കൊല്ലം: കൊല്ലം ഓയൂരിൽ നിന്നും കാറിൽ തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ റെജിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത് ഓട്ടോറിക്ഷയിലെന്ന് പൊലീസ് കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലിങ്ക് റോഡിൽ വച്ചാണ് കുട്ടിയുമായി സ്ത്രീ ഓട്ടോയിൽ കയറിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കല്ലമ്പലം ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയെന്നാണ് പൊലീസിന് സംശയം. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഞെക്കാട്ടെ വാടകവീട്ടിൽ പൊലീസ് പരിശോധന നടന്നുവരികയാണ്.

സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് വ്യക്തത വരുത്താനാണ് പൊലീസിന്റെ തീരുമാനം. ഞെക്കാട്ടെ വീട്ടിൽ പൊലീസ് പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കല്ലമ്പലം ഞെക്കാട്ടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഈ വീട്ടിൽ താമസിച്ചുവരുന്ന സ്ത്രീയെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. ചിട്ടിയുൾപ്പെടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നയാളാണ് സ്ത്രീ. ഇതും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.

ഇളം മഞ്ഞ വസ്ത്രം ധരിച്ച സ്ത്രീയാണ് ഓട്ടോറിക്ഷ ഓട്ടം വിളിച്ചതെന്ന് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞു. ഇവർ ആരാണെന്ന് തനിക്ക് അറിയില്ല. കുട്ടിയുടെ തല ഷാൾ കൊണ്ട് മറച്ചിരുന്നു. സ്ത്രീക്ക് ഏകദേശം 35 വയസ് പ്രായം വരുമെന്ന് അഞ്ചാലുംമൂട് സ്വദേശിയായ ഓട്ടോ ഡ്രൈവർ സജീവൻ പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞശേഷം കെ എസ് ആർടിസി സ്റ്റാൻഡിലേക്ക് വരുമ്പോഴാണ് യുവതി കൈകാണിക്കുന്നത്. എവിടെ പോകണമെന്ന് ചോദിച്ചപ്പോൾ ആശ്രാമത്തിലേക്ക് പോകണമെന്ന് പറഞ്ഞു. അശ്വതി ബാറിന് എതിർവശത്ത് ഗ്രൗണ്ടിലേക്ക് കയറാൻ വഴിയുള്ള ഭാഗത്ത് ഇറങ്ങി. ഓട്ടോ ചാർജ് 40 രൂപയാണെന്ന് പറഞ്ഞപ്പോൾ 200 രൂപ നൽകി.

തുടർന്ന് 160 രൂപ തിരികെ നൽകി. കുഞ്ഞിന് നല്ല ക്ഷീണമുണ്ടായിരുന്നു. കുട്ടിക്ക് പനിയായിരിക്കുമെന്നാണ് താൻ കരുതിയത്. സ്ത്രീ തലയിൽ വെള്ള ഷാൾ ഇട്ടിരുന്നു. ഓട്ടോയിൽ വെച്ച് കുട്ടി യാതൊരു പ്രതികരണവും നടത്തിയില്ല. മിണ്ടിയതു പോലുമില്ല. ഇവർ റോഡിൽ വെയിലും കൊണ്ട് നിൽക്കുകയായിരുന്നു. വീട്ടിൽ നിന്നും കുട്ടിയെ കണ്ടുപിടിച്ച കാര്യം വിളിച്ചു പറഞ്ഞപ്പോഴാണ്, താൻ കൊണ്ടുവിട്ടത് ഈ കുട്ടിയാണോ എന്ന് സംശയിച്ചത്.

താൻ തന്നെയാണ് പൊലീസിനോട് വിവരം പറഞ്ഞത്. ആദ്യം മൈതാനത്ത് ആളില്ലാത്ത കമ്പിവേലിയുടെ സമീപത്തു നിർത്താനാണ് ആവശ്യപ്പെട്ടത്. ഇതിലൂടെ എങ്ങനെ പോകുമെന്ന് ചോദിച്ചപ്പോഴാണ്, പിന്നീട് വഴിയുള്ള ഭാഗത്ത് നിർത്താൻ പറഞ്ഞത്. തുടർന്ന് അവർ ഫുട്പാത്ത് വഴി അകത്തേക്ക് കടന്ന് ബെഞ്ച് കിടന്ന ഭാഗത്തേക്ക് പോയി. സ്ത്രീയുടെ മുഖത്ത് യാതൊരു ഭയപ്പാടോ പരിഭ്രമമോ ഉണ്ടായിരുന്നില്ലെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു.

കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിയ വിദ്യാർത്ഥികളാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും കുടുംബം നന്ദി പറഞ്ഞു. 'എല്ലാവരെയും ദൈവം അനു?ഗ്രഹിക്കട്ടെ' എന്നായിരുന്നു അബി?ഗേലിന്റെ സഹോദരൻ ജോനാഥൻ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങൾക്കും രാഷ്ട്രീയപ്രവർത്തകർക്കും പൊലീസ് ഉദ്യോ?ഗസ്ഥർക്കും മതാധികാരികൾക്കും കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും കണ്ണീരോടെയാണ് അമ്മ സിജി നന്ദി പറഞ്ഞത്.

'കേരളത്തിലുള്ളവരുടെയും കേരളത്തിന് പുറത്തുള്ളവരുടെയും പ്രാർത്ഥന ദൈവം കേട്ടു. എന്റെ കുഞ്ഞിനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു. ഒപ്പം നിന്ന എല്ലാവർക്കും നന്ദി. എല്ലാവരോടും നന്ദിയും സ്‌നേഹവും അറിയിക്കുന്നു. ' സിജി പ്രതികരിച്ചു. അതേസമയം, കുട്ടിയെ ഇന്ന് വീട്ടിലേക്കയക്കില്ല. ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്.