ചെന്നൈ: ചികിത്സതേടിയെത്തിയ യുവാവിനെ സ്വവർഗരതിക്കിരയാക്കിയശേഷം കൊന്ന് വെട്ടിനുറുക്കി കുഴിച്ചിട്ടതിന് അറസ്റ്റിലായ വ്യാജവൈദ്യൻ നേരത്തേയും സമാനമായ കൊലപാതകം നടത്തിയതായി പൊലീസ്. തഞ്ചാവൂർ കുംഭകോണം ചോളാപുരം സ്വദേശി കേശവ മൂർത്തി(47)യാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ ചെയ്തത്. പ്രദേശവാസിയായ അശോക് രാജൻ (27) എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കേശവ മൂർത്തിയെ ചോദ്യം ചെയ്തപ്പോഴാണ് സമാനമായ മറ്റൊരു കൊലപാതകത്തിന്റെയും ചുരുളഴിയുന്നത്.

മുഹമ്മദ് അനസ് എന്ന യുവാവിനെയാണ് കാണാതായത്. ഇയാളെയും സമാനമായ രീതിയിൽ കൊന്ന് കുഴിച്ചിട്ടതായി കേശവമൂർത്തി പൊലീസിനു മൊഴിനൽകി. 2021ലാണ്് പ്രദേശവാസിയായ അനസിനെ കാണാതായത്. അനസിന്റെ തിരോധാനത്തിൽ കുറേക്കാലം പൊലീസ് അന്വേഷണം നടത്തിയെങ്കിലും എങ്ങും എത്തിയില്ല. എന്നാൽ രണ്ടു വർഷങ്ങൾക്കിപ്പുറം അശോക് രാജിന്റെ മരണത്തോടെ അനസിന്റെ കൊലപാതവും മറനീക്കി പുറത്തു വരിയായിരുന്നു. 

വ്യാജവൈദ്യനായ ഇയാൾ ചികിത്സയ്‌ക്കെന്ന പേരിൽ എത്തിയ ഇരുവരേയും മയക്കി കിടത്തിയ ശേഷം സ്വവർഗ രതിക്ക് ഇരയാക്കുകയും ശേഷം കൊലപ്പെടുത്തി വെട്ടിനുറുക്കിയ ശേഷം കുഴിച്ചിടുകയും ആിരുന്നു. വെള്ളിയാഴ്ച പൊലീസ് കേശവമൂർത്തിയുടെ വീടിനുപിന്നിലുള്ള സ്ഥലത്ത് കുഴിച്ചപ്പോൾ 25-ലധികം അസ്ഥിക്കഷണം കണ്ടെടുത്തിരുന്നു. ഇവ പരിശോധനയ്ക്കായി തഞ്ചാവൂരിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം അശോക്രാജന്റെ മരണത്തിൽ അന്വേഷണം നടത്തവേ കേശവമൂർത്തിയുടെ വീട്ടുവളപ്പിൽനിന്ന് കണ്ടെടുത്ത താടിയെല്ല് അനസിന്റേതാണെന്ന് ഉറപ്പായെന്ന് പൊലീസ് വ്യക്തമാക്കി. മുഹമ്മദ് അനസിന്റേതെന്നു കരുതുന്ന വെള്ളിമാലയും കേശവമൂർത്തി പൊലീസിനു കൈമാറിയിട്ടുണ്ട്.

അശോക് രാജുമായും മുഹമ്മദ് അനസുമായും താൻ സ്വവർഗരതിയിൽ ഏർപ്പെട്ടതായി കേശവമൂർത്തി മൊഴി നൽകിയിട്ടുണ്ട്. വിവാഹത്തിനു മുന്നോടിയായി ബലഹീനതയ്ക്കു ചികിത്സ തേടിയാണത്രേ ഇരു യുവാക്കളും കേശവമൂർത്തിയെ സമീപിച്ചത്. ഇവർക്ക് താൻ തയ്യാറാക്കിയ ഔഷധങ്ങൾനൽകി അബോധാവസ്ഥയിലാക്കിയാണ് കേശവമൂർത്തി സ്വവർഗരതിയിലേർപ്പെട്ടത്. തുടർന്ന് വെട്ടിനുറുക്കി കുഴിച്ചുമൂടുകയായിരുന്നു.കൊലപ്പെടുത്താനായി ഉപയോഗിച്ച വെട്ടുകത്തികൾ, കട്ടറുകൾ, ബ്ലേഡുകൾ, കത്രിക, കൈയുറകൾ തുടങ്ങിയവയും കണ്ടെടുത്തു.