ചിത്രത്തിലുള്ള ആൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെയും മറ്റൊരു പുരുഷന്റെയും മുഖം വ്യക്തമായിരുന്നില്ലെന്ന് കടയുടമയും നാട്ടുകാരനായ ഒരാളും പൊലീസിന് മൊഴി നൽകിയിരുന്നു. കടയിൽ എത്തിയ പുരുഷനെ കണ്ടാൽ തിരിച്ചറിയുമെന്ന് കടയുടമയായ സ്ത്രീ നേരത്തെ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. അതേസമയം, കടയിൽ എത്തിയ ഓട്ടോയിൽ മൂന്നു പേരുണ്ടായിരുന്നെന്ന് പ്രദേശത്തുണ്ടായിരുന്ന സതീശൻ എന്നയാൾ പറഞ്ഞു. സ്തീ ധരിച്ചത് വെള്ള പുള്ളികളുള്ള പച്ച ചുരിദാറാണ്. പുരുഷൻ ബ്രാൺ ഷർട്ടും കാക്കി പാന്റുമായിരുന്നു. ഡ്രൈവർ സീറ്റിലുണ്ടായിരുന്നയാൾ കമിഴ്ന്നിരിക്കുകയായിരുന്നു. ഏകദേശം പത്തുമിനിറ്റോളം ഓട്ടോ സ്ഥലത്തുണ്ടായിരുന്നു. സമീപപ്രദേശത്തുള്ള ഓട്ടോയല്ലായിരുന്നു അതെന്ന് സതീശൻ പറഞ്ഞു.

ഇതിനൊപ്പമാണ് സ്ത്രീയുടെ മൊഴി എത്തിയത്. ''ഏഴര മണിയോടെ കട അടയ്ക്കാൻ നേരത്താണ് ഒരു പുരുഷനും സ്ത്രീയും എത്തിയത്. ഫോൺ എടുത്തിട്ടില്ല, എന്തൊക്കെ സാധനങ്ങൾ വേണമെന്ന് ചോദിക്കട്ടെയെന്ന് പറഞ്ഞാണ് സ്ത്രീ മൊബൈൽ ചോദിച്ചത്. അവർ ഫോൺ വിളിച്ച് കൊണ്ട് അൽപ്പം ദൂരം മാറി നിന്നു. ഈ സമയത്ത് പുരുഷൻ ബിസ്‌ക്കറ്റ്, റെസ്‌ക്ക്, തേങ്ങ എന്നിവ വാങ്ങി. സാധനങ്ങൾ പൊതിഞ്ഞ് കൊണ്ടിരിക്കുമ്പോഴേക്കും സ്ത്രീ ഫോൺ തിരിച്ചു തന്നു. പുരുഷൻ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. യുവതി ഷാൾ ഉപയോഗിച്ച് തല മറച്ചിരുന്നു. പുരുഷന് അത്യാവശ്യം പൊക്കമുള്ള 50 വയസ് തോന്നിക്കുന്ന ഒരാളാണ്. സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കും. കടയുടെ അൽപ്പം മുന്നിലാണ് ഓട്ടോ നിർത്തിയത്. സ്ത്രീയെയും പുരുഷനെയും മാത്രമാണ് കണ്ടത്. മൂന്നാമനെ കണ്ടിട്ടില്ല. ഇരുവരെയും കണ്ടാൽ തിരിച്ചറിയും. ''-ഇതായിരുന്നു വെളിപ്പെടുത്തൽ.

അതിനിടെ ഓയൂരിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 13 മണിക്കൂർ പിന്നിടുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയതായി ദക്ഷിണമേഖലാ ഐ.ജി. സ്പർജൻ കുമാർ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയർ കാറിലാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പാരിപ്പള്ളിയിലെ കടയുടമയുടെ ഭാര്യ ഗിരിജയുടെ ഫോൺ വാങ്ങിയാണ് ഇവർ കുട്ടിയുടെ അമ്മയെ വിളിച്ചിരുന്നത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം ഒരുക്കിയത്. ആസൂത്രിതമായാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് കരുതുന്നത്. ഇതിന് മുമ്പും സമാനമായ രീതിയിൽ കുട്ടിയെ തട്ടിയെടുക്കാൻ ഇക്കൂട്ടർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

പാരിപ്പള്ളി, പള്ളിക്കൽ പ്രദേശങ്ങൾക്ക് പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിർക്കി പ്രദേശങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പള്ളിക്കലിലെ ഉൾപ്രദേശങ്ങളിലും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അന്വേഷണം നടത്തി. ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു.

വിവരം ലഭിച്ചാൽ അറിയിക്കുക: 9946 92 32 82, 9495 57 89 99